ADVERTISEMENT
കൊല്ലം ∙ ആശങ്കയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു; ‘ഓണത്തിന് ഒരു മുറം പച്ചക്കറി’യൊരുക്കാൻ കൃഷിയിടങ്ങൾ പൂവണിഞ്ഞു. കടുത്ത വേനലും പിന്നാലെ എത്തിയ പേമാരിയും സൃഷ്ടിച്ച ആശങ്കകൾ മറികടന്നാണു ജില്ലയിൽ കാർഷിക സമൃദ്ധിയുടെ വിളംബരം ഉയരുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നേറ്റം. ബ്ലോക്ക് തലത്തിൽ വിവിധ കൃഷി ഭവനുകളുടെ മേൽനോട്ടത്തിലാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നഗരസഭകളിലും പദ്ധതി ഊർജിതമായി മുന്നേറുകയാണ്.   

ജില്ലയിൽ ഇതിന്റെ ഭാഗമായി വിവിധയിനങ്ങളിലുള്ള 10 ലക്ഷം പച്ചക്കറി തൈകളും 5 ലക്ഷം വിത്തുകളും വിതരണം ചെയ്തിരുന്നതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.കൊല്ലം നഗരത്തിൽ ജില്ലാ ജയിലിലും വിവിധ വീടുകളിലുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിജയകരമായി കൃഷി മുന്നേറുകയാണ്. ജില്ലാ ജയിലിലെ കൃഷിയുടെ ഒന്നാം ഘട്ടം വിളവെടുപ്പ് കഴിഞ്ഞ ദിവസം നടത്തി. ശാസ്താംകോട്ട, ഓച്ചിറ ബ്ലോക്കുകളിൽ ഒഴികെ മറ്റൊരിടത്തും പ്രളയം കാര്യമായ പ്രശ്നം ഉണ്ടാക്കിയിട്ടില്ല. എന്നാൽ ജൂണിൽ മഴ കുറഞ്ഞതും ഈ മാസം അധികമഴ പെയ്തതും പദ്ധതിയെ ആശങ്കയിലാക്കിയിരുന്നു. വീണ്ടും പ്രളയമുണ്ടാകാൻ പോകുന്നുവെന്ന ധാരണ പരന്നതും കർഷകരിൽ ആശങ്കയുണ്ടാക്കി. എന്നാൽ അവയൊക്കെ അതിജീവിച്ചാണ് കൃഷിയിടങ്ങളിലെ അധ്വാനം പൂവണിയുന്നത്.  

സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പു നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 4നു മുഖ്യമന്ത്രി പിണറായി വിജയനാണു നിർവഹിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂളുകൾ വഴി വിദ്യാർഥികൾക്കും സൗജന്യമായി പച്ചക്കറി വിത്ത് വിതരണം ചെയ്തിരുന്നു. സംസ്ഥാനത്ത് ആകെ 65 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ, തൈകൾ, ഗ്രോബാഗ് യൂണിറ്റുകൾ എന്നിവ ഇതിന്റെ ഭാഗമായി കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com