ഗൃഹപ്രവേശത്തിന് പറ്റിയ സമയങ്ങൾ ഏതൊക്കെയാണ്?
Mail This Article
മേടം 10 അല്ലെങ്കിൽ മകരം 12 വാസ്തുപുരുഷൻ ഉണരുന്ന സമയമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതു നോക്കിയാണോ അതോ മുഹൂർത്തം നോക്കിയാണോ വീടുപണിയേണ്ടത്?
ഒരർഥത്തിൽ വാസ്തുപുരുഷൻ തന്നെയാണ് ഭൂമി. ഭൂമി എല്ലായ്പോഴും ഉണർന്നിരിക്കുന്നു എന്നു പറയാം. അല്ലാതെ ഇന്ന സമയത്തും കാലത്തും ഉണരും എന്നു പറയാറില്ല. മാത്രമല്ല, വാസ്തുപുരുഷൻ ഉണരുന്ന സമയം നോക്കിയല്ല, മുഹൂർത്ത പദവിയിൽ പറയുന്ന മുഹൂർത്തം നോക്കിയാണ് എല്ലാ ആചാരങ്ങളും ചെയ്യുന്നത്. വാസ്തു പുരുഷൻ ഉണരുന്ന സമയത്തിനല്ല പ്രാധാന്യം. ഉണർന്നിരിക്കുമ്പോൾ നല്ല സമയം എപ്പോഴാണോ ആ സമയത്താണ് കല്ലിടേണ്ടത്.
ഗൃഹപ്രവേശത്തിന് പറ്റിയ സമയങ്ങൾ ഏതൊക്കെയാണ്?
ഉത്രം, ഉത്രാടം, രോഹിണി, ചിത്തിര, രേവതി, അനിഴം, മകയിരം ഈ നാളുകൾ ഗൃഹപ്രവേശത്തിന് ഉത്തമങ്ങളാണ്. അത്തം, അശ്വതി, പൂയം, അവിട്ടം, ചതയം, ചോതി, തിരുവോണം, പുണർതം മധ്യമങ്ങളും ശേഷം ത്യാജങ്ങളുമാണ്. സ്ഥിരരാശികൾ ഉത്തമമാണ്. ഇടവം രാശി അത്യുത്തമം. കർക്കടകം, കന്നി, കുംഭം മാസങ്ങൾ പാടില്ല. ഗൃഹപ്രവേശത്തിന് 4–ാം രാശി ശുഭഗ്രഹഹിതമോ വ്യാഴശുക്രന്മാർ ലഗ്നകേന്ദ്രത്തിൽ നിൽക്കുന്നതോ നല്ലതാണ്. അഷ്ടമശുദ്ധിയും വേണം.
മീനം, മിഥുനം, കന്നി, ധനു മാസങ്ങളിൽ ഗൃഹാരംഭം നടത്താൻ പറ്റുമോ?
അങ്ങനെ പതിവില്ല.
കോൺക്രീറ്റ് വീടിന് കർണസൂത്രം എവിടെ ഇടണം?
നാലു ഖണ്ഡമാക്കി പുര പണിചെയ്യുമ്പോഴാണ് കർണസൂത്രം കണക്കാക്കേണ്ടതു ഒഴിവ് ഇടുകയും ചെയ്യേണ്ടത്. അതായത് കർണസൂത്രം, മൃത്യുസൂത്രം, യമസൂത്രം, ബ്രഹ്മസൂത്രം അങ്ങനെ നാലു സൂത്രങ്ങളുള്ളതിൽ വടക്കുകിഴക്കേ ഖണ്ഡത്തിലും തെക്കുപടിഞ്ഞാറേ ഖണ്ഡത്തിലും പുര പണി ചെയ്താൽ മൃത്യുസൂത്രവും, യമസൂത്രവും, ബ്രഹ്മസൂത്രവും ഗൃഹത്തിൽ തട്ടിവരില്ല. കർണസൂത്രം ഗൃഹത്തിലൂടെ കടന്നു പോകുകയും ചെയ്യും. ആ സന്ദർഭങ്ങളിലാണ് കർണസൂത്രം ഒഴിവ് ഇടേണ്ടത്. എന്നാൽ ഇപ്രകാരം കണക്കാക്കി കർണസൂത്രം ഒഴിവ് ഇടേണ്ടത്, ഗൃഹം നിർമിക്കാനുദ്ദേശിക്കുന്ന വാസ്തുവിനെ നാലാക്കി ഭാഗിച്ച്, അതിൽ ഒരു നാലിലൊന്നിൽ ഗൃഹം വെക്കുവാൻ തക്കവണ്ണം വലുപ്പം ഉണ്ടെങ്കിൽ മാത്രമാണ്.
English Summary- Best time for Housewarming; Vasthu Tips