ADVERTISEMENT

മാവേലിക്കര ∙ വീട്ടുവളപ്പിലെ കുളത്തിൽ നിന്നു പിടിക്കുന്ന മത്സ്യം നേരെ ഐസ് നിറച്ച ബോക്സിലേക്ക്, അവിടെ നിന്ന് അടുക്കളയിലേക്ക്. കൃഷിയിൽ നിന്നുള്ള മത്സ്യങ്ങൾ പഴകാതെ ആവശ്യക്കാർക്ക് എത്തിക്കുന്ന പദ്ധതിയുമായി മത്സ്യകർഷകൻ. മാവേലിക്കര ഉമ്പർനാട് മന്തിയത്ത് പുനരൂർ കെ. നാരായണപിള്ള (66) ആണു മത്സ്യകർഷക കൂട്ടായ്മയായ ഐഎംഎഫ് സൊസൈറ്റിയുടെ സഹകരണത്തോടെ ‘ഫ്രോസൺ ഫിഷ്’ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങുന്നത്.  

 

 ഇതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. സൊസൈറ്റിയിൽ അംഗങ്ങളായവർ നടത്തുന്ന മത്സ്യകൃഷി വിളവ് പ്രാദേശികമായി വിൽപന നടത്തിയിട്ടും തീരാത്ത സാഹചര്യത്തിലാണു പുതിയ പദ്ധതിക്കു ലക്ഷ്യമിടുന്നത്. 38 വർഷം പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ വെറുതേ ഇരിക്കാതെ നാരായണപിള്ള മണ്ണിലേക്കിറങ്ങി. ഒരേക്കറോളം പുരയിടത്തിൽ മരച്ചീനി കൃഷിയായിരുന്നു തുടക്കം. നഷ്ടങ്ങളുടെ കണക്കുകൾ മാത്രമായിരുന്നു ആദ്യം. മനസ്സ് തളരാതെ തെക്കേക്കര കൃഷിഭവന്റെ പിന്തുണയോടെ കൃഷി തുടർന്നു.  

 

 തുടർന്ന്, കോഴി വളർത്തൽ, വെച്ചൂർ പശു പരിപാലനം, മട്ടുപ്പാവിൽ പച്ചക്കറിക്കൃഷി എന്നിവയിലേക്കു തിരിഞ്ഞു. പിന്നീടാണ് മത്സ്യക്കൃഷിയിലേക്കു കടക്കുന്നത്. ടാങ്ക് നിർമിച്ചു മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നിക്ഷേപിച്ചു. ആദ്യം എല്ലാം ചത്തു പോയി. അനുഭവപാഠവുമായി 11 സെന്റ് സ്ഥലത്തു പുതിയ കുളം നിർമിച്ചു വീണ്ടും മത്സ്യകൃഷി തുടങ്ങി.  മത്സ്യകൃഷിയിലെ വിജയമാണു സൊസൈറ്റിയുമായി സഹകരിച്ചു ഫ്രോസൺ ഫിഷ് പദ്ധതിയിലേക്ക് ഇറങ്ങാൻ പ്രേരകമായത്.  

 

 ഓലകെട്ടിയമ്പലം നന്മ ഫാർമേഴ്സ് ക്ലബ്ബിൽ സജീവ പ്രവർത്തകനായ നാരായണപിള്ളയ്ക്കു 2015ൽ തെക്കേക്കര പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരവും മാവേലിക്കര അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പിന്തുണയുമായി ഭാര്യ ചന്ദ്രികയുമുണ്ട്. നടി ദിവ്യപിള്ള, പൂജ എന്നിവർ മക്കളാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com