ജാൻവി കപൂറിന്റെ വീട്ടിൽ താമസിക്കാം: അവസരം ഒരുക്കി റെന്റൽ സൈറ്റ്
Mail This Article
സെലിബ്രിറ്റികളുടെ വമ്പൻ ബംഗ്ലാവുകൾ നേരിട്ട് കാണാൻ സാധിച്ചെങ്കിലെന്ന് ആഗ്രഹിക്കുന്ന ആരാധകർ ധാരാളമുണ്ടാകും. സെലിബ്രിറ്റി വീടുകളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നതും ഈ കാരണങ്ങൾ കൊണ്ടാണ്. ഇപ്പോൾ ബോളിവുഡ് സുന്ദരി ജാൻവി കപൂറിന്റെ വീടുകാണാൻ മാത്രമല്ല, അവിടെ താമസിക്കാനും ആരാധകർക്ക് അവസരമുണ്ട്.
വർഷങ്ങൾക്കു മുൻപ് ശ്രീദേവി വാങ്ങിയ ചെന്നൈയിലെ വസതി ഇപ്പോൾ ഏതാനും ദിവസത്തേക്ക് വാടകയ്ക്ക് വിട്ടു നൽകുകയാണ് ജാൻവി. ഒരു പ്രമുഖ റെൻ്റൽ സൈറ്റാണ് ആരാധകർക്ക് ഈ സുവർണാവസരം ഒരുക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള 11 സെലിബ്രിറ്റികൾ തങ്ങളുടെ വമ്പൻ ബംഗ്ലാവുകൾ ഒന്നോ രണ്ടോ ദിവസത്തേക്ക് വാടകയ്ക്ക് വിട്ടു നൽകുന്നുണ്ട്. ജാൻവിയുടെ വീടും ഈ പട്ടികയിൽ ഉൾപ്പെടുന്നു. രണ്ട് അതിഥികൾക്ക് സൈറ്റിലൂടെ വീട് വാടകയ്ക്ക് എടുക്കാം.
എന്നാൽ ബംഗ്ലാവ് മുഴുവൻ വിട്ടുകിട്ടുമെന്ന് കരുതിയെങ്കിൽ തെറ്റി. ഒരു കിടപ്പുമുറിയും ബാത്റൂമും മാത്രമാണ് അതിഥികൾക്കായി നീക്കി വച്ചിരിക്കുന്നത്. എങ്കിലും അതിഥികൾക്കായി ഫുൾ ഹോംടൂർ ജാൻവി ഒരുക്കിയിട്ടുണ്ട്. മെയ് 12 ന് ആവശ്യക്കാർക്ക് വീട് ബുക്ക് ചെയ്യാം. എന്നാൽ ഒന്നിലധികം ആവശ്യക്കാർ വരാനുള്ള സാഹചര്യം പരിഗണിച്ച് തന്റെ വീട്ടിൽ താമസിപ്പിക്കേണ്ട അതിഥികളെ ജാൻവി തന്നെയായിരിക്കും തിരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യൻ വിഭവങ്ങളും ജാൻവിയുടെ ഇഷ്ടഭക്ഷണവും യോഗ ചെയ്യാനുള്ള സൗകര്യവും എല്ലാം അതിഥികൾക്കായി ഇവിടെ ഒരുക്കും.
ഇതുകൊണ്ടും തീർന്നില്ല തന്റെ അമ്മ പകർന്നു തന്ന പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ രഹസ്യങ്ങൾ അതിഥികളുമായി ജാൻവി നേരിട്ട് പങ്കുവയ്ക്കും എന്നതാണ് പ്രധാന ആകർഷണം. ചെന്നൈയിൽ തീരപ്രദേശത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വീടാണ് തന്റെ കുട്ടിക്കാലത്തെ ഓർമകളിൽ ഏറ്റവും അധികം നിറഞ്ഞുനിൽക്കുന്നത് എന്ന് താരം പറയുന്നു.
നാലേക്കർ വിസ്തൃതമായ എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിലിരുന്നാൽ കടൽ കാഴ്ചകൾ ആസ്വദിക്കാം. സ്വിമ്മിങ് പൂൾ, വിശാലമായ പുൽത്തകിടി എന്നിവയെല്ലാം ഇവിടെയുണ്ട്. ബോളിവുഡ് താരങ്ങളുടെ ആഡംബര സൗകര്യങ്ങളും വേറിട്ട ജീവിതരീതിയും അനുഭവിച്ചറിയാനുള്ള ഈ അവസരം ആരാധകർ സ്വീകരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.