ADVERTISEMENT

കൊക്കോ ക്കായയ്ക്കുള്ളിലെ കുരു ഉണങ്ങുമ്പോൾ അതിനു ചുറ്റുമുള്ള പൾപ് പാഴായിപ്പോവുകയാണെന്നു കൃഷിക്കാർക്കറിയാം. എന്നാൽ ഇനി കുരുവിനൊപ്പം പൾപ്പിനും വില കിട്ടുന്ന കാലം വന്നേക്കാം. ചോക്ലേറ്റ് നിർമാണരംഗത്തെ അതികായന്മാരായ നെസ്‌ലെ കമ്പനിയുടെ കണ്ടുപിടിത്തമാണ് ഇങ്ങനെയൊരു സാധ്യതയ്ക്കു വഴിതെളിച്ചത്. കൊക്കോക്കായയുടെ പൾപ്പിൽനിന്നു മധുരം നൽകുന്ന ഒരു പൊടി അവർ വേർതിരിച്ചു. ഈ കണ്ടെത്തലിനു കമ്പനി പേറ്റൻറും നേടിക്കഴിഞ്ഞു.

ചോക്ലേറ്റ് ഉൽപാദനത്തിനു വ്യത്യസ്ത രീതികൾ പരീക്ഷിക്കുമ്പോൾ യാദൃച്ഛികമായാണ് ഈ കണ്ടെത്തലുണ്ടായതെന്നു കമ്പനി അറിയിച്ചു. കൊക്കോക്കായയ്ക്ക് പരമാവധി ഉപയോഗം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി പൾപ്പിലടങ്ങിയ പഞ്ചസാരയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തി മധുരിമ വർധിപ്പിക്കുകയാണ് ചെയ്തത്.

ചോക്ലേറ്റിൽ സാധാരണ പഞ്ചസാര ചേരുമ്പോൾ ആരോഗ്യമൂല്യം കുറയുന്നുണ്ടെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. നേരിയതോതിലെങ്കിലും മധുരം ചേർ‍ക്കാത്ത ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുമില്ല. ഇനി പഞ്ചസാരയ്ക്കു പകരം പൾപ് പൊടി ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് കമ്പനി. കൂടുതൽ ആരോഗ്യപ്രദവും പ്രകൃതിദത്തവുമായ മധുരമെന്ന നിലയിൽ ഉപഭോക്താക്കളുടെ പ്രിയം നേടാൻ ഇതുവഴി സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഈ വർഷം അവസാനം ജപ്പാനിൽ ഇറങ്ങുന്ന കിറ്റ്കാറ്റിലാവും പൾപ് പഞ്ചസാര ഉപയോഗപ്പെടുത്തുക. കൊക്കോക്കായ് മാത്രം ഉപയോഗപ്പെടുത്തിയുള്ള 70 ശതമാനം ഡാർക് ചോക്ലേറ്റായിരിക്കും ഇത്. സമാനമായ മറ്റ് ചോക്ലേറ്റുകളെ അപേക്ഷിച്ച് ഇതിൽ 40 ശതമാനം പഞ്ചസാര കുറവായിരിക്കും.

അമിതവണ്ണവും പ്രമേഹവും ലോകമെമ്പാടും വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യകരമായ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ നെസ്‍‌ലെ നിർബന്ധിതമായിരുന്നു. പൾപ് പഞ്ചസാര ചേർത്ത തങ്ങളുെട ചോക്ലേറ്റുകൾക്ക് പ്രീമിയം പദവി ലഭിക്കുമെന്നാണ് നെസ്‍ലെ കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com