പുതിയ തുടക്കം: വിവാഹമോചനശേഷം വീട്ടിൽ പുതിയ നെയിംബോർഡ് സ്ഥാപിച്ച് സാനിയ മിർസ
Mail This Article
ടെന്നീസ് താരം സാനിയ മിർസയും പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വിവാഹബന്ധം വേർപെടുത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അടുത്തിടെ ഷുഹൈബ് വീണ്ടും വിവാഹിതനായി. വിവാഹമോചനശേഷം മകൻ ഇസ്ഹാനൊപ്പം ദുബായിലാണ് സാനിയ മിർസ താമസിക്കുന്നത്. ദുബായിലെ തൻ്റെ വസതിക്ക് സാനിയ ഇപ്പോൾ പുതിയ പേര് നൽകിയിരിക്കുകയാണ്. ഇത് വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങൾ സാനിയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
സാനിയ എന്ന പേരിനൊപ്പം മകൻ ഇസ്ഹാന്റെ പേരും കൂടി ചേർത്താണ് വീടിന്റെ പുതിയ നെയിം പ്ലേറ്റ് തയാറാക്കിയിരിക്കുന്നത്. ലളിതമായ വുഡൻ ഡിസൈനിൽ മനോഹരമായി 'സാനിയ ആൻഡ് ഇസ്ഹാൻ' എന്ന് ആലേഖനം ചെയ്തിരിക്കുന്നത് കാണാം.
രണ്ട് നിലകളാണ് സാനിയയുടെ ദുബായിലെ വില്ലയ്ക്ക് ഉള്ളത്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് സമാധാനം കണ്ടെത്താനുള്ള ഇടമായിരിക്കണം വീട് എന്നതാണ് സാനിയയുടെ കാഴ്ചപ്പാട്. അത് കൃത്യമായി ഈ വീട്ടിൽ പ്രതിഫലിക്കുന്നത് കാണാം. വീട്ടിലെ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
പച്ചപ്പിന് നടുവിലായാണ് വില്ല. ഉള്ളിലും ധാരാളം ഇൻഡോർ പ്ലാന്റുകൾ ഇടം പിടിച്ചിരിക്കുന്നു. ചുറ്റുവട്ടങ്ങളിലെ കാഴ്ച ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ഗ്ലാസ് ജനാലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വീടിനുള്ളിൽ ധാരാളം വെളിച്ചമെത്തിക്കുന്നു.
സന്തോഷവും സമാധാനവും നൽകുന്ന തരത്തിൽ പോസിറ്റിവിറ്റി നിറഞ്ഞ ഒരു പ്രാർഥനാമുറിയും വീടിനുള്ളിലുണ്ട്. 'ഇതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമെന്ന്' സാനിയ വെളിപ്പെടുത്തിയിരുന്നു.
മകനായി ഒരുക്കിയിരിക്കുന്ന പ്രത്യേക മുറിയിൽ ചെറുകസേരകളും ഉയരം കുറഞ്ഞ ബെഡും പല നിറങ്ങളിലുള്ള ഷെൽഫും സ്റ്റഡി ടേബിളുമൊക്കെ കാണാം.
വിശാലമായ സ്വിമ്മിങ് പൂളാണ് വീടിനുപുറത്തെ കാഴ്ച. ഇസ്ഹാന് ഒഴിവു നേരങ്ങൾ ആനന്ദപ്രദമാക്കാനായി മിനി പ്ലേ ഗ്രൗണ്ടും സെറ്റ് ചെയ്തിട്ടുണ്ട്.