ADVERTISEMENT

പുൽപള്ളി ∙ കർഷകർക്ക് തെല്ലൊരാശ്വാസമായി ഇഞ്ചിവില വർധന. 60 കിലോയുള്ള ഒരു ചാക്ക് ഇഞ്ചി എച്ച്ഡി കോട്ടയിൽ ഇന്നലെ വിറ്റത് 10,500 രൂപയ്ക്ക്. ലഭ്യത തീരെ കുറഞ്ഞതാണുവില കുത്തനെ ഉയരാൻ കാരണം. 2013 ലാണ് മുൻപ് ഇഞ്ചിവില ഉയർന്നത്. അന്ന് ഒരു ദിവസം മാത്രം 9,500 രൂപ വിലയുണ്ടായി. സീസൺ ആരംഭത്തിൽ 1800 രൂപയായിരുന്നു വില. 2 മാസം മുമ്പ് 5,000 ആയി ഉയർന്നു. പിന്നീട് പടിപടിയായി വിലക്കയറ്റമായി.

 

ഇഞ്ചിക്കായി വാഹനങ്ങൾ കാത്തുകിടക്കുകയാണ്. മൂന്നും നാലും ദിവസങ്ങൾക്കു ശേഷമാണ് ലോഡ് തികയുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഇഞ്ചിക്ക് ഇപ്പോൾ കൃഷിക്കാർ പറയുന്ന വിലയാണ്. ചെന്നൈ ഭാഗത്തേക്കും കേരളത്തിലെ വിവിധ മാർക്കറ്റുകളിലേക്കുമാണു ഇഞ്ചിയെത്തുന്നത്. പഴയ ഇഞ്ചിയോടൊപ്പം ലഭിക്കുന്ന പുതിയ ഇളയിഞ്ചിക്കും 4,750 രൂപ വരെ വില ഉയർന്നു. ഉത്തരേന്ത്യൻ മാർക്കറ്റുകളിൽ  ആവശ്യത്തിന് ഇഞ്ചി എത്തുന്നുമില്ല.

 

കുറഞ്ഞ വിലയ്ക്ക് നേരത്തേ ഇ‍ഞ്ചി വിറ്റ കർഷകർ നിരാശരാണ്. പുതിയ ഇ‍ഞ്ചി വൈകാതെ മാർക്കറ്റിലെത്തും. ഇപ്പോഴത്തെ വില കാര്യമായി കുറയില്ലെന്ന പ്രതീക്ഷയിലാണ് കൃഷിയുള്ളവർ. പ്രതികൂല കാലാവസ്ഥയും രോഗങ്ങളും ഉയർന്ന കൃഷി ചെലവുകളുമെല്ലാം പലരെയും കൃഷിയിൽ നിന്നകറ്റി. ഇഞ്ചിയിലൂടെ കുറെപ്പേർ സാമ്പത്തിക നേട്ടമുണ്ടാക്കിയെങ്കിലും കൃഷി നടത്തി കിടപ്പാടം പോലുമില്ലാതെ കടക്കെണിയിലായവർ അനവധിയാണ്. കഴിഞ്ഞ വർഷം നട്ട ഇഞ്ചിയാണ് ഇപ്പോൾ വിളവെടുക്കുന്നത്.

 

ഇൗ സീസണിലെ വിളവെടുപ്പ് തുടങ്ങിയിട്ടില്ല. പ്രളയം, വരൾച്ച എന്നിവ മൂലം കഴിഞ്ഞ സീസണിലെ ഇഞ്ചി കാര്യമായി പറിക്കാനില്ല. ശിവ്മൊഗ്ഗ, തരീക്കര തുടങ്ങിയ ഇഞ്ചിക്കൃഷി മേഖലകളിൽ ഇക്കൊല്ലം വരൾച്ച കടുത്തതോടെ കൃഷി മോശമാണ്. മൈസൂരു ജില്ലയിലെ എച്ച്ഡി കോട്ട, ഉല്ലള്ളി, മാതാപുരം ഭാഗങ്ങളിലാണ് കാര്യമായി കൃഷിയുള്ളത്. ജലക്ഷാമം മൂലം പലരും നേരത്തേ വിളവെടുത്തു വിൽക്കാൻ നിർബന്ധിതരായി. വളരെകുറച്ചു പേർക്കു മാത്രമാണ് ഇഞ്ചി സൂക്ഷിക്കാനായുള്ളൂ. ജലക്ഷാമം മൂലം ഇത്തവണ വൈകിയാണ് കൃഷിയിറക്കിയത്. അതിനാൽ പുതിയ ഇഞ്ചി വിപണിയിലെത്തിയിട്ടില്ല. വയനാട്ടിൽ കൃഷി തീരെയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com