ഉടമയെപ്പോലെ ലളിതം സുന്ദരം: രജനികാന്തിന്റെ വീട്ടുവിശേഷങ്ങൾ
Mail This Article
ആമുഖങ്ങൾ ആവശ്യമില്ലാത്ത ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ. താരപദവിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും രജനികാന്തിനെ വേറിട്ടുനിർത്തുന്നത് സാധാരണക്കാരനെ പോലെ എളിമയുള്ള ജീവിതശൈലിയും പെരുമാറ്റവുമാണ്.
അദ്ദേഹത്തിന്റെ വ്യക്തിത്വം പ്രതിഫലിക്കുംവിധമാണ് ചെന്നൈ പോയസ് ഗാർഡനിലുള്ള രജനിയുടെ വീട് ഒരുക്കിയിരിക്കുന്നത്. പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ലാത്ത വീടിന്റെ അകത്തളങ്ങൾ സുന്ദരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. രജനിയുടെ മക്കളായ ഐശ്വര്യയുടെയും സൗന്ദര്യയുടെയും ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീടിന്റെ ദൃശ്യങ്ങൾ കൂടുതലും ആരാധകരിലേക്കെത്തുന്നത്.
ചെന്നൈയിലെ ഏറ്റവും പോഷ് ഏരിയ കൂടിയാണ് പോയസ് ഗാർഡൻ. അതിനാൽ 40 കോടിയിലേറെയാണ് വീടിന്റെ വിലമതിപ്പ്. മുൻമുഖ്യമന്ത്രി ജയലളിതയുടെ വീടും ഇവിടെയായിരുന്നു. പുറത്തുകൂടി പോകുന്നവരെ ആകർഷിക്കുന്നത് മതിലിലുള്ള നെയിംബോർഡാണ്.
കടുംനിറങ്ങൾ ഇല്ലാതെ ശാന്തത നിറയുന്ന തരത്തിലാണ് അകത്തളം രൂപകല്പന ചെയ്തിരിക്കുന്നത്. മാർബിൾ നിലവും ഇളംനിറത്തിലുള്ള ചുവരുകളും അകത്തളങ്ങൾക്ക് വിശാലത തോന്നിപ്പിക്കുന്നു. ക്രിസ്റ്റൽ ഷാൻലിയറുകളും കലാസൃഷ്ടികളും മേൽക്കൂരയിലും ഭിത്തികളിലുമായി ഇടം പിടിച്ചിട്ടുണ്ട്.
അതിഥിമുറിയിൽ താരത്തിനുലഭിച്ച, പത്മവിഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങളും ഫോട്ടോകളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിനായി ഒരു ഷെൽഫ് ക്രമീകരിച്ചിരിക്കുന്നു.
വീടിനു പുറത്ത് വിശാലമായ പുൽത്തകിടിയും ഉദ്യാനവുമുണ്ട്. വീടിന്റെ പിൻഭാഗത്തായി കളിസ്ഥലവും കുടുംബത്തിന് ഒഴിവു നേരങ്ങൾ ആസ്വദിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.
ഈ വീടിനുപുറമെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും രജനികാന്ത് വീടുകൾ സ്വന്തമാക്കിയിട്ടുണ്ട്.