ADVERTISEMENT

കേരളത്തിലെ ചക്ക സീസണ്‍ തീരുന്നു. നമ്മുടെ സംസ്ഥാനത്ത് ചക്കയുടെ ഉപഭോഗം അടുത്ത കാലത്ത് നല്ല തോതില്‍ വര്‍ധിച്ചു. എങ്കിലും ചക്ക സംസ്കരണം ലാഭകരമാക്കാന്‍ ചകിണി, മടൽ, കുരു എന്നിവ കൂടി മൂല്യവർധന നടത്തിയേ പറ്റുകയുള്ളൂ. വിശേഷിച്ചും ചക്കക്കുരു. നല്ല അളവിൽ പ്രോട്ടീൻ (6.6 ഗ്രാം / 100 ഗ്രാം), ഭക്ഷ്യനാരുകൾ, ഊർജമൂല്യം കുറഞ്ഞ സ്റ്റാർച്ച്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയിട്ടുള്ള ചക്കക്കുരുവിനു മികച്ച സൂക്ഷിപ്പുഗുണവും പാചകഗുണവുമുണ്ട്. അതിനാൽ ഇത് ഉപയോഗിച്ച് ഒട്ടേറെ ഉൽപന്നങ്ങൾ തയാറാക്കാം.

jackseed-powder
ചക്കക്കുരുപ്പൊടി

എന്തെല്ലാം ഉൽപന്നങ്ങൾ

ജാക് കോഫി (Jack coffee), കേക്ക്, പുട്ടു പൊടി, ചപ്പാത്തിപ്പൊടി, ബിസ്കറ്റ്, കുക്കീസ്, ചമ്മന്തിപ്പൊടി, അവലോസുപൊടി, മുറുക്ക്, പക്കാവട, പേട തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങള്‍ ചക്കക്കുരുകൊണ്ട് ഉണ്ടാക്കാം. പാസ്ത, നൂഡിൽസ്, കുർകുറെപോലുള്ളവയുണ്ടാക്കാൻ ഗവേഷണം പുരോഗമിക്കുന്നു. ചക്കക്കുരു ഉൽപന്നങ്ങൾ ഒരുക്കുമ്പോൾ നിശ്ചിത അളവിൽ ധാന്യമാവു കൂടി ചേർക്കുന്നത് ഉൽപന്നത്തിന്റെ സ്വീകാര്യതയും ഗുണവും കൂട്ടും. ഗ്ലൂട്ടൻ (ചിലർക്ക് അലർ ജിയുണ്ടാക്കുന്ന പ്രോട്ടീൻ) രഹിതമായതിനാൽ വിദേശവിപണിയിൽപോലും ചക്കക്കുരു സ്റ്റാർച്ചിന് വിപണിയുണ്ട്.

ചക്കക്കുരുപ്പൊടി നിർമാണം

സ്റ്റാർച്ച് വേർതിരിച്ചെടുക്കുകയാണ് ചക്കക്കുരുപ്പൊടി നിർമാണത്തിന്റെ ആദ്യഘട്ടം. അതിനായി ചക്കക്കുരുവിന്റെ പുറത്തുള്ള പ്ലാസ്റ്റിക് തൊലിയും തുടർന്നുള്ള ചുവന്ന തൊലിയും നീക്കണം. അതിനു ചക്കക്കുരു വെള്ളമൊഴിച്ച് പുഴുങ്ങുക. വെന്തു കുഴയരുത്. തുടർന്ന് വെയിലത്ത് 2–3 മണിക്കൂർ നിരത്തിയിടുക. വെയിലേൽക്കുമ്പോൾ ചക്കക്കുരുവിന്റെ പ്ലാസ്റ്റിക് തൊലി എളുപ്പത്തിൽ നീക്കാം. തൊലി നീക്കം ചെയ്ത ചക്കക്കുരു വെജിറ്റബിൾ കട്ടിങ് മെഷീന്‍ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ഇത് വെയിലത്ത് 6–8 മണിക്കൂർ (ഡ്രയറിൽ 5–6 മണിക്കൂർ) ഉണക്കിയെടുക്കുക. ഉണങ്ങിക്കഴിയുമ്പോൾ കുരുവിന്റെ തവിട്ടുതൊലിയുടെ മുക്കാൽ ഭാഗവും നീക്കാം. നന്നായി ഉണക്കിയകുരു പ്ലാസ്റ്റിക് ലൈനിങ് ഉള്ള ചാക്കുകളിൽ നിറച്ച് സൂക്ഷിക്കാം. ഉണ്ടാക്കാൻ പോകുന്ന ഉൽപന്നങ്ങൾക്ക് യോജ്യമായ വിധത്തിൽ കുരു പൊടിച്ചെടുക്കണം. കേക്ക്, ബിസ്കറ്റ്, ചപ്പാത്തിപ്പൊടി എന്നിവയ്ക്കു നേർമയായി പൊടിക്കണം. അവലോസു പൊടി, ചമ്മന്തിപ്പൊടി, ദോശ ചട്നി പ്പൊടി എന്നിവയ്ക്ക് തരുതരുപ്പായി പൊടിച്ചാൽ മതി. ജാക് കോഫി ഉണ്ടാക്കാന്‍ അരിഞ്ഞു വെയിലത്തുണക്കിയ ചക്കക്കുരു റോസ്റ്റിങ് യന്ത്രത്തിൽ കാപ്പിക്കുരുപ്പരുവത്തിൽ വറുത്ത് പൾവറൈസറിൽ നേർമയായി പൊടിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com