sections
MORE

ആഹ്ലാദത്തേരിൽ ശീതകാല പച്ചക്കറി കർഷകർ

idukki news
1.വട്ടവടയിൽ വെളുത്തുള്ളി വിളവെടുക്കുന്ന കർഷകർ., 2. വട്ടവടയിൽ വിളവെടുത്ത വെളുത്തുള്ളി ജലാംശം വറ്റുന്നതിന് കൃഷിയിടത്തിൽ കൂട്ടി വച്ചിരിക്കുന്നു
SHARE

മൂന്നാർ ∙ നല്ല വിളവും വിലയും ലഭിച്ചു തുടങ്ങിയതോടെ വിളവെടുപ്പിന്റെ ആഹ്ലാദത്തിൽ വട്ടവടയിലെ ശീതകാല പച്ചക്കറി കർഷകർ. ഓണ സീസണിലേക്കുള്ള  വിളവെടുപ്പ് ഉദ്ഘാടനം വട്ടവട പഴത്തോട്ടത്ത് എസ്.രാജേന്ദ്രൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്തിന്റേയും തൊഴിലുറപ്പ് പദ്ധതിയുടേയും സഹകരണത്തോടെ കൃഷി വകുപ്പ് പഞ്ചായത്തിലെ 12 കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി പഴത്തോട്ടത്ത് രണ്ടര ഏക്കറിൽ ഇറക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഓണ വിപണി ലക്ഷ്യമിട്ട് സംസ്ഥാന ഹോർട്ടി കോർപ് പച്ചക്കറി സംഭരണത്തിന് രംഗത്തുണ്ട്. ഇടനിലക്കാർ നൽകുന്നതിലും കൂടിയ വിലയ്ക്കാണ് ഇവർ കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ സംഭരിക്കുന്നത്.  

എന്നാൽ ഹോർട്ടി കോർപ് വാങ്ങുന്ന സാധനങ്ങളുടെ വില കിട്ടാൻ കാലതാമസം നേരിടുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ 25 ടൺ വരെ പച്ചക്കറികൾ ഇപ്പോൾ ഹോർട്ടികോർപ് ശേഖരിച്ച് സംസ്ഥാനത്ത് വിപണികളിൽ എത്തിക്കുന്നു. ഓണം പ്രമാണിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ശേഖരിക്കും. സംഭരണത്തിന് സർക്കാർ ഏജൻസികൾ രംഗത്ത് ഉണ്ടെങ്കിലും ഇടനിലക്കാർ ആണ് കൂടുതൽ ഉൽപന്നങ്ങൾ വാങ്ങുന്നത്. വില കുറവാണ് എങ്കിലും തുക ഉടൻ നൽകും എന്നതാണ് കർഷകർ ഇവർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാൻ കാരണം. 

ദിവസേന ശരാശരി 25 മുതൽ 30 ടൺ വരെ പച്ചക്കറികൾ ഏജന്റുമാർ മുഖേന വട്ടവടയിൽ നിന്ന് കയറ്റി വിടുന്നു. തമിഴ്നാട്ടിലെ ചന്തകളിലേക്ക് ആണ് ഇവ പോകുന്നത്.ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ബീൻസ്, വെളുത്തുള്ളി എന്നിവയുടെ വിളവെടുപ്പ് ആണ് ഇപ്പോൾ നടക്കുന്നത്. ഇക്കുറി ന്യായ വില കിട്ടുന്നതിനാൽ കർഷകർ തൃപ്തരാണെന്ന് കൃഷി ഓഫിസർ മുരുകൻ പറയുന്നു. ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 20 രൂപ, കാബേജിന് 11, ബീൻസിന് 70, കാരറ്റിന് 17 എന്നിങ്ങനെ ആണ് കർഷകർക്ക് ലഭിക്കുന്നത്. 

വെളുത്തുള്ളി വില ലോട്ടറിയായി

വെളുത്തുള്ളി കർഷകർക്ക് ഉത്തേജകമായി ഇക്കുറി റെക്കോർഡ് വില. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 30 മുതൽ 50 വരെ ലഭിച്ച സ്ഥാനത്ത് ഇത്തവണ വെളുത്തുള്ളി വില ഇനവും വലിപ്പവും അനുസരിച്ച് 200 മുതൽ 300 രൂപ വരെ ആണ്. കഴിഞ്ഞ വർഷത്തെ വിലയിടിവ് ഇത്തവണ കൃഷിയും അതുവഴി ഉൽപാദനവും കുറയാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം വട്ടവടയിൽ മാത്രം 500 ഹെക്ടറിൽ വെളുത്തുള്ളി കൃഷി ഉണ്ടായിരുന്നു.  

എന്നാൽ ഇത്തവണ പരമാവധി 300 ഹെക്ടർ മാത്രമാണ് ഉള്ളത്. തമിഴ്നാട്ടിലെ വടുകുപട്ടി, മേട്ടുപ്പാളയം ചന്തകളിലേക്ക് ആണ് ഇവിടെ നിന്ന് വെളുത്തുള്ളി കയറ്റി അയയ്ക്കുന്നത്. ആഴ്ചയിൽ ഏകദേശം 50 ടൺ ആണ് ഇപ്പോൾ വിളവെടുക്കുന്നത്. വിളവെടുത്ത വെളുത്തുള്ളി കൃഷിയിടങ്ങളിൽ അടുക്കി വച്ചിരിക്കുന്നത് ഇപ്പോൾ ഇവിടത്തെ കാഴ്ചയാണ്. നീര് വറ്റി ജലാംശം കുറയാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. പോര് വയ്ക്കുക എന്നാണ് കർഷകർ ഈ പ്രക്രിയയ്ക്ക് പറയുന്നത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA