ADVERTISEMENT

നീലേശ്വരം  ∙  വയലിൽ തഴച്ചു വളർന്ന കള സസ്യം നെൽക്കതിരുകളെയും മൂടിയതിനെ തുടർന്നു നെല്ലു കൊയ്‌തെടുക്കാനാകാതെ കർഷകർ. 

 

പടന്നക്കാട് ഒഴിഞ്ഞവളപ്പ്, പുഞ്ചാവി, ഞാണിക്കടവ്, കൊട്രച്ചാൽ പാടശേഖരങ്ങളിലാണ് പ്രദേശവാസികൾ പീലി എന്നു വിളിക്കുന്ന മനില അഗത്തി എന്ന കള സസ്യം വളർന്നത്. നെൽച്ചെടികളെക്കാൾ തഴച്ചു വളർന്ന ഇവ നെൽക്കതിരുകളെയും മൂടിയിരിക്കുകയാണ്. ഹെക്ടർ കണക്കിനു വയലുകളിലാണ് ഇവയുടെ ആക്രമണം.  

 

നെല്ലു കൊയ്യാൻ തന്നെ ആളെ കിട്ടാതെ വിഷമിക്കുന്ന കർഷകർ കളയും കൊയ്യാൻ ആളെ കണ്ടെത്തേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇല്ലാത്ത ഈ കള ഈ വർഷമാണ് ഇത്രയും തഴച്ചു വളർന്നത്. ഇതിന്റെ വ്യാപനം തടയാൻ ആവശ്യമായ നടപടിയില്ലെങ്കിൽ തുടർന്നു കൃഷിയിറക്കാത്തതാണു നല്ലതെന്നാണ് കർഷകരുടെ അഭിപ്രായം.  

 

നെൽകൃഷിക്കു ശേഷം വിപുലമായ പച്ചക്കറി കൃഷിയും നടക്കുന്ന പാടങ്ങളാണ് ഇതെല്ലാം.  ഈ പ്രതിഭാസം നിയന്ത്രിക്കാൻ  നടപടിയെടുക്കണെന്നാവശ്യപ്പെട്ടു കൃഷിക്കൂട്ട് വാട്‌സാപ് കൂട്ടായ്മ അഡ്മിൻ അബ്ദുല്ല ഇടക്കാവ് മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, ഇ.ചന്ദ്രശേഖരൻ, കാസർകോട് കലക്ടർ ഡോ.ഡി.സജിത്ത് ബാബു, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ മധു ജോർജ് മത്തായി, കാഞ്ഞങ്ങാട് നഗരസഭാ കൃഷി ഓഫിസർ എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com