ADVERTISEMENT

കാരാട് ∙ പ്രളയത്തിനു പിന്നാലെ കൊടും വരൾച്ച നേരിട്ടതോടെ വാഴയൂരിലെ വാഴക്കർഷകർക്കു നിരാശ. പഞ്ചായത്തിലെ പല തോട്ടങ്ങളിലും വാഴകൾ വെള്ളം കിട്ടാതെ ഉണങ്ങി നശിച്ചു. തുലാമഴ വേണ്ടത്ര കിട്ടാതിരുന്നതും വേനൽ മഴ ചതിച്ചതുമാണ് കർഷകരുടെ സ്വപ്നങ്ങൾക്കു കരിനിഴൽ വീഴ്ത്തിയത്. ജലസേചനം മുടങ്ങി വാഴകൾക്ക് വളർച്ച മുരടിച്ചതിനാൽ ഇത്തവണ കൃഷിക്കാർക്കു കനത്ത നഷ്ടമാണ്. പ്രളയത്തിനു ശേഷം ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയവർ കടക്കെണിയിലാകും എന്ന ഭീതിയിൽ. സാധാരണയായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലഭിക്കാറുള്ള വേനൽ മഴ ഇത്തവണ പെയ്തില്ല. 

 

ഇതിനാൽ കുലച്ച വാഴകൾ വെയിലേറ്റു വാടാൻ തുടങ്ങി. കോട്ടുപ്പാടം, അഴിഞ്ഞിലം, കാടേപ്പാടം, വാഴയൂർ, പുഞ്ചപ്പാടം, പൊന്നേംപാടം, വടക്കുമ്പാടം എന്നിവിടങ്ങളിൽ കൃഷിക്കു തീരെ വെള്ളമില്ല. നനയ്ക്കാൻ മാർഗമില്ലാതെ പ്രയാസപ്പെടുകയാണ് ഇവിടത്തെ കൃഷിക്കാർ.  കുലച്ച വാഴകളിൽ കായ പിടിക്കാത്തതും വലിയ പ്രതിസന്ധിയാണ്. മിക്ക വാഴകളിലും വളരെ ചെറിയ കുലകളാണ്. നല്ല ആരോഗ്യമുള്ള വാഴ കുലച്ചിട്ടും പതിവിലും നീളമുള്ള തണ്ട് വളർന്നു എന്നല്ലാതെ കായ്കൾ വളരുന്നില്ല.

 

ശരാശരി 12 കിലോ തൂക്കം വേണ്ട വാഴക്കുലകൾക്ക് പകുതി പോലും ഭാരമില്ല. ഇതിനാൽ നഷ്ടക്കണക്കു മാത്രമാണ് വാഴയൂരിലെ കൃഷിക്കാർക്കു പറയാനുള്ളത്. പാട്ടത്തുക, വാഴകൾക്ക് താങ്ങ് കൊടുക്കാനുള്ള തൂൺ, വളം എന്നിവയ്ക്കായി ഓരോരുത്തരും ഭീമമായ തുക ചെലവഴിച്ചിട്ടുണ്ട്. വാഴയൂരിൽ ഇത്തവണ 60 ഹെക്ടറിലായി 3 ലക്ഷത്തിൽ ഏറെ വാഴകൾ കൃഷി ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ കാറ്റും മഴയുമായിരുന്നു കർഷകരെ ബാധിച്ചതെങ്കിൽ ഇത്തവണ വരൾച്ചയാണ് ചതിച്ചത്. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്തവർക്കെല്ലാം കണ്ണീരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com