ADVERTISEMENT

കൂവോട് ∙ കക്കിരിയും കയ്പയും വെള്ളരിയും മത്തനും വെണ്ടയും പയറും താലോലിയും പച്ചമുളകുമെല്ലാം വിളഞ്ഞു നിൽക്കുന്ന കുന്നിൻചെരിവ്.. കീഴാറ്റൂർ പച്ചക്കറി ക്ലസ്റ്ററിലെ കർഷകരാണു ചാണകവും പച്ചിലയും കുമ്മായവും ഉൾപ്പെടെയുള്ള ജൈവ രീതികളിലൂടെ മണ്ണിൽ പൊന്നുവിളയിക്കുന്നത്. 

 

വിത്തിടേണ്ട സമയത്തു വെയിലും പൂവിടുന്ന കാലത്തു മഴയും വല്ലാതെ വലച്ചിട്ടും തളരാതെ അധ്വാനിക്കുകയാണ് ഇവർ. ഓണവിപണി ലക്ഷ്യമിട്ടു നട്ട പച്ചക്കറികളെല്ലാം കായപിടിച്ചു തുടങ്ങി. കനത്ത മഴ മണ്ണിലെ പോഷകങ്ങളെ കുത്തിയൊഴുക്കി കൊണ്ടുപോയതിന്റെ ക്ഷീണം ചെടികൾക്കുണ്ട്. വിളവ് അൽപം കുറവെങ്കിലും നാട്ടുകാർക്കു വിഷരഹിത പച്ചക്കറികൾകൊണ്ട് ഓണമുണ്ണാനുള്ള വകയെല്ലാം ഇവിടെ വളരുന്നുണ്ട്. 

 

 

 സ്വന്തം പറമ്പിനു പുറമേ പാട്ടത്തിനു ഭൂമിയെടുത്തു കൃഷി ചെയ്യുന്നവരും ഒട്ടേറെയുണ്ട് ഇവിടെ. പൊന്നുംവിള വിപണ മേളയിൽ പച്ചക്കറികൾക്കു മികച്ച വില കിട്ടിയത് ഏറെ ആശ്വാസമായെന്ന് ഇവർ പറയുന്നു. മൂന്നേക്കറോളം സ്ഥലത്തു നട്ട കയ്പ വാടിത്തുടങ്ങിയതിന്റെ വാട്ടമുണ്ട് കണിശൻ വളപ്പിൽ ശ്രീദേവിയുടെയും ഭർത്താവ് കെ.വി.കുഞ്ഞിരാമന്റെയും മുഖത്ത്. മഴയും വെയിലും കായീച്ചയുമെല്ലാം വില്ലന്മാരായി. 

 

 

 വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്ന വേണിയിൽ രജീഷും അമ്മ ജാനകിയും സഹോദരി ശ്രീധരിയുമെല്ലാം അതിരാവിലെ മുതൽ വൈകിട്ടുവരെ തോട്ടത്തിലുണ്ടാവും. അമ്മയും സഹോദരിയും വീട്ടിലേക്കു മടങ്ങിയാലും രജീഷ് രാവേറുവോളം കാവലാണ്.  

 

 

 കാട്ടുപന്നിയും മയിലും ഉൾപ്പെടെ പലതും വിളനശിപ്പിക്കാൻ എത്തുന്നതാണ് ഇവരുടെ ഉറക്കംകെടുത്തുന്നത്. പകൽ പക്ഷികളുടെ ശല്യവും രൂക്ഷമായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് എത്തിച്ച റിഫ്ലക്ടർ റിബൺ ചുറ്റും കെട്ടിയശേഷം പക്ഷിശല്യം കുറഞ്ഞുവെന്നു തളിപ്പറമ്പ് കൃഷി ഓഫിസർ കെ.സപ്ന പറഞ്ഞു. 

 

 

 കീഴാറ്റൂർ ക്ലസ്റ്ററിനു കീഴിൽ 5 ഹെക്ടറും കർഷകർ സ്വന്തം നിലയിൽ പലയിടത്തായി കൃഷി ചെയ്യുന്ന 5 ഹെക്ടറിലേറെയും ഉൾപ്പെടെ 10 ഹെക്ടറിലേറെ സ്ഥലത്താണു തളിപ്പറമ്പ് കൃഷിഭവൻ പരിധിയിൽ പച്ചക്കറികൾ വിളയുന്നത്. ആവശ്യങ്ങളറിഞ്ഞ് ഓടിയെത്തുന്ന കൃഷി അസിസ്റ്റന്റുമാരായ കെ.സജീവനും കെ.ജയരാജനും കർഷകർക്ക് അനുഗ്രഹമാണ്. ഗോപാലൻ സെക്രട്ടറിയും ടി.പി.ഭാർഗവി സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് കീഴാറ്റൂർ പച്ചക്കറി ക്ലസ്റ്ററിന്റെ അമരത്ത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com