ADVERTISEMENT

ബോവിക്കാനം ∙ റബർ ചതിച്ചപ്പോഴും ജില്ലയിലെ കർഷകരെ നിവർന്നു നിൽക്കാൻ സഹായിച്ചത് കമുക് ഉൾപ്പെടെയുള്ള മറ്റു വിളകളായിരുന്നു. എന്നാൽ ഇപ്പോൾ വിലയിടിവിൽ റബറിനോട് മൽസരിക്കുകയാണ് അടയ്ക്കയും തേങ്ങയും കുരുമുളകും കശുവണ്ടിയുമെല്ലാം. വിലയിടിവിനൊപ്പം ഉൽപാദനവും കുറഞ്ഞതോടെ ഭൂരിഭാഗം വരുന്ന ഇടത്തരം കർഷകരും വായ്പ തിരിച്ചടയ്ക്കാൻ പോലുമാവാതെ പ്രതിസന്ധി നേരിടുകയാണ്. 

 

വർഷങ്ങളായി വിലസ്ഥിരതയിൽ പ്രതീക്ഷ നൽകിയ കശുവണ്ടി പോലും ഇത്തവണ കർഷകരുടെ പ്രതീക്ഷകൾ മുളയിലേ കരിച്ചു. വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ നിൽക്കുമ്പോൾ വാഗ്ദാനങ്ങളോ പ്രഖ്യാപനങ്ങളോ കേൾക്കാനല്ല മെച്ചപ്പെട്ട വില ലഭിക്കാനുള്ള നടപടികളാണ് കർഷകർ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.‌ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രഖ്യാപിച്ച ചെറിയ സഹായങ്ങൾ കൊണ്ടു നികത്താൻ കഴിയുന്നതല്ല കർഷകർ അനുഭവിക്കുന്ന ദുരിതം.

 

അടയ്ക്ക

 

പുതിയ അടക്കയ്ക്ക് 227 രൂപയാണ് വില. 232 രൂപ വരെ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ താഴോട്ടാണ് വിപണി. കഴിഞ്ഞ വർഷം 290 രൂപ വരെ ഉയർന്നിരുന്ന വിലയാണ് മാസങ്ങൾക്കകം കൂപ്പുകുത്തിയത്. മഹാളി ബാധിച്ച് ഉൽപാദനം നാലിലൊന്നായി ചുരുങ്ങിയപ്പോഴാണ് ഇടിത്തീപോലെ വിലയിടിവും പ്രതിസന്ധിയിലാക്കിയത്.

 

‍തേങ്ങ

 

പുല്ലുവില എന്ന പ്രയോഗം തേങ്ങവില എന്നു തിരുത്തിവായിച്ചാലും തെറ്റു പറയാനാകില്ല. ഒരു കിലോ പച്ചത്തേങ്ങയുടെ വില 30 രൂപയായി കുറഞ്ഞു.120 രൂപയുണ്ടായിരുന്ന ഒരു കിലോ കൊ‌പ്രയ്ക്ക് 85 രൂപയുമായി. 45 രൂപയോളം വിലയുണ്ടായിരുന്ന തേങ്ങയാണ് എടുക്കാച്ചരക്കായത്.

 

കശുവണ്ടി

 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കർഷകർക്കു കാശുനേടിക്കൊടുത്ത കശുവണ്ടി ഇപ്പോൾ കാശ് പോയ വണ്ടിയാണ്.ഒരു മാസം മുൻപ് 115 രൂപ വരെയുണ്ടായിരുന്ന ഒരു കിലോ കശുവണ്ടിക്ക് 107 രൂപയാണിപ്പോൾ.102 രൂപ വരെയെത്തിയിരുന്നു.കഴിഞ്ഞ വർഷം ഈ സമയത്ത് 158 രൂപ വരെയുണ്ടായിരുന്ന കശുവണ്ടിയുടെ വിലയാണ് മൂന്നിൽ രണ്ടായി കുറഞ്ഞത്.

 

കുരുമുളക്

 

കറുത്തപൊന്ന് എന്ന ഓമനപ്പേര് മാത്രമേ ഇപ്പോൾ കുരുമുളകിനു ബാക്കിയുള്ളൂ.വിലയുടെ കാര്യമായാൽ ഓരോ ദിവസവും താഴോട്ടാണ്.290 രൂപയാണ് വില.കഴിഞ്ഞ വർഷം ഈ സമയത്ത് 380 രൂപയെങ്കിലും ഉണ്ടായിരുന്നു.750 രൂപയും കടന്ന് മുന്നേറിയ പഴയകാലം ഓർക്കാൻ പോലും കഴിയാതെ കർഷകർ കണ്ണീരൊഴുക്കുകയാണ്

 

റബർ

 

റബറിന്റെ വിലയിടിവ് ഇപ്പോഴും തുടരുകയാണ്.കിലോയ്ക്ക് 125 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. കശുമാവ് വെട്ടി മാറ്റി റബറിനെ വരവേറ്റ കർഷകർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com