ADVERTISEMENT

പുൽപള്ളി ∙ മിഥുനം പാതിയിൽ വിത്തിറക്കി കർക്കിടകം അവസാനത്തോടെ നെല്ല് നട്ട് കയറാമെന്ന കർഷകരുടെ കണക്കുകൂട്ടലുകൾ പിഴച്ചു. ഇക്കൊല്ലം നെൽക്കൃഷി സാധിക്കുമോയെന്ന ആശങ്കയിലാണ് വയനാട്ടിലെ കർഷകർ.  പ്രമുഖ പാടങ്ങളിൽ പുല്ല് പടർന്നു കിടക്കുന്നു. നേരത്തേ ഉഴുതിട്ട പാടങ്ങളിൽ കരിങ്കല്ലിന്റെ ഉറപ്പോടെ മൺകട്ടകൾ നിരന്നുകിടക്കുന്നു. മഴ പെയ്യുമ്പോൾ ഇവ അലിഞ്ഞ് മണ്ണിൽ വെള്ളം സംഭരിക്കുമെന്നതിനാലാണ് പലരും നേരത്തെ പാടം ഉഴുത് മറിച്ചിടുന്നത്. ഇപ്പോൾ പാടത്ത് ഇറങ്ങാനാവാത്ത അവസ്ഥയും. കബനിക്കരയിലെ കൊളവള്ളി, കൃഗന്നൂർ, മരക്കടവ്, വരവൂർ, പെരിക്കല്ലൂർ, ചേകാടി,പാക്കം എന്നിവിടങ്ങളിലായി 800 ഏക്കർ നെൽപാടമുണ്ട്.

 

കബനിയിൽ ജലമുണ്ടെങ്കിലും പാടത്ത് എത്തിക്കാനുള്ള സൗകര്യം പരിമിതമാണ്. മഴ പെ‌യ്യാതെ ജലസേചനം കൊണ്ട് മാത്രം നെൽക്കൃഷി നടത്താനാവില്ലെന്ന് കർഷകർ പറയുന്നു. പരമ്പരാഗത ജലസ്രോതസ്സുകളും വരണ്ടു. വിണ്ടുകീറിയ പാടത്ത് ചെറിയതോതിൽ വെള്ളമൊഴിച്ചിട്ട് കാര്യവുമില്ല. ഈ സമയത്താണ് സാധാരണ ഞാറ് പാകുന്നത്. ഒരുമാസത്തിന് ശേഷം പാടമൊരുക്കി പറിച്ച് നടും. ചിങ്ങം ആദ്യത്തോടെ നടീൽ പൂർത്തീകരിക്കും. ഇത്തവണ ഈ സമയക്രമമെല്ലാം തകിടം മറിഞ്ഞു. പുതുമഴ പെയ്താലുടൻ  കരവയലിൽ ചേനയും മറ്റ് ഹ്രസ്വകാല വിളകളും ഇറക്കുന്ന പതിവുണ്ട്.

 

ചിങ്ങത്തിൽ ഇവ പറിച്ച് മാറ്റി അവിടെയും നെല്ല് നടാറുണ്ട്. എന്നാൽ ഇത്തവണ നട്ട ചേനയും കപ്പയുമെല്ലാം പൊടിമണ്ണിലിരുന്ന് കരിഞ്ഞു. വിത്ത്, കൃഷി ചെലവ് എല്ലാം നഷ്ടം. കർണാടകാതിർത്തി പ്രദേശങ്ങളിൽ തീരെ മഴയില്ല. ഒരുമാസമായിട്ട് നല്ലൊരു മഴ പെയ്തിട്ടില്ല. എല്ലാ കൃഷി പണികളും അവതാളത്തിലായി. ഇക്കൊല്ലം കാർഷിക ഉൽപാദനവും  കുറയുമെന്ന് ഉറപ്പായി. എല്ലാ പണികളും കർഷകർ നിർത്തിവെച്ചു.  മുടക്കാനൊന്നുമില്ലാത്തതാണ് പ്രധാന കാരണം.

 

കാലവർഷ, വരൾച്ചാ കെടുതിയിലുണ്ടായത് കനത്ത നഷ്ടമാണ്. അതിന് പകരം പുതിയ കൃഷിയിറക്കാനും കർഷകർക്കാവുന്നില്ല. വിത്തും തൈകളും വാങ്ങാനും നടാനും കാശില്ല. കരകൃഷിയെല്ലാം സമ്പൂർണ പരാജയത്തിലായതിനാൽ പാടത്ത് എങ്ങനെയെങ്കിലും നെല്ല് നടണമെന്നാഗ്രഹിക്കുന്ന കർഷകർ ഒട്ടേറെ. വീട്ടാവശ്യത്തിനുള്ള നെല്ല് വിളയിക്കാൻ തയ്യാറെടുക്കുന്നവരും കാലാവസ്ഥാ തിരിച്ചടിയിൽ നിരാശരായി. പരമ്പരാഗത കർഷകരും എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com