പ്രതിമാസം 9 ലക്ഷം! കരൺ ജോഹറിന്റെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഇമ്രാൻ ഖാനും കാമുകിയും
Mail This Article
ബോളിവുഡിന്റെ ഇഷ്ടകേന്ദ്രമായ മുംബൈയിൽ പുതിയ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാൻഖാനും കാമുകി ലേഖയും. വിവാഹബന്ധം വേർപ്പെടുത്തിയതായും ലേഖയുമായി പ്രണയബന്ധത്തിലാണെന്നും ഇമ്രാൻ തുറന്നുപറഞ്ഞ് ഏതാനും ആഴ്ചകൾക്കിപ്പുറമാണ് ഇരുവരും പുതിയ വീട് വാടകയ്‌ക്കെടുത്തത്. സംവിധായകൻ കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് ബാന്ദ്രയിലാണ് സ്ഥിതി ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരം കടൽകാഴ്ചകൾ കണ്ടാസ്വദിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടക 9 ലക്ഷം രൂപയാണ്.
ഇമ്രാൻ ഖാന്റെ ബന്ധുവും ബോളിവുഡ് സൂപ്പർതാരവുമായ അമീർഖാൻ വാടകയ്ക്കടുത്ത അപ്പാർട്ട്മെന്റിന് സമീപമാണ് ഇമ്രാൻ ഖാൻ്റെ വാടകവീടുമുള്ളത്. എന്നാൽ വീട്ടിലെ സൗകര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പ്രതിമാസ വാടകയും വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ മൂല്യവും കണക്കിലെടുക്കുമ്പോൾ ബോളിവുഡ് താരങ്ങളുടെ ആഡംബര ജീവിതശൈലിക്ക് അനുയോജ്യമായ ഫ്ലാറ്റ് തന്നെയാണ് കരൺ ജോഹർ ഒരുക്കിയിരിക്കുന്നത് എന്നുവേണം അനുമാനിക്കാൻ. അതേസമയം ബാന്ദ്രയിലെ തന്നെ പാലി ഹിൽസിൽ മറ്റൊരു ബംഗ്ലാവ് ഇമ്രാൻ ഖാന് സ്വന്തമായിട്ടുണ്ട്. അവിടെയായിരുന്നു ഇത്രയും കാലം ഇമ്രാൻ താമസിച്ചിരുന്നതും.
ലേഖയുമായ ബന്ധം പരസ്യമാക്കിയതോടെ ഇരുവരും ഒരുമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തതെന്ന് ഇവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുൻ ഭാര്യ അവന്തികയുമായുള്ള ബന്ധം 2019 ൽ വേർപ്പെടുത്തിയെന്നും പിന്നീട് ലോക്ഡൗൺ കാലത്താണ് ലേഖമായുള്ള പ്രണയബന്ധം ആരംഭിച്ചതെന്നുമാണ് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയത്.