ADVERTISEMENT

കടന്നുപോയ മാസത്തിന്റെ രണ്ടാം പകുതിയിലെ കനത്ത മഴ റബർ ഉൽപാദനത്തെ കാര്യമായി ബാധിച്ചു. മഴയിൽ ഗതാഗത തടസ്സം നേരിട്ടതു മൂലം വിപണിയിൽ കുരുമുളകുവരവ് കുറയുന്നതും കണ്ടു. ഏലത്തിനു വിപണിയിൽ അന്വേഷണങ്ങൾ ഏറി. ലഭ്യതയിലെ ഇടിവു മൂലം ജാതിക്കവിലയിൽ വർധന.

റബർ 

കനത്ത മഴ സംസ്‌ഥാനത്തെ റബർ ഉൽപാദനത്തെ കാര്യമായി ബാധിച്ചെങ്കിലും ലഭ്യതയിലെ കുറവ് വിലകളിൽ പ്രതിഫലിച്ചില്ലെന്നതാണു വാസ്‌തവം. ഈ അവലോകനം തയാറാക്കുമ്പോൾ കൊച്ചിയിൽ ആർഎസ്‌എസ് നാലിന്റെ വില ക്വിന്റലിന് 14,900 രൂപയാണ്. ആർഎസ്‌എസ്–5ന്14,700 രൂപ. അവധിവിലകൾ: ഓഗസ്‌റ്റ് 15,000 രൂപ; സെപ്‌റ്റംബർ14,500 രൂപ.

കേരോൽപന്നങ്ങൾ

കേരോൽപന്നവിലകളിൽ വർധന അനുഭവപ്പെട്ടു. ജൂലൈ നാലാം വാരം ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ വെളിച്ചെണ്ണ (മില്ലിങ്) വില ക്വിന്റലിന് 14,600 രൂപയും തയാർവില13,400 രൂപയുമായിട്ടുണ്ട്. കൊപ്രവില 9,300 രൂപയിലേക്ക് ഉയർന്നു. പിണ്ണാക്ക് എക്‌സ്‌പെല്ലർ 2,100.00; റോട്ടറി 2,900.00. കാങ്കയം, കോയമ്പത്തൂർ, പൊള്ളാച്ചി, തഞ്ചാവൂർ, പഴനി തുടങ്ങിയ വിപണികളിൽ കേരോൽപന്നങ്ങളുടെ വരവു ചുരുങ്ങാനിടയുണ്ട്. തമിഴ്‌നാട്ടിലെ വിളവെടുപ്പിനു വിരാമമായതാണു കാരണം.

കുരുമുളക് 

കൊച്ചിയിൽ കുരുമുളകുവരവിൽ ഇടിവുണ്ടായി. മഴ മൂലം ഉൽപന്നനീക്കത്തിലുണ്ടായ തടസ്സങ്ങളാണു കാരണം. വരവു കുറഞ്ഞതു വിലയിൽ നേരിയ കയറ്റത്തിന് ഇടയാക്കി. ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ഗാർബിൾഡ് ഇനം കുരുമുളകിന്റെ വില ക്വിന്റലിനു 35,500 രൂപ. അൺഗാർബിൾഡ് കുരുമുളകിന്റെ വില 33,500 രൂപ. 

രാജ്യാന്തരവിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ നിരക്ക് ഇപ്പോഴും കൂടിയ നിലവാരത്തിൽത്തന്നെ: ടണ്ണിന് 5375 യുഎസ് ഡോളർ. വിയറ്റ്‌നാമിന്റെ നിരക്ക് 2,200 ഡോളർ മാത്രം. ബ്രസീൽ വില 2,800 ഡോളർ. ശ്രീലങ്കയുടെ നിരക്ക് 3,000 ഡോളറാണെങ്കിൽ ഇന്തൊനീഷ്യ 2,500 ഡോളർ മാത്രമേ വില ചോദിക്കുന്നുള്ളൂ. ബ്രസീലിൽ ഇതു വിളവെടുപ്പുകാലമാണ്.

തേയില 

കൊച്ചിയിൽ ജൂലൈ മൂന്നാം വാരം നടന്ന ലേലത്തിൽ ഇലത്തേയിലവില കിലോയ്ക്ക് മൂന്നു രൂപയും പൊടിത്തേയിലവില രണ്ടു രൂപയും കുറഞ്ഞു. ഇലത്തേയില 2,71,000 കിലോയും പൊടിത്തേയില11,00,000 കിലോയും ലേലവിൽപനയ്‌ക്ക് എത്തുകയുണ്ടായി.

ദക്ഷിണേന്ത്യയിൽനിന്നുള്ള തേയിലയ്‌ക്കു ടീ ബോർഡ് ബെഞ്ച് മാർക്ക് നിരക്കു നിശ്‌ചയിച്ചതു ചെറുകിട കർഷകർക്കു സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യൻ ലേലങ്ങളിൽ ഏറ്റവും കുറഞ്ഞ വില കിലോയ്ക്ക് 60 രൂപയെന്നാണു നിശ്‌ചയിച്ചിട്ടുള്ളത്. ഉത്തരേന്ത്യയിൽ കുറഞ്ഞ നിരക്ക് 90 രൂപയായിരിക്കും.

ഏലം 

ഏലത്തിന് ആഭ്യന്തര, വിദേശവിപണികളിൽനിന്ന് അന്വേഷണങ്ങൾ ഏറിയിട്ടുണ്ട്. വ്യാപാരാന്വേഷണത്തിലെ വർധനയ്‌ക്കൊപ്പം വിലയിലും ഗണ്യമായ വർധനയാണുള്ളത്. ദീപാവലിവരെ ഡിമാൻഡ് ശക്‌തമായിരിക്കുമെന്നാണു പ്രതീക്ഷ.

ജാതിക്ക 

ജാതിക്കയ്‌ക്കും ജാതിപത്രിക്കും വില വർധന. വിളവെടുപ്പ് ഏറക്കുറെ അവസാനിക്കാറായിരിക്കെ വരവു കുറഞ്ഞതാണു വിലവർധനയ്‌ക്കു സഹായകമായത്. കൊച്ചിയിൽ ജാതിക്ക (തൊണ്ടൻ) വില കിലോയ്ക്ക് 200 –230 രൂപ. തൊണ്ടില്ലാതെ 430 –470 രൂപ. ജാതിപത്രി ചുവപ്പ് 1100 രൂപ; മഞ്ഞ1100 രൂപ. ഫ്‌ളവർ മഞ്ഞ ബെസ്‌റ്റ് 2000 രൂപ; മീഡിയം1700 രൂപ, ചുവപ്പ് ബെസ്‌റ്റ് 1900 രൂപ ; മീഡിയം1500 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com