ADVERTISEMENT

കൽപറ്റ ∙ കർഷർക്ക് ഇടയിലെ മിന്നുംതാരമാണ് ഇപ്പോൾ പാഷൻ ഫ്രൂട്ട്.  ഏറ്റവും കുറഞ്ഞ ചെലവിൽ ആർക്കും പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാം. ഉയർന്ന വിലയും വിപണിസാധ്യതയും ലഭിച്ചു തുടങ്ങിയതോടെ ജില്ലയിൽ ഒട്ടേറെ കർഷകർ പാഷൻ ഫ്രൂട്ട് കൃഷിയിലേക്കു തിരിഞ്ഞു. കൃഷി വ്യാപനത്തിന് സംസ്ഥാന ഹോർട്ടികൾചർ മിഷനും കൃഷിവകുപ്പും സജീവമായി രംഗത്തുമുണ്ട്. സംസ്ഥാന സർക്കാരിന്റെ ഫ്രൂട്ട് ഗ്രാമം പദ്ധതി പ്രകാരം എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്ന ഒട്ടേറെ കർഷകരുണ്ട്. പടർത്തി വളർത്തേണ്ട ഒരു വള്ളിച്ചെ‌ടിയാണ് പാഷൻ ഫ്രൂട്ട്. മണ്ണിൽ നട്ട് ടെറസിൽ പന്തലിട്ടാൽ വീടിനകത്ത് നല്ല കുളിർമ കിട്ടും. ഈർപ്പവും ജൈവാംശവും ഉള്ള മണ്ണിൽ പാഷൻ ഫ്രൂട്ട് നന്നായി വളരും.  പാസിഫ്ലോറ കുടുംബത്തിൽ നിന്നുള്ള പാഷൻ ഫ്രൂട്ടിൽ നിന്നു വേർതിരിച്ചെടുക്കുന്ന പാസിഫ്ലോറിൻ എന്ന ഘടകം മാനസിക സമ്മർദം അകറ്റാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  

 

പ്രധാനമായും 2 ഇനങ്ങൾ  

 

 പഴത്തിന്റെ നിറവ്യത്യാസം കണക്കിലെടുത്താൽ പ്രധാനമായും 2 ഇനങ്ങളാണ് പാഷൻ ഫ്രൂട്ടിനുള്ളത്, വയലറ്റ്, മഞ്ഞ എന്നീ നിറങ്ങളിൽ. സമതലങ്ങളിൽ കൃഷി ചെയ്യുന്നതു മഞ്ഞയിനമാണെങ്കിൽ കുന്നിൻപ്രദേശങ്ങൾക്കു ഉത്തമം വയലറ്റാണ്. മഞ്ഞ ഇനത്തിനു പുളിരസം കൂടുതലാണ്. വയലറ്റ് ഇനത്തിനു മധുരം കൂടുതലും പുളിരസം കുറവുമാണ്. വള്ളിയിലുണ്ടാകുന്ന പുതിയ ശാഖകളിലാണു കായ്കളുണ്ടാകുക. പൂക്കൾ കായ്കളാകാൻ 3 മാസം വേണ്ടിവരും. നല്ല വിളവിന് ഒന്നര വർഷത്തെ വളർച്ച വേണ്ടിവരും. പ്രധാന വിളവെടുപ്പുകാലം മേയ്–ജൂൺ, സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളാണ്. ഒരു വള്ളിയിൽനിന്നു ശരാശരി വിളവ് 7–8 കിലോഗ്രാം കായ്കൾ ലഭിക്കുമെന്നാണു കർഷകർ പറയുന്നത്.  

 

ഉയർന്ന വില  

 

 കിലോഗ്രാമിന്  60 മുതൽ 90 രൂപവരെയാണ് പാഷൻഫ്രൂട്ടിന്റെ നിലവിലെ വില. ഹൈബ്രിഡ് ഇനങ്ങൾക്കു വില കൂടും. വയനാട്ടിൽ നിന്നുള്ള പാഷൻ ഫ്രൂട്ടിന് മറ്റിടങ്ങളിൽ നല്ല ഡിമാൻഡുണ്ട്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും വിളയുകയും ചെയ്യുമെന്നതിനാൽ കൃഷിയെ കുറിച്ചുള്ള ആശങ്കയുമുണ്ടാകില്ല.  

 

മൂല്യവർധിത ഉൽപന്നങ്ങളും നിർമിക്കാം  

 

 ധാരാളം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നതാണു പാഷൻ ഫ്രൂട്ടിനെ മിന്നുംതാരമാക്കിയത്. നല്ലൊരു ദാഹശമനിയായ പാഷൻ ഫ്രൂട്ടിൽ ജീവകം സി, എ എന്നിവ കൂടുതൽ അളവിൽ അടങ്ങിയിട്ടുണ്ട്. ജ്യൂസും ജെല്ലിയും സ്ക്വാഷും നിർമിക്കാൻ പാഷൻ ഫ്രൂട്ട് ഏറെ നല്ലതാണ്. കൃഷി വകുപ്പിന് കീഴിൽ നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്ന ഫാമിൽ പാഷൻ ഫ്രൂട്ടിന്റെ വിവിധ തരത്തിലുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. മണവും നിറവും കൂട്ടാൻ രാസവസ്തുക്കൾ ആവശ്യമില്ലെന്നതാണു പാഷൻ ഫ്രൂട്ട് ഉൽപന്നങ്ങളെ ജനപ്രിയമാക്കുന്നത്. നീരു പിഴിഞ്ഞെടുത്ത് പഞ്ചസാരയും വെള്ളവും ചേർത്തും കഴിക്കാം.  പുറന്തോട് ഉണക്കി വറുത്ത് കൊണ്ടാട്ടമായി ഉപയോഗിക്കുന്നവരുമുണ്ട്.  

 

കൃഷി തുടങ്ങാം, ശ്രദ്ധയോടെ  

 

 വിത്ത് പാകിയും തണ്ട് മുറിച്ചു നട്ടും പാഷൻ ഫ്രൂട്ട് നടാം. വിത്ത് മുളപ്പിച്ച തൈകളാണ് കൂടുതൽ നല്ലത്.‌ പഴുത്ത് പാകമായ പാഷൻ ഫ്രൂട്ട് മാത്രമേ വിത്ത് പാകാൻ എടുക്കാവു.വിത്ത് എളുപ്പത്തിൽ മുളയ്ക്കാൻ ഒരു ദിവസം നാരങ്ങാ നീരിൽ ഇട്ടു വയ്ക്കാം. ചെടി വളർന്നാൽ പന്തൽ ഒരുക്കണം. മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് ചട്ടിയിലും നടാം. മേയ്-ജൂൺ മാസങ്ങളിൽ അല്ലെങ്കിൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് പൂവിടുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com