ADVERTISEMENT

ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിൽ നായകനിരയിലേക്ക് ഉയർന്നുവന്ന്  ജനപ്രീതി നേടിയ താരമാണ് രാജ്കുമാർ റാവു. ഈ നേട്ടങ്ങളുടെ ചുവടുപിടിച്ച് രണ്ടു വർഷങ്ങൾക്കു മുൻപ് ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ മുംബൈയിൽ രാജ്കുമാർ ഒരുവീട് സ്വന്തമാക്കി. ജുഹുവിൽ സ്ഥിതി ചെയ്യുന്ന വീട് ജാൻവി കപൂറിൽ നിന്നുമാണ് താരം വാങ്ങിയത്. കോടികൾ മുടക്കി ഈ വീട് വാങ്ങാൻ തീരുമാനമെടുത്തതിന് പിന്നിൽ ഷാറുഖ് ഖാൻ നൽകിയ ഉപദേശമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജ്കുമാർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കിങ് ഖാന്റെ ഉപദേശത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

വീടുവാങ്ങാൻ ആലോചിച്ചിരുന്ന സമയത്ത് ഷാറുഖുമായുള്ള സംഭാഷണത്തിനിടെയാണ് ഉപദേശം ലഭിച്ചത്. 'സമ്പാദ്യത്തിന് മുകളിൽ വിലമതിപ്പുള്ള വീട് വാങ്ങണം' എന്നതായിരുന്നു ആ ഉപദേശം. കഴിവിനും അൽപം മുകളിൽ വില നൽകി വീട് വാങ്ങിയാൽ അത് നിലനിർത്താനായി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തോന്നുമെന്നും കിങ് ഖാൻ പറഞ്ഞിരുന്നു. അങ്ങനെയാണ് 44 കോടി രൂപയ്ക്ക് രാജ്കുമാർ വീട് സ്വന്തമാക്കിയത്.

rk-rao-home

 3456 ചതുരശ്ര അടിയിൽ മൂന്നുനിലകളിൽ വ്യാപിച്ചുകിടക്കുന്ന വീടാണ് അദ്ദേഹം വാങ്ങിയത്.  'മുംബൈ നഗരത്തിൽ ഒരു വീടുണ്ടാവുക' എന്നത് തന്റെയും ഭാര്യയുടെയും വലിയ അഭിലാഷങ്ങളിൽ ഒന്നായിരുന്നുവെന്നും രാജ്കുമാർ പറയുന്നു. ഇപ്പോൾ സിനിമാ സെറ്റുകളിൽ നിന്നും പാക്കപ്പ് പറഞ്ഞാൽ ഉടൻ വീട്ടിലേക്ക് ഓടിയെത്താനുള്ള തിടുക്കമാണ് മനസ്സിലെന്നും താരം പറയുന്നുണ്ട്.

2020ൽ ജാൻവി കപൂർ 39 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വീടായിരുന്നു ഇത്.  നഗരകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന ബാൽക്കണിയാണ് മറ്റൊരു സവിശേഷത. ഇൻഡോർ പ്ലാന്റുകളും അനുയോജ്യമായ പെയിൻ്റിങ്ങുകളും ഉൾപ്പെടുത്തി മനസ്സിനിഷ്ടപ്പെട്ട വിധത്തിൽ രാജ്കുമാർ വീടിനെ അണിയിച്ചൊരുക്കി.

സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് ഷാറുഖ്, വീട് വാങ്ങാനുള്ള ഉപദേശം രാജ്കുമാറിന് നൽകിയത്. മന്നത്ത് ബംഗ്ലാവ് വാങ്ങിയതോടെ തന്റെ സമ്പാദ്യമെല്ലാം തീർന്നിരുന്നതായി മുൻപ് ഷാറുഖ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻ്റീരിയർ ഡിസൈൻ ചെയ്യാനെത്തിയ വ്യക്തിക്ക് നൽകാനുള്ള ഫീസ് പോലും അധികമാണെന്ന് തോന്നിയതിനാൽ ഗൗരി ഖാൻ തന്നെ പിന്നീട് ഡിസൈനിങ് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ആഗ്രഹിച്ചു സ്വന്തമാക്കിയ ബംഗ്ലാവ് കഠിനാധ്വാനത്തിലൂടെ  നിലനിർത്താനാകും എന്ന ഷാറുഖിന്റെ കാഴ്ചപ്പാട് ശരിയായിരുന്നു എന്ന് പിന്നീടുള്ള വർഷങ്ങളിൽ തെളിയിക്കാനായി.

English Summary:

rajkummar rao said shahrukh khan inspired him to buy janhvi kapoors home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com