ADVERTISEMENT

ഏനാത്ത്∙ നാട്ടിൻ പുറങ്ങളിൽ ചക്ക കുറഞ്ഞെങ്കിലും മാങ്ങയിൽ പ്രതീക്ഷ. ഇക്കുറി കാലാവസ്ഥാ വ്യതിയാനം കാരണം ചക്കയുടെ ഉൽപാദനത്തിൽ കുറവുണ്ട്. എന്നാൽ മാവുകളിൽ പൂക്കൾ നിറഞ്ഞു നിൽക്കുന്നു. ചിലതിൽ കണ്ണിമാങ്ങയും നിറഞ്ഞു തുടങ്ങി. മാമ്പൂ കണ്ടു കൊതി വേണ്ട എന്നാണ് പഴമൊഴിയെങ്കിലും മാവുള്ളവർ പ്രതീക്ഷയിലാണ്. മറു നാട്ടിൽ നിന്നെത്തിച്ച് മാങ്ങയുടെ വിൽപന സജീവമാകുമ്പോഴാണ് ഇവിടെ മാവു മുഴുവൻ പൂത്തുലഞ്ഞു നിൽക്കുന്നത്.

30 മുതൽ 60 രുപ വരെ വിലയിലാണ് മറുനാടൻ മാങ്ങയുടെ വിൽപന. ചക്കയെക്കാൾ മാങ്ങയ്ക്കാണ് ആവശ്യക്കാരും. കാലാവസ്ഥയിൽ വന്ന മാറ്റം കാരണം ഇക്കുറി പ്ലാവുകളിൽ കാര്യമായി ചക്കയുണ്ടായില്ല. വഴി വക്കിലും കാര്യമായി ചക്ക വിൽപനയില്ല. സ്വാശ്രയ കർഷക വിപണികളിൽ വലുപ്പമുള്ള ചക്ക ഒന്നിന്  150 രുപ ലേലം ഉറപ്പിച്ചാണ് കച്ചവടം. വരിക്ക ഇനത്തിൽപ്പെട്ട ചക്കയ്ക്കാണ് പ്രിയം കൂടുതൽ. ചക്കയ്ക്ക് വാണിജ്യ പ്രാധാന്യവും അംഗീകരവുമൊക്കെ ലഭിച്ചതോടെ ചക്ക ഉൽപന്ന നിർമാണ കേന്ദ്രങ്ങളും സംസ്കരണ ശാലകളും സജീവമാണ്. എന്നാൽ ഉൽപാദനക്കുറവ് ഇത്തരം കേന്ദ്രങ്ങളുടെ വ്യാപാരത്തെയും ബാധിക്കും.

ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടതോടെ ഉൽപാദന വർധനവും മൂല്യ വർധിത ഉൽപന്ന നിർമാണവും ലക്ഷ്യമിട്ട് പ്രചാരണമുണ്ടായെങ്കിലും സംരക്ഷണ നടപടികളൊന്നുമില്ല. കാര്യമായ വിപണന കേന്ദ്രങ്ങളില്ലാകത്തതിനാൽ ഉൽപാദിപ്പിക്കുന്നതിലധികവും നഷ്ടപ്പെടുകയും ചെയ്യുന്നു. വാഹനങ്ങളിലാക്കി കൂടുതൽ ചക്ക അകലെയുള്ള വിപണികളിലെത്തിക്കുന്നതിനുള്ള ചെലവാണ് കർഷകരെ പിന്നോട്ടു കൊണ്ടു പോകുന്നത്. ഇതോടെ ചക്ക, പ്ലാവിന്റെ ചുവട്ടിൽതന്നെ മൺമറയുകയാണ് പതിവ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com