ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ കെട്ടിക്കിടക്കുന്ന നെൽവിത്തു ഹെക്ടറിന് 4000 കിലോ തോതിൽ സംസ്ഥാന വിത്തു വികസന അതോറിറ്റി ഉടൻ സംഭരിക്കും. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു നടന്ന യോഗത്തിലാണു തീരുമാനം.നേരത്തെ ഹെക്ടറിനു 5000 കിലോ നെൽവിത്താണു സംഭരിച്ചിരുന്നത്. ആവശ്യത്തിലേറെ വിത്ത് കൈവശം ഉള്ളതിനാൽ ഹെക്ടറിനു 3000 കിലോ തോതിൽ മാത്രമേ നെൽവിത്തു സംഭരിക്കാനാകൂ എന്ന് സീഡ് അതോറിറ്റി നിലപാടെടുത്തതോടെയാണു സംഭരണം സ്തംഭിച്ചത്.

 

തീരുമാനത്തെ കർഷകർ ചോദ്യം ചെയ്തിരുന്നു. ജില്ലയിൽ ഉൽപാദിപ്പിച്ച ഗുണനിലവാര പരിശോധന കഴിഞ്ഞ 3500 ടൺ നെൽവിത്താണു കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തേക്ക് ആവശ്യമായ നെൽവിത്തിന്റെ 80ശതമാനവും ഉൽപാദിപ്പിക്കുന്നത് പാലക്കാട്ടാണ്. വിത്തു വികസന അതോറിറ്റിയും കർഷകരും തമ്മിൽ ധാരണാപത്രം ഒപ്പിട്ടാണു നെൽവിത്തു കൃഷിയിറക്കുന്നത്.

 

കാർഷികോൽപാദന കമ്മിഷണർ ദേവേന്ദ്രകുമാർ സിങ്, കൃഷി വകുപ്പ് ഡയറക്ടർ പി.കെ. ജയശ്രീ, സീഡ് അതോറിറ്റി ജോയിന്റ് ഡയറക്ടർ ശ്രീലത, ജില്ലാ റജിസ്ട്രേർഡ് നെ‍ൽവിത്ത് ഉൽപാദക ഏകോപന സമിതി പ്രസിഡന്റ് സി. ബാലകൃഷ്ണൻ, സെക്രട്ടറി കെ.എ. വേണുഗോപാൽ, വൈസ് പ്രസിഡന്റ് കെ. ശിവാനന്ദൻ, ട്രഷറർ കെ. സഹദേവൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.  

വിത്ത് നെൽ ഉടൻ നൽകും

 

അടുത്ത വിളയ്ക്കുള്ള നെൽ‌വിത്ത് ഉൽപാദിപ്പിക്കാനാവശ്യമായ വിത്ത് സീഡ് അതോറിറ്റി ഉടൻ കർഷകർക്കു നൽകും. ഏക്കറിനു 32 കിലോ തോതിലാണു വിത്തു നൽകുക.ജില്ലയിലെ നെൽവിത്തു സംഭരണം നിലച്ചതോട നെൽവിത്തു കർഷകർക്കുള്ള വിത്തു വിതരണവും സ്തംഭിച്ചിരുന്നു. കൃഷി മന്ത്രി ഇടപെട്ടാണു പ്രതിസന്ധി പരിഹരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com