sections
MORE

മായാതെ നിൽക്കുമോ റബർ വസന്തം?

kottayam-vinobin-mundakkayam
SHARE

കോട്ടയം ∙ റബർ വില 150 രൂപ കടന്നതോടെ കാർഷിക മേഖല ഉണർന്നു. ഒപ്പം കമ്പോളവും. 

മഴക്കാലം എത്തിയതോടെ സീസൺ തുടങ്ങുകയാണ്. അടുത്ത സീസണിൽ പരമാവധി ഉൽപാദനമാണ് കർഷകരുടെ ലക്ഷ്യം. ചെറുകിട കർഷകർ പലരും കളയെടുപ്പും റെയിൻ ഗാർഡിങ്ങും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. മൂന്നു വർഷത്തിന് ഇടയിൽ ഉണ്ടായ വില വർധന കർഷകർക്ക് പ്രതീക്ഷ നൽകുകയാണ്. 

കർഷകർക്കു സഹായവുമായി പള്ളിക്കത്തോട്ടിൽ ആനിക്കാട് സഹകരണ ബാങ്ക് രംഗത്ത് എത്തി. ബാങ്കിന്റെ നേതൃത്വത്തിൽ റബർ തോട്ടത്തിലെ കാടുവെട്ട്, റെയിൻഗാർഡ് പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി റബർ ടാപ്പിങ് ഡവലപ്മെന്റ് ലോൺ പദ്ധതി  തുടങ്ങി. റെയിൻ ഗാർഡ് വിപണിയും ഉണർവിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30% വർധന റെയിൻ ഗാർഡ് സാധനങ്ങളുടെ വിൽപനയിൽ ഉണ്ടെന്ന് റബർ ഉൽപാദക സംഘങ്ങൾ പറയുന്നു. 

തെളിവുള്ള ദിവസങ്ങളിൽ റെയിൻ ഗാർഡ് പിടിപ്പിക്കാമെന്നാണ് ചെറുകിട കർഷകരുടെ പ്രതീക്ഷ. വൻകിട തോട്ടങ്ങൾ കാലവർഷത്തിനു മുൻപ് തന്നെ റെയിൻ ഗാർഡിങ് പൂർത്തിയാക്കിയിരുന്നു. റബർ ഉൽപാദക സംഘങ്ങൾ ചെറുകിട കർഷകർക്ക് കടമായും റെയിൻ ഗാർഡ് സാധനങ്ങൾ നൽകുന്നുണ്ട്. 

വിപണി ഉണർന്നെങ്കിലും പല വിധ വെല്ലുവിളികൾ കർഷകരെ കാത്തിരിക്കുന്നു.

നീണ്ടുനിൽക്കുമോ വില വർധന ?

റബർ വില വർധന സ്ഥിരമായി നിലനിൽക്കുമോ എന്നതാണു കർഷകരുടെ സംശയം. ഉൽപാദക സംഘത്തിൽനിന്നു കടമെടുത്ത് ഒരുക്കം നടത്തിയാൽ വില ഇടിയുന്നതോടെ വീണ്ടും കടക്കെണിയിലാകുമോ എന്ന ആശങ്കയുമുണ്ട്. 

സാധാരണ ഒരു മരം റെയിൻ ഗാർഡ് ചെയ്യുന്നതിന് 27 രൂപയും സ്ലോട്ടർ മരത്തിന് 45 രൂപയോളവും ചെലവ് വരും. 

ആവർത്തന കൃഷി കൂടി: റബർ ബോർഡ്

കാഞ്ഞിരപ്പള്ളി മേഖലയിൽ ഇത്തവണ ആവർത്തന കൃഷിയിൽ 15% വർധന ഉണ്ടെന്ന് റബർ ബോർഡ് അധികൃതർ. 

ഇത്തവണ 300 ഹെക്ടർ സ്ഥലത്താണ് ആവർത്തന കൃഷി നടക്കുന്നത്. ആവർത്തന കൃഷിക്കും പുതിയ കൃഷിക്കും ഹെക്ടറിന് 25,000 രൂപ റബർ ബോർഡ് നൽകുന്നുണ്ട്. 

2017–18 വരെയുള്ള കാലത്തെ തുക കൊടുത്തതായി റബർ ബോർഡ് പറയുന്നു.

ബാങ്ക് വായ്പയില്ല

റബർ കൃഷിക്കും അനുബന്ധ ജോലികൾക്കും ബാങ്ക് വായ്പയും മറ്റു സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. റബർ ഉൽപാദക സംഘങ്ങൾ സാധനങ്ങൾ മിതമായ നിരക്കിൽ കടമായി നൽകുന്നതും സർക്കാർ വിലസ്ഥിരതാ ഫണ്ടും മാത്രമാണ് റബർ കർഷകർക്കു ലഭിക്കുന്ന ആനുകൂല്യം.

കർഷകർക്ക് മുന്നിൽ വെല്ലുവിളികൾ 

∙ തോട്ടങ്ങൾ തെളിച്ചെടുക്കാൻ സാധിക്കാതെ വരുന്നത് കർഷകർക്ക് ഇരുട്ടടിയായി. 3 വർഷമായി ടാപ്പിങ് നടത്താത്ത റബർ തോട്ടങ്ങളുണ്ട്. ഇവിടെ അടിക്കാട് വെട്ടിത്തെളിക്കുക ശ്രമകരമായ ജോലിയാണ്. 

∙ തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ട്. ടാപ്പർമാരുടെ എണ്ണവും കുറഞ്ഞു തുടങ്ങി. റബർ വെട്ട് ഉപേക്ഷിച്ച ടാപ്പർമാർ ലോട്ടറി കച്ചവടം, പെയിന്റിങ് തുടങ്ങിയ ജോലികളിലേക്കു മാറിയിരുന്നു.

∙ രണ്ടു വർഷത്തിനുള്ളിൽ ഒട്ടേറെ ചെറുകിട റബർ വ്യാപാര കേന്ദ്രങ്ങൾ അടച്ചു പൂട്ടി. 

∙ റബർ വെട്ടിമാറ്റി പലരും കൈതക്കൃഷി തുടങ്ങി. 

റബർ വില 154 രൂപ

ഇന്നലെ കോട്ടയം കമ്പോളത്തിൽ ആർഎസ്എസ് 4ന് 154 രൂപയ്ക്കും 5ന് 149 രൂപയ്ക്കും  ഷീറ്റ് കച്ചവടം നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA