ADVERTISEMENT

ബോളിവുഡ് താരകുടുംബങ്ങളിലെ പിൻതലമുറക്കാരുടെ വാർത്തകൾ എപ്പോഴും മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. കിംഗ് ഖാൻ്റെ മക്കളുടെ വിശേഷങ്ങളും സെയ്ഫ് അലിഖാന്റെ വീട്ടുവിശേഷങ്ങളുമെല്ലാം ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. 

ഇപ്പോൾ അത്തരത്തിൽ വാർത്തകളിൽ ഇടം നേടുന്നത് രൺബീർ കപൂറിൻ്റെയും ആലിയ ഭട്ടിന്റെയും മകൾ രാഹാ കപൂറാണ്. മുംബൈയിലെ ബാന്ദ്രയിൽ നവീകരണങ്ങൾ പൂർത്തിയാകുന്ന കൃഷ്ണരാജ് എന്ന ബംഗ്ലാവിന്റെ ഉടമയാക്കുന്നതോടെ ബോളിവുഡ് താരസന്തതികളുടെ പട്ടികയിൽ ഏറ്റവും സമ്പന്നയായി ഒന്നര വയസ്സുകാരി രാഹ മാറും.

ഒരുവർഷം മുൻപാണ് കൃഷ്ണരാജ് ബംഗ്ലാവിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 250 കോടി വിലമതിപ്പുള്ള ഈ വീട് ഭാവിയിൽ രാഹയ്ക്കുള്ള സമ്മാനമാകും. ബംഗ്ലാവിന് താരദമ്പതികൾ മകളുടെ പേര് നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. 

ഋഷി കപൂറും നീതു കപൂറും 1980 ൽ സ്വന്തമാക്കിയ ബംഗ്ലാവ് രൺബീറിന്റെ പൈതൃക സ്വത്തു കൂടിയാണ്. ഈ ബംഗ്ലാവിനു പുറമെ ബാന്ദ്രയിൽ നാല് ഫ്ലാറ്റുകൾ രൺബീറും ആലിയയും സ്വന്തമാക്കിയിട്ടുണ്ട്. 60 കോടിക്കു മുകളിലാണ് ഇവയുടെ വില.

'വാസ്തു' എന്നുപേരുള്ള വീട്ടിലാണ് നിലവിൽ താരകുടുംബം മകൾക്കൊപ്പം താമസിക്കുന്നത്.  വൈകാതെ അമ്മ നീതു കപൂറിനൊപ്പം കുടുംബം നവീകരിച്ച ബംഗ്ലാവിലേക്ക് താമസം മാറുമെന്നാണ് വാർത്ത.

കപൂർ കുടുംബത്തിലെ രണ്ട് തലമുറക്കാരുടെയും വിവാഹം നടന്നത് കൃഷ്ണരാജ് ബംഗ്ലാവിലാണെന്നതും പ്രത്യേകതയാണ്. രൺബീറിന്റെ വിവാഹശേഷം വീട് നവീകരിക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. എട്ടു നിലകളാണ് നിലവിൽ വീട്ടിലുള്ളത്. വിനോദത്തിനായി ധാരാളം സംവിധാനങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഋഷി കപൂറിന്റെ സ്മരണാർത്ഥം പ്രത്യേക ഇടവും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 

നിർമാണം പൂർത്തിയാകുന്നതോടെ കൃഷ്ണരാജ് ബംഗ്ലാവ്,ഷാറുഖ് ഖാന്റെ മന്നത്തിനെയും ബിഗ് ബിയുടെ ജൽസയെയും കടത്തിവെട്ടി മുംബൈയിലെ ഏറ്റവും വിലമതിപ്പുള്ള വീടുകളിൽ ഒന്നായി മാറും. എന്നാൽ തന്റെ എല്ലാ സമ്പാദ്യത്തിന്റെയും പാതി ഉടമസ്ഥത ഋഷി കപൂർ, നീതു കപൂറിൻ്റെ പേരിലാണ് നൽകിയിരിക്കുന്നത്. അതിനാൽ ബംഗ്ലാവിന്റെ സഹ ഉടമസ്ഥ നീതു കപൂർ തന്നെയായിരിക്കും.  ബാന്ദ്രയിൽ 15 കോടി വിലമതിപ്പുള്ള മറ്റൊരു വീട് നീതു കപൂറിന്റെ ഉടമസ്ഥതയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com