ADVERTISEMENT

കട്ടപ്പന ∙ വില ഇടിവിനെ തുടർന്ന് വിളവെടുപ്പ് നടത്താതെ ഇഞ്ചി കർഷകർ. പച്ച ഇഞ്ചിക്ക് 60 രൂപയും ചുക്കിന് 230 രൂപയുമാണു നിലവിലെ വില.  തൊഴിലാളിക്കു കൂലി നൽകാൻ പോലുമുള്ള പണം ഇഞ്ചി വിറ്റാൽ കിട്ടാത്തതിനാലാണു പലരും വിളവെടുപ്പിനു മടിക്കുന്നത്. 2018 ഒക്ടോബറിൽ 50 രൂപയുണ്ടായിരുന്ന പച്ച ഇഞ്ചിയുടെ വില 40 രൂപയിലേക്കു താഴ്ന്നശേഷമാണ് ഇപ്പോൾ കുറച്ചെങ്കിലും ഉയർന്നിരിക്കുന്നത്. മുൻവർഷങ്ങളിൽ സീസൺ സമയത്തുപോലും പച്ച ഇഞ്ചിക്കു 30 രൂപയിൽ താഴെയാണു ലഭിച്ചിരുന്നത്. 

 

 

ഏതാനും വർഷം മുൻപ് 250 രൂപ ലഭിച്ചിരുന്ന ചുക്കിന് ഇപ്പോൾ 230 രൂപ മാത്രമാണുള്ളത്. പച്ച ഇഞ്ചിക്ക് 100 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ ഈ കൃഷിയുമായി മുന്നോട്ടു പോകാൻ സാധിക്കൂ എന്നാണു കർഷകർ പറയുന്നത്. മേയ്, ജൂൺ മാസങ്ങളിൽ കൃഷിയിറക്കി ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇഞ്ചി കൃഷിയുടെ വിളവെടുപ്പു നടത്തുന്നത്. വിലയിടിവുമൂലം വിളവെടുപ്പു നടത്താത്തവർ ചപ്പുചവറുകൾ നിരത്തി കനത്ത ചൂടിൽ നിന്നു കൃഷിയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.

 

കുരുമുളക് കയറ്റി അയച്ചു പ്രതിഷേധിക്കും

 

 

കട്ടപ്പന ∙ അനിയന്ത്രിതമായി കുരുമുളക് ഇറക്കുമതി ചെയ്തു കർഷകരെ കടക്കെണിയിലാക്കിയ കേന്ദ്ര വാണിജ്യ കൃഷി മന്ത്രാലയത്തിലേക്കു കുരുമുളക് കയറ്റി അയച്ചു പ്രതിഷേധിക്കാൻ ചെറുകിട കർഷക ഫെഡറേഷൻ തീരുമാനിച്ചു. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം 20നു രാവിലെ 11ന് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ പ്രസിഡന്റ് വൈ.സി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. 

 

31നകം ജില്ലയിലെ എല്ലാ മേഖലകളിൽ നിന്നുമായി 310 കിലോഗ്രാം കുരുമുളക് അയയ്ക്കാനാണു തീരുമാനം. യോഗത്തിൽ രാജേന്ദ്രൻ മാരിയിൽ, ടോമി തെങ്ങുംപള്ളിൽ, കുര്യൻ ചീരംകുന്നേൽ, തങ്കച്ചൻ കുന്നപള്ളിൽ, എ.ജെ.ലാൽ, പി.എ.അഷ്‌റഫ്, കെ.കെ.സത്യദേവൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com