ADVERTISEMENT

കട്ടപ്പന ∙ ഏലയ്ക്ക വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതിനിടെ വർഷങ്ങളായി നിലനിന്നിരുന്ന കാർഡമം റജിസ്ട്രേഷൻ (സിആർ) സംബന്ധിച്ച അനിശ്ചിതത്വവും ഒഴിയുന്നു. 1986ലെ സ്പൈസസ് ബോർഡ് ആക്ട് പ്രകാരം കാർഡമം റജിസ്ട്രേഷനുള്ള കാലാവധി 2017 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെ ദീർഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ 15നാണ് ഉത്തരവ് ഇറങ്ങിയത്.

 

എന്നാൽ അപേക്ഷ സ്വീകരിക്കാൻ ആവശ്യമായ ഫീസ് എത്രയാണെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തത് അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് അപേക്ഷ സ്വീകരിച്ചപ്പോൾ തുച്ഛമായ തുക മാത്രമാണ് ഈടാക്കിയിരുന്നത്. ആ തുക മാത്രം ഈടാക്കിയാണോ ഇനിയും അപേക്ഷ സ്വീകരിക്കേണ്ടത് എന്നതാണ് അവ്യക്തതയ്ക്കു കാരണം.

 

ഫീസ് ഘടന ഉടൻ നിശ്ചയിച്ചേക്കും

 

സ്ഥിരമായ കാർഡമം റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ അപേക്ഷ സ്വീകരിക്കാനുള്ള കാലാവധിയാണ് അടുത്ത മാർച്ച് വരെ ദീർഘിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ലഭിച്ചു. ഫീസ് സംബന്ധിച്ച എത്രയും വേഗം പരിഹരിച്ച് താലൂക്ക് ഓഫിസുകളിലേക്ക് ഉത്തരവ് കൈമാറുമെന്ന് കലക്ടറേറ്റിൽ നിന്ന് അറിയിച്ചു. ഫീസ് ഘടന നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വൈകാതെ ഉണ്ടാകുമെന്ന സൂചനയും ഉണ്ട്.

 

സമയപരിധി നിശ്ചയിച്ചു; കർഷകരുടെ ദുരിതവും തുടങ്ങി

 

സംസ്ഥാനത്തെ ഏലം എസ്റ്റേറ്റുകളുടെ റജിസ്‌ട്രേഷൻ നടത്താനുള്ള സമയപരിധി 1994 ഡിസംബർ 31 വരെയാക്കി നിശ്ചയിച്ചതോടെയാണു കർഷകരുടെ ദുരിതം ആരംഭിച്ചത്. ഇതിനുശേഷം സിആർ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നില്ല. കർഷകരുടെ അപേക്ഷ സ്വീകരിച്ചശേഷം ഒരു വർഷ കാലാവധിയിൽ താൽക്കാലിക റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റാണു നൽകിയിരുന്നത്.

 

ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏലയ്ക്ക നിയമപരമായി വിൽക്കാനും കഴിഞ്ഞിരുന്നെങ്കിലും ഓരോ വർഷവും ഉദ്യോഗസ്ഥർക്കു കൈമടക്കു വാങ്ങാനുള്ള ഉപാധിയായി ഇതു മാറ്റിയെന്ന ആരോപണം ശക്തമായിരുന്നു. അപേക്ഷകരുടെ ബാഹുല്യത്തിന് ഒപ്പം ജില്ലയിൽ ഭൂമിസംബന്ധമായ പ്രശ്‌നങ്ങൾ കൂടി ഉടലെടുത്തതോടെ ഈ രീതിയിലും സർട്ടിഫിക്കറ്റ് ലഭ്യമാകാതെയായി.

 

1994നുശേഷം പട്ടയം ലഭിച്ചവർ ഉൾപ്പെടെ നൂറുകണക്കിനു കർഷകർക്കാണ് സിആർ ലഭിക്കാതായത്. ഇതിനെതിരെ കർഷക സംഘടനകൾ ശക്തമായി പ്രതിഷേധിച്ചതോടെ കാർഡമം റജിസ്ട്രേഷനുള്ള കാലാവധി 8 വർഷമായി നിജപ്പെടുത്തി 2015ൽ സർക്കാർ ഉത്തരവ് ഇറക്കി. ഏത് ചട്ടപ്രകാരമാണ് അപേക്ഷ നൽകേണ്ടതെന്നോ തുടർനടപടി ഏതു രീതിയിലായിരിക്കും സ്വീകരിക്കുകയെന്നോ വ്യക്തമാക്കാതെയുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നിരുന്നു.

 

കാർഡമം റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

 

സ്പൈസസ് ബോർഡിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കൃഷിക്ക് ആനുകൂല്യങ്ങൾ ലഭിക്കാനും ഏലയ്ക്ക നിയമപരമായി വിൽക്കാനും സിആർ റജിസ്ട്രേഷൻ നിർബന്ധമാണ്. സ്ഥിരമായ കാർഡമം റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ നടപടി വേണമെന്ന കർഷകരുടെ ആവശ്യം സാങ്കേതിക കാരണങ്ങൾ നിരത്തിയാണ് ഇതുവരെ ഉദ്യോഗസ്ഥർ തള്ളിയിരുന്നത്. സിആർ ലഭിച്ച ഒരു കർഷകൻ ഭൂമി കൈമാറ്റം ചെയ്യാത്തിടത്തോളം കാലം അതിന്റെ കാലാവധി ലഭ്യമാക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം.

 

എന്നാൽ ഇടയ്ക്കിടെ ഇറങ്ങുന്ന ഉത്തരവുകൾ അനുസരിച്ച് നിശ്ചിത കാലത്തേക്കു മാത്രമായാണ് സിആർ അനുവദിച്ചിരുന്നത്. സ്പൈസസ് ബോർഡ് ആക്ട് പ്രകാരം അധികൃതർ റദ്ദാക്കുന്നതു വരെ കാർഡമം റജിസ്ട്രേഷൻ നിലനിൽക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1994ലെ കേരള കാർഡമം എസ്റ്റേറ്റ് ഓണേഴ്സ് റജിസ്ട്രേഷൻ റൂളിൽ എലം റജിസ്ട്രേഷനുള്ള കാലാവധി നിശ്ചയിച്ചിട്ടുമില്ല. ഇതിനാൽ കാർഡമം റജിസ്ട്രേഷനുള്ള കാലാവധി 8 വർഷമായി നിജപ്പെടുത്തിയ 2015ലെ ഉത്തരവ് പിന്നീടു റദ്ദാക്കി.

 

ഇതിനിടെ കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചു സമ്പാദിച്ച അനുകൂല വിധിയെ തുടർന്ന് കലക്ടർ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. സിആർ സർട്ടിഫിക്കറ്റ് നൽകാനുള്ള സമയ പരിധിയും ഫീസ് ഘടനയും പുനർനിർണയിച്ചുകൊണ്ട് 2016ൽ സർക്കാർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതു ബന്ധപ്പെട്ടു വീണ്ടും ആശയക്കുഴപ്പം ഉണ്ടായി. ഈ ഉത്തരവും റദ്ദാക്കിയ ശേഷമാണ് സ്ഥിരം റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ സ്വീകരിക്കാൻ കാലാവധി ദീർഘിപ്പിച്ചു നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com