ADVERTISEMENT

മണ്ണിന്റെ മണമുള്ള വിജയഗാഥകളുടെ തുടക്കം ഇന്നു കണ്ണൂരിൽ. കാർഷിക മേഖലയുടെ പ്രതാപകാലത്തേക്കുള്ള മടങ്ങിപ്പോക്ക് ലക്ഷ്യമിട്ട് കുരുമുളക്, കശുവണ്ടി കർഷകർക്കു വേണ്ടി മലയാള മനോരമ സംഘടിപ്പിക്കുന്ന കാർഷിക സെമിനാറും വിവിധ വകുപ്പുകളുടെ പ്രദർശനവും ഇന്നു രാവിലെ 9 മുതൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിൽ നടത്തും. 

 

രാവിലെ 9.30നു മന്ത്രി വി.എസ്.സുനിൽകുമാർ സെമിനാറും പ്രദർശനവും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. മലയാള മനോരമയുടെ കണ്ണൂർ യൂണിറ്റിന്റെ 25ാം വാർഷികത്തോടനുബന്ധിച്ചു വിവിധ മേഖലകളിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വിഷൻ@2025 സെമിനാർ പരമ്പരകളുടെ ഭാഗമായാണു കാർഷിക സെമിനാർ സംഘടിപ്പിക്കുന്നത്. കശുവണ്ടി, കുരുമുളക് കാർഷിക മേഖലയിലെ വിദഗ്ധർ സെമിനാർ നയിക്കും. 

 

കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രതിവിധികൾ കണ്ടത്താനുമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രവേശനം നേരത്തെ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ്. റജിസ്റ്റർ ചെയ്ത കർഷകർ രാവിലെ 9നു സെമിനാർ ഹാളിലെത്തണം.അതേസമയം സെമിനാറിനോടനുബന്ധിച്ചു നടത്തുന്ന സൗജന്യ കാർഷിക പ്രദർശനത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണു പ്രദർശനം.

 

കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും ഉൽപന്നങ്ങൾ വാങ്ങാനും പ്രദർശനത്തിൽ സൗകര്യമുണ്ട്. കർഷക ഗ്രൂപ്പുകൾ നേരിട്ടെത്തിക്കുന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ നേരിട്ടു വാങ്ങാൻ മേളയിൽ അവസരം ലഭിക്കും.

 

സ്പൈസസ് ബോർഡ്, റെയ്ഡ്കോ, അരക്കനട്ട് ആൻഡ് സ്പൈസസ് റിസർച് സെന്റർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് സെന്റർ, മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം, ചെറുതാഴം പെപ്പർ കമ്പനി, കരിമ്പം ഫാം, കാർഷിക വിജ്ഞാന കേന്ദ്രം, ഏഴോം മലബാർ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി,കുറ്റ്യാട്ടൂർ ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി, കൃഷി വകുപ്പിന്റെ റെഡി ടൂ ഈറ്റ് കൂൺ കർഷക സംഘം, മത്സ്യഫെഡ്, കൊട്ടിയൂർ നാളികേര കർഷക ഉത്പാദക സംഘം, ഉളിക്കൽ അഗ്രോ ഫാംസ്, ദിനേശ് ഫുഡ് പ്രൊഡക്ട്സ്, കുടുംബശ്രീ സംഘങ്ങൾ, തേൻ കർഷകർ തുടങ്ങിയവരുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.

 

സെമിനാറിനു നേതൃത്വം നൽകുന്നവർ

 

ഡോ.കെ.നിർമൽ ബാബു (ഡയറക്ടർ)  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് സെന്റർ

 

കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രതാപകാലം തിരികെക്കൊണ്ടുവരാനുള്ള ചർച്ചകൾ നയിക്കുന്നു. സർക്കാരും ഗവേഷണസ്ഥാപനങ്ങളും കർഷകരും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത, കാർഷിക ഉൽപന്നങ്ങൾ മൂല്യവർധന വരുത്തി ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കാനുള്ള മാർഗങ്ങൾ എന്നിവ വ്യക്തമാക്കുന്നു. കാർഷിക മേഖലയിൽ ബാങ്കിങ്, കോർപറേറ്റ് മേഖലകളെ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതികളും വിശദീകരിക്കും.

 

ഡോ.പി.ജയരാജ് പ്രോഗ്രാം കോഓർഡിനേറ്റർ കെവികെ കണ്ണൂർ

 

 

കർഷകരുടെ വരുമാനത്തെ നേരിട്ടു സ്വാധീനിക്കുന്ന കുരുമുളകിന്റെ വില അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, കീടരോഗ ബാധ, വായ്പാ ബാധ്യത എന്ന നാലു ഘടകങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നു. ഇവയെ  അനുകൂലമാക്കി മാറ്റി എങ്ങനെ കൃഷി ലാഭകരമാക്കാമെന്നുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നു.

 

ഡോ.എ.ശോഭന, കാർഷിക സർവകലാശാല ഫലവർഗ ഗവേഷണ കേന്ദ്രം മേധാവി വെള്ളാനിക്കര, തൃശൂർ

 

കാർഷിക സർവകലാശാലയിൽ നടക്കുന്ന വിവിധ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ കശുമാങ്ങ സംസ്കരണത്തെക്കുറിച്ച് ക്ലാസ് നയിക്കും. കശുമാങ്ങയെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന പ്രായോഗിക രീതികളെക്കുറിച്ചു കർഷകർക്കു ബോധവൽക്കരണം നൽകും. കശുമാങ്ങയിൽ നിന്നു സിറപ്പ്, റെഡി ടു സർവ് ഡ്രിങ്ക്, സോഡ, അച്ചാർ തുടങ്ങിയവ എങ്ങനെ നിർമിക്കാം എന്നു കാർഷിക സർവകലാശാലയിൽ കർഷകർക്കു നൽകിവരുന്ന ട്രെയിനിങ്ങിന്റെ വെളിച്ചിത്തിൽ ഡോ.എ.ശോഭന വ്യക്തമാക്കുന്നു.

 

ഡോ. വി.ശ്രീകുമാർ.സ്പൈസസ് ബോർഡ് പബ്ലിക്കേഷൻസ് എഡിറ്റർ എറണാകുളം

 

 

31 വർഷമായി കാർഷിക ലേഖനങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെയും 4500 കർഷകരുമായി അഭിമുഖം നടത്തി കൃഷിയിടങ്ങൾ സന്ദർശിക്കുകയും ചെയ്തിതിന്റെയും അനുവസമ്പത്തുമായാണ് ഡോ. വി.ശ്രീകുമാർ സെമിനാറിനെത്തുന്നത്. കയറ്റുമതി രംഗത്തു കുരുമുളകിന്റെ സാധ്യതകൾ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പണ്ടുകാലത്തു കുരുമുളക് കൃഷിക്കുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളുമുണ്ടാകും.

 

ഡോ.ജലജ മേനോൻ, അസി. പ്രഫസർ, കാഷ്യു  റിസർച് സെന്റർ മാടക്കത്തറ

 

 

ആദായകരമായ കശുമാവ് കൃഷി ലഭിക്കാനുള്ള പദ്ധതികൾ, നല്ല വിളവ് തരുന്ന വിവിധ കശുമാവു ഇനങ്ങൾ, കാർഷിക സർവകലാശാല വികസിപ്പിച്ച വിവിധ ഇനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നു. കേരള കാഷ്യു എന്ന ബ്രാൻഡിങ് ആശയം പരിചയപ്പെടുത്തുന്നു. 

 

ഡോ.പി.എം.അജിത്ത്,അസി.പ്രഫസർ, പന്നിയൂർ പെപ്പർ റിസർച് സെന്റർ‌‌

 

 

കുരുമുളകിലെ ജൈവവൈവിധ്യവും ഇനങ്ങളും പരിചയപ്പെടുത്തുന്നു. അത്യുൽപാദന ശേഷിയുള്ള 19 ഇനം കുരുമുളക് ചെടികളെക്കുറിച്ചും വിശദീകരിക്കും. ഫീൽഡ് ജീൻ ബാങ്കിങ്ങിനെ പരിചയപ്പെടുത്തുന്നതോടൊപ്പം ‘പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റി ആൻഡ് ഫാർമേഴ്സ് റൈറ്റ് ആക്ടിനെക്കുറിച്ചും വിശദീകരണം നൽകും.

 

വി.എസ്.സുനിൽ കുമാർ,കൃഷിമന്ത്രി

 

 

‘‘കുരുമുളക്, കശുവണ്ടി മേഖലകളുടെ ഉന്നമനത്തിനായി മലയാള മനോരമ നടത്തുന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷമുണ്ട്. കൃഷി അറിവുകളുടെ സംഗമത്തിൽ ഉരുത്തിരിയുന്ന ആശയങ്ങൾ കർഷകർക്കു പ്രയോജനപ്രദമാകട്ടെ".

 

ഇവരെക്കൂടാതെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ബാബു ടി.ജോർജ്, ഡെപ്യൂട്ടി ഡയറക്ടർമാരായ എ.സാവിത്രി, എ.കെ.വിജയൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച് സെന്റർ ഡിവിഷൻ ഹെഡ് ഡോ.സന്തോഷ് ഈപ്പൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.ഷീജ എന്നിവരും സെമിനാറിൽ പങ്കെടുക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com