ADVERTISEMENT

പ്രാദേശികമായി യോജിച്ചതും കാലാനുസൃതവും ഉല്‍പാദനശേഷി കൂടിയതും കീട, രോഗങ്ങൾക്കെതിരെ പ്രതിരോധശേഷിയുള്ളതുമായ വിത്തിനങ്ങള്‍ കൃഷി ചെയ്യണം. ഏക്കറിന് 40 കിലോ വിത്തു മതി.

കുട്ടനാടൻ മണ്ണിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. അതിനാൽ വേര് അഴുകി വിത പിടിക്കാതെ പോകുന്നു. സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയയെ ഉപയോഗിച്ച് വിത്ത് ഉപചരിക്കുന്നത് വിത്തുരുക്കം തടയുകയും രോഗപ്രതിരോധശേഷിയും കായികവളർച്ചയും ത്വരിതപ്പെടുത്തുകയും ചെയ്യും.

മണ്ണറിഞ്ഞ് കൃഷി

പ്രളയാനന്തരം നെൽപ്പാടങ്ങളിൽ എക്കൽ മണ്ണ് ഒലിച്ചെത്തിയതാണ് വിള വർധനയ്ക്ക് ഒരു കാരണം. എന്താണ് എക്കൽ? 0.02 മില്ലിമീറ്ററിനു താഴെയും 0.002 മില്ലിമീറ്ററിനു മുകളിലും വ്യാസമുള്ള മൺതരികളെയാണ് എക്കൽ എന്നു പറയുന്നത്. വലുപ്പത്തിൽ മണലിന്റെയും ചെളിയുടെയും മധ്യേ ആയതുകൊണ്ട് രണ്ടിന്റെയും സ്വഭാവം അൽപാൽപം അതിനുണ്ട്. മണ്ണില്‍ ചെളിയുടെ അംശം കൂടിയാൽ വേരോട്ടം സാധ്യമല്ലാതെ ചെടിവളർച്ച മുരടിക്കും. എക്കൽമണ്ണ് എല്ലാ പാടങ്ങളിലും ഒരേ കനത്തിലല്ല അടിഞ്ഞത്. കൂടാതെ, അവയിലടങ്ങിയ മൂലകത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. വെള്ളപ്പൊക്കം സമ്മാനിക്കുന്ന വളക്കൂറുള്ള എക്കൽനിക്ഷേപങ്ങൾ അടങ്ങിയ ചെളിപ്രദേശങ്ങളാണ് കുട്ടനാടൻ നിലങ്ങൾ. വൈക്കോൽ അഴുകിച്ചേരുന്നതും കുട്ടനാടൻ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നുണ്ട്. പ്രളയജലത്തിൽ കെട്ടിക്കിടന്ന കളകളിൽനിന്നും നെൽചെടിയിൽനിന്നും മണ്ണിനു ജൈവാംശം ലഭിച്ചിരുന്നു. ഇത് ആവര്‍ത്തിക്കുന്നതിന് കൊയ്ത്തിനു ശേഷം വൈക്കോൽ കത്തിക്കാതെ പാടങ്ങളിൽ അഴുകിച്ചേരാൻ അനുവദിക്കുക. എന്നാൽ മുന്‍ കൃഷിയിൽ രോഗങ്ങളോ കീടങ്ങളോ കളകളോ രൂക്ഷമായിരുന്നെങ്കിൽ കൃഷി ഉദ്യോഗസ്ഥരുടെ ഉപദേശം തേടിയ ശേഷം ആവശ്യമെങ്കില്‍ കത്തിക്കാം.

എക്കൽമണ്ണ് എല്ലാ പാടങ്ങളിലും ഒരേ കനത്തിലല്ല അടിഞ്ഞത്. കൂടാതെ, അവയിലടങ്ങിയ മൂലകത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്.

ആവശ്യത്തിന് ജൈവാംശവും ധാതുക്കളും സൂക്ഷ്മജീവികളും അടങ്ങിയ മണ്ണിനേ ആരോഗ്യവും വളക്കൂറും നല്ല വിളവു നല്‍കാനുള്ള കഴിവും കാണുകയുള്ളൂ. ജൈവാംശം 5 ശതമാനമെങ്കിലുമുള്ളതും ധാതു ക്കൾ നല്ല തോതിൽ അടങ്ങിയതുമായ മണ്ണ് വളക്കൂറുള്ളതായിരിക്കും. ജൈവാംശം സൂക്ഷ്മ ജീവികളുടെ ആഹാരവുമാണ്. മികച്ച വിളവിനു മണ്ണ് നന്നായാൽ മാത്രം പോരാ, ചെടിയുടെ ആവശ്യമനുസരിച്ച് സമീകൃത വളപ്രയോഗം നടത്തുകയും വേണം. അതിനായി കൃഷിക്കു മുൻപ് മണ്ണുപരിശോധന നടത്തണം. സസ്യവളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് മണ്ണിന്റെ രാസപ്രതികരണം. ഇതു തിട്ടപ്പെടുത്തുന്നത് മണ്ണിന്റെ അമ്ല-ക്ഷാര സൂചിക നോക്കിയാണ്. കുട്ടനാടൻ മണ്ണ് പൊതുവേ അമ്ലസ്വഭാവമുള്ളതാണ്. അമ്ല-ക്ഷാരനില (പിഎച്ച് മൂല്യം)യിൽ ഉണ്ടാകുന്ന മാറ്റ ങ്ങൾ മൂലകലഭ്യതയെ സാരമായി ബാധിക്കും. പിഎച്ച് 6 നും 7 നും ഇടയ്ക്കു നിൽക്കുമ്പോേഴ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ചെടികൾക്കു നന്നായി വലിച്ചെടുക്കാൻ കഴിയുകയുള്ളൂ. സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിലും പിഎച്ച് സൂചിക നിർണായകമാണ്. വളപ്രയോഗത്തിന്റെ പൂർണമായ ഗുണം ലഭിക്കാൻ മണ്ണിൽ കുമ്മായം ചേർത്ത് അമ്ലത നിശ്ചിത അളവില്‍ ക്രമീകരിക്കേണ്ടതുണ്ട്. പി എച്ച് 5.5 ൽ കുറവാണെങ്കിൽ കുമ്മായവസ്തുക്കൾ രണ്ടുതവണയായി ചേർക്കണം.

അമ്ലത കൂടുമെന്നതുകൊണ്ട് മണ്ണ് ഉണങ്ങാൻ അനുവദിക്കരുത്. ആഴ്ച ഇടവിട്ടു വെള്ളം കയറ്റിയിറക്കി കഴുകുന്നത് അമ്ലത കുറയ്ക്കും. വളവും കുമ്മായവും ചേർക്കുന്നത് ഒരാഴ്ചയെങ്കിലും ഇടവേളയിലാകണം. കുമ്മായം ഇടുന്നതിനു തൊട്ടു മുൻപ് വെള്ളം പാടത്തുനിന്ന് ഇറക്കണം. 24 മണിക്കൂറിനുശേഷം വെള്ളം കയറ്റി കഴുകിയിറക്കി പുതുവെള്ളം കയറ്റണം. പ്രളയജലത്തിൽ മണ്ണ് കഴുകിപ്പോയതിനാൽ അമ്ലത കുറഞ്ഞതും പ്രളയാനന്തര വിളവു വർധനയ്ക്ക് ഒരു കാരണമാണ്.

രണ്ടാം കുമ്മായപ്രയോഗം കഴിഞ്ഞ് കള നീക്കി ഇടപോക്കലും കഴിഞ്ഞ് ഒന്നാം മേൽവളം നൽകാം. അതായത്്, ചിനപ്പ് പൊട്ടുന്ന സമയത്ത് 20 കിലോ യൂറിയയും 10 കിലോ പൊട്ടാഷും ഒരേക്കറിലേക്ക് നൽകാം. ഇതേ തോതിൽ രണ്ടാം മേൽവളം അടിക്കണപ്പരുവത്തിൽ അഥവാ കതിർ നിരക്കുന്ന സമയത്തു നൽകുക. നേർവളങ്ങൾ നൽകുന്നതാണ് എപ്പോഴും ഗുണകരവും ആദായകരവും.

യൂറിയ അഞ്ചിരട്ടി വേപ്പിൻ പിണ്ണാക്കുമായി കലർത്തി നൽകുന്നത് ചെടിക്കു കൂടുതൽ കാലം നൈട്രജൻ ലഭ്യമാകുന്നതിന് സഹായിക്കും. പാടത്തു വിതറുന്നതിനു മുൻപ് യൂറിയ നനവുള്ള മണ്ണുമായി 1:6 അനുപാതത്തില്‍ കലർത്തി 24 മണിക്കൂർ വച്ചതിനുശേഷം നല്‍കുന്നത് യൂറിയയിൽനിന്നുള്ള നൈട്രജൻ നഷ്ടം പരമാവധി കുറയ്ക്കും. വിളകൾക്ക് ആവശ്യമായ ഉപപ്രധാന മൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം, സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, സിങ്ക് എന്നിവയുടെ ലഭ്യത മണ്ണില്‍ പൊതുവേ കുറവാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ ഇവ മണ്ണിൽ ചേർത്തോ പത്രപോഷ ണത്തിലൂടെയോ നൽകുന്നത് വിളവ് വർധിപ്പിക്കും. നമ്മുടെ മിക്ക മണ്ണിലും ഫോസ്ഫറസ് അധികമായി കാണുന്നു. ഇത്തരം മണ്ണിൽ വീണ്ടും ഫോസ്ഫറസ് വളങ്ങൾ കൊടുക്കുന്നത് ഒരു ഗുണവും ചെയ്യില്ല. മാത്രമല്ല, പരിസ്ഥിതിയെയും മറ്റു മൂലകങ്ങളുടെ ലഭ്യതയെയും സാരമായി ബാധിക്കും. ഫോസ്ഫറസ് കൂടിയ മണ്ണിൽ ഒന്നോ രണ്ടോ വിളയ്ക്ക് വളം ഇടാതിരുന്നാലും അതു വിളവിനെ ബാധിക്കില്ല. കൃഷിയിറക്കുന്നതിനു മുൻപ് മണ്ണ് പരിശോധന നിർബന്ധമാക്കുന്നത് മൂലകങ്ങളുടെ സമീകൃത പ്രയോഗം ഉറപ്പാക്കാനും വിളവും ആദായവും വർധിപ്പിക്കാനും സഹായിക്കും.

വളമിടുമ്പോൾ

കുമ്മായപ്രയോഗവും രാസവളപ്രയോഗവും തമ്മിൽ 7- 10 ദിവസംവരെ ഇടവേള. 5- 6 ദിവസത്തിനു ശേഷം മഗ്നീഷ്യം വളങ്ങൾ നൽകുക. സിങ്ക്, ബോറോൺ വളങ്ങൾ ഫോസ്ഫറസ് വളങ്ങൾക്കൊപ്പം കൊടുക്കാതിരിക്കുക.

സൂക്ഷ്മമൂലക വളങ്ങൾ പത്രപോഷണം വഴി നൽകുന്നതാണ് ഏറ്റവും നല്ലത്.

നൈട്രജൻ, പൊട്ടാസ്യം, മഗ്നീഷ്യം വളങ്ങൾ പല തവണകളായി മണ്ണിൽ ചേർക്കുക. അന്നം ബ്രഹ്മ: നെല്ല് അന്നമാണ്. അന്നം ദൈവമാണ്. നെൽകൃഷി ദൈവികമായ പ്രവൃത്തിയുമാണ്.

വിലാസം: പ്രഫസർ &ഹെഡ്, നെല്ല് ഗവേഷണകേന്ദ്രം, മങ്കൊമ്പ്, കേരള കാർഷിക സർവകലാശാല ഫോൺ :9847514726

കീട, രോഗ നിയന്ത്രണത്തിന്

∙ കീടരോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങൾ കൃഷി ചെയ്യുക.
∙ കൃഷിസ്ഥലം കൃത്യമായി പരിശോധിക്കുക.
∙ ആവാസവ്യവസ്ഥ വിശകലനം ചെയ്ത് കാലാവസ്ഥ, ചെടിയുടെ പ്രായം, പാടത്തു കാണുന്ന വിവിധ തരം കീടങ്ങള്‍ എന്നിവ മനസ്സിലാക്കിയ ശേഷം മറ്റു മാർഗങ്ങൾകൊണ്ട് നിയന്ത്രണം സാധ്യമാവുന്നില്ലെന്നു കണ്ടാൽ മാത്രം കൃഷി വിദഗ്ധരുടെ ശുപാർശപ്രകാരം യോജിച്ച രാസകീടനാശിനി പ്രയോഗിക്കുക.
∙ ചെടികൾ തമ്മിൽ അകലം കൃത്യമായി പാലിക്കുക.
∙ നൈട്രജൻ വളങ്ങൾ തവണകളായി ആവശ്യാനുസരണം മാത്രം നൽകുക.
∙ വയലിലെയും വരമ്പിലെയും കളകളെ നശിപ്പിക്കുക.
∙ ജൈവ കുമിൾനാശിനികൾ ഉപയോഗിക്കുക.
∙ കളകൾ നെല്ലിന്റെ വളർച്ചയെയും വിളവിനെയും ഗണ്യമായി ബാധിക്കും. അതിനാൽ നട്ട് ആദ്യത്തെ 45 ദിവസംവരെ പാടത്ത് കളനിയന്ത്രണം അനിവാര്യമാണ്. നിലമൊരുക്കി കുറച്ചു ദിവസം വെറുതെയിടുന്നത് കളകൾ മുളയ്ക്കാൻ കാരണമാകുന്നു. വെള്ളം കയറ്റി മുക്കി ഇവയെ നശിപ്പിച്ചതിനു ശേഷം വിത്തു പാകുക.
∙ അത്യാവശ്യമെങ്കിൽ മാത്രം ശാസ്ത്രീയ ശുപാർശയനുസരിച്ച് രാസനിയന്ത്രണമാർഗങ്ങൾ അവലംബിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com