ആഡംബരവീട് സ്വന്തമാക്കി 'അനിമൽ' സിനിമാതാരം തൃപ്തി; വില 14 കോടി
Mail This Article
മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്ന ബോളിവുഡ് താരങ്ങളുടെ നീണ്ട നിര അവസാനിക്കുന്നില്ല. സൂപ്പർ താരങ്ങൾ മുതൽ ബോളിവുഡിൽ ചുവട് വയ്ക്കുന്ന പുതുമുഖങ്ങൾവരെ മുംബൈയിലെ സുപ്രധാന മേഖലകളിൽ വീടോ സ്ഥലമോ സ്വന്തമാക്കുന്നുണ്ട്. ആ പട്ടികയിൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന പേരാണ് രൺവീർ കപൂർ നായകനായി എത്തിയ അനിമൽ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ തൃപ്തി ദിമ്രിയുടേത്.
മുംബൈയിലെ ബാന്ദ്രയിൽ കോടികൾ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് തൃപ്തി സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ബാന്ദ്ര വെസ്റ്റ് ഏരിയയിൽ സ്ഥിതിചെയ്യുന്ന വീടിന്റെ വിലമതിപ്പ് 14 കോടി രൂപയാണെന്നാണ് വിവരം. ഷാറുഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങി മുൻനിര താരങ്ങൾ വസിക്കുന്ന കാർട്ടർ റോഡിലാണ് തൃപ്തിയുടെ ആഡംബര ഭവനം. 2226 ചതുരശ്ര അടി വിസ്തൃതമായ സ്ഥലത്ത് 2194 ചതുരശ്ര അടി ബിൽറ്റ് അപ് ഏരിയയോട് കൂടിയാണ് വീട് സ്ഥിതി ചെയ്യുന്നത്.
ജൂൺ മൂന്നിന് വീടിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ പൂർത്തിയായി. മുപ്പതിനായിരം രൂപ രജിസ്ട്രേഷൻ തുകയായും 70 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും തൃപ്തി അടച്ചിട്ടുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
കാർട്ടർ റോഡ്, ബാൻഡ്സ്റ്റാൻഡ്, പാലി ഹിൽ എന്നിവയാണ് ബാന്ദ്ര വെസ്റ്റിലെ സെലിബ്രിറ്റി റസിഡൻഷ്യൽ ഹോട്ട്സ്പോട്ടുകൾ. അമീർ ഖാൻ, രൺവീർ - ആലിയ, സെയ്ഫ് അലി ഖാൻ - കരീന, ജാൻവി കപൂർ തുടങ്ങി ഈ മേഖലയിൽ വസതികളുള്ള ബോളിവുഡ് സൂപ്പർ താരങ്ങളുടെ പട്ടിക നീളും.
വസ്തുവിന്റെ വിലയുടെ കാര്യത്തിലും ബാന്ദ്രാ വെസ്റ്റിലെ റിയൽ എസ്റ്റേറ്റ് വിപണി മുൻനിരയിലാണ്. 50,000 നും 1,50,000 നും ഇടയിലാണ് ബാന്ദ്ര വെസ്റ്റിൽ ഒരു ചതുരശ്ര അടിക്ക് വില മതിപ്പ്. പ്രോപ്പർട്ടിയുടെ കാലപ്പഴക്കം, സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, സമീപത്തെ സൗകര്യങ്ങൾ എന്നിവയെ ആശ്രയിച്ച് വിലയിൽ മാറ്റമുണ്ടാകും.
മുംബൈയിൽ ഉയർന്ന മൂല്യമുള്ള പ്രോപ്പർട്ടി കൈമാറ്റങ്ങളുടെ എണ്ണത്തിൽ അടുത്തകാലങ്ങളിലായി വൻവർധന രേഖപ്പെടുത്തിയിട്ടുണ്ട്.
2023 ഏപ്രിലിൽ 37.8 കോടി രൂപ വില നൽകി 2497 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റ് ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു. അതേമാസം 2493 ചതുരശ്ര അടി വിസ്തൃതിയുള്ള മറ്റൊരു അപ്പാർട്ട്മെന്റ് കജോൾ സ്വന്തമാക്കിയത് 16.5 കോടി രൂപയ്ക്കാണ്. കഴിഞ്ഞ ഒക്ടോബറിൽ ജാൻവി കപൂറും കുടുംബവും 65 കോടി രൂപ മുടക്കി പാലി ഹിൽസിലെ ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റ് വാങ്ങിയിരുന്നു.