ADVERTISEMENT

കൃഷി വകുപ്പിന്റെ സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ആലപ്പുഴയും നല്ല വിളവെടുത്തു. പുരസ്കാര ജേതാക്കളുടെ വിശേഷങ്ങൾ:

ഏറ്റവും നല്ല പുഷ്പകൃഷിക്കുള്ള ഉദ്യാനശ്രേഷ്ഠ പുരസ്കാരം - സ്വപ്ന സുലൈമാൻ

ആലപ്പുഴ സക്കറിയ ബസാർ ഹാജിറാസിൽ സ്വപ്ന സുലൈമാന്റെ (37) വീടിന്റെ ചുറ്റുമതിലിനോടു ചേർത്തുണ്ടാക്കിയ തട്ടുകളിൽ അഡീനിയത്തിന്റെ പല നിറത്തിലുള്ള 250ൽപ്പരം ചുവടുകളും ഒരേനിറത്തിലുള്ള 150ലേറെ ചുവടുകളുമുണ്ട്. 15 ഇനം ഓർക്കിഡുകളും ഇവിടെയുണ്ട്. 2 പോളി ഹൗസുകളിലാണു ചെടികൾ. ഒറ്റയിലച്ചെടികളുടെ നൂറിലേറെ ഇനങ്ങളും  10–14 വർഷം പ്രായമായ ബോൺസായ് ചെടികളുമുണ്ട്. സ്വപ്നയുടെ പ്രധാന വരുമാനമാർഗവും പുഷ്പകൃഷിയാണ്. പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയാണ് ആവശ്യക്കാരെത്തുന്നത്. മാസം 7000–25,000 രൂപ വരുമാനം ലഭിക്കും. ഭർത്താവ് ഗവ.കോൺട്രാക്ടറായ ഷാനവാസ്. മക്കൾ: ആദീഹ് മുഹമ്മദ്, അഖിസ് മുഹമ്മദ്, അയാൻ മുഹമ്മദ്.

വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്റർ – വെൺമണി ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റർ

2004ൽ തുടങ്ങിയ മഹിമ ഹരിതസംഘമാണു ക്ലസ്റ്ററായി വളർന്നത്. 2014ൽ എ ഗ്രേഡ് പദവി കിട്ടി. 2015ൽ ഇവിടെ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങൾക്കായി വിപണിയും അനുവദിച്ചു. 2 കോടി രൂപയാണു വാർഷിക വിറ്റുവരവ്. 19 കർഷകരുടെ കൂട്ടായ്മയാണ്. പ്രസിഡന്റ് എം.സി. ബേബി. സെക്രട്ടറി വിജയമ്മ ഉപേന്ദ്രൻ. 

രണ്ടാമത്തെ മികച്ച കൃഷി ഓഫിസർ – വി. അനിൽകുമാർ

മാങ്കാംകുഴി കാവുവിളയിൽ കുടുംബാംഗമാണ് വി. അനിൽകുമാർ.  2003 മുതൽ 2008 വെണ്മണി കൃഷിഭവനിൽ ജോലി ചെയ്ത അനിൽകുമാർ 2013 ൽ വീണ്ടും ഇവിടെയെത്തി. 2 തവണ പത്തനംതിട്ടയിലും കഴിഞ്ഞ തവണ ആലപ്പുഴയിലും ജില്ലയിലെ മികച്ച കൃഷി ഓഫിസറായിരുന്നു. മാന്നാർ കൃഷി ഓഫിസർ പി. രജനിയാണു ഭാര്യ.

agri-award-anilkumar
വി. അനിൽകുമാറും റെനി തോമസും വെൺമണി കൃഷിഭവനിൽ

മൂന്നാമത്തെ മികച്ച കൃഷി അസിസ്റ്റന്റ് – റെനി തോമസ്

വെൺമണി കാഞ്ഞിരത്തടത്തിൽ വടക്കേതിൽ റെനി തോമസ് 2 തവണ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: സൗമ്യ. മകൾ: ആരുഷി.

agri-award-priya
പ്രിയ കെ. നായർ

മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ – പ്രിയ കെ. നായർ

ചാരുംമൂട് കൃഷി അസി. ഡയറക്ടർ പ്രിയ കെ. നായരുടെ നേതൃത്വത്തിൽ 350 ഹെക്ടറിൽ പച്ചക്കറി കൃഷി നടത്തുകയും 15 എ ഗ്രേഡ് ക്ലസ്റ്റർ യൂണിറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. 80 ഹെക്ടർ തരിശുസ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിച്ചു. ചെട്ടികുളങ്ങര ഈരേഴ നോർത്ത് തൃക്കാർത്തികയിൽ വി. ഗോവിന്ദപിള്ളയുടെ (റിട്ട.പ്രഫസർ, എംഎസ്എം കോളജ്) ഭാര്യയാണ്. മക്കൾ: ഗൗരി ഗൗവിന്ദ്, ഗോകുൽ ഗോവിന്ദ്, ഗൗതംഗോവിന്ദ്.

agri-award-ratnakaran
ഡി. രത്നാകരൻ

മികച്ച പച്ചക്കറി കർഷകൻ – ഡി. രത്നാകരൻ

താമരക്കുളം വേടരപ്ലാവ് രത്നഭവനിൽ വിമുക്ത ഭടനായ ഡി. രത്നാകരൻ കഴിഞ്ഞ 2 വർഷവും ജില്ലാ അവാർഡ് നേടിയിരുന്നു. 2005 ൽ സൈന്യത്തിൽ നിന്നു വിരമിച്ച രത്നാകരൻ പച്ചക്കറി കൃഷിക്കൊപ്പം ചേനയും ചേമ്പും മരച്ചീനിയും ഉൾപ്പെടെയുള്ള കരകൃഷികളും ചെയ്യുന്നു. ഓരോ വർഷവും 3 സീസൺ ആയാണു പച്ചക്കറി കൃഷി. 90% ജൈവകൃഷിയാണ്. ഭാര്യ ഉഷയും സഹായത്തിനുണ്ട്. സ്വന്തമായുള്ള 1.30 ഏക്കറിലും പാട്ടത്തിനെടുത്ത 3.70 ഏക്കറിലുമാണു കൃഷി.  മക്കൾ: മണിക്കുട്ടൻ, രേഷ്മ.

agri-award-sumbhakeshan
കെ.പി. ശുഭകേശൻ

മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര പുരസ്കാരം – കെ.പി. ശുഭകേശൻ

കഞ്ഞിക്കുഴിയിലെ പരമ്പരാഗത കർഷകൻ കുട്ടൻചാലിൽ പരേതനായ പൊന്നപ്പന്റെ മകൻ കെ.പി. ശുഭകേശൻ 10 വയസു മുതൽ കൃഷിയോടൊപ്പം ചേർന്നു. സ്വന്തമായ അരയേക്കറിലും പാട്ടത്തിനെടുത്ത 20 ഏക്കറിലുമായാണു പൂർണമായും ജൈവകൃഷി. 2 തവണ ജില്ലയിലെ മികച്ച കർഷകനുളള അക്ഷയ ശ്രീ അവാർഡ് നേടി. പ്രശസ്തമായ കഞ്ഞിക്കുഴി പയറിന്റെ പ്രചാരകനാണ്. ഭാര്യ: ലതിക, മകൾ: ശ്രുതിലയ.

agri-award-vani
വി. വാണി

മികച്ച യുവകർഷക – വി. വാണി

കൃഷിയിൽ ബിരുദം നേടിയ ഡാണാപ്പടി പാലകുളങ്ങര മഠം വി. വാണി പഠിച്ചതു മറ്റുള്ളവർക്കായി പ്രയോജനപ്പെടുത്തുകയാണ്. കാർഷിക കുടുംബത്തിൽനിന്നുള്ള വി.സി. വിജിത്ത് ആണു ഭർത്താവ്. ഇവർ പാടത്ത് വിളയിച്ച നെല്ല് കുത്തിയെടുത്തായിരുന്നു വിവാഹസദ്യ. ഡാണാപ്പടിയിൽ ദേശീയപാതയോരത്തെ നാലരയേക്കറിൽ ജൈവ പച്ചക്കറി കൃഷിക്കു പുറമേ 8 കുളങ്ങളും അയ്യായിരത്തിലേറെ മരങ്ങളും കാവുമുണ്ട്. ഔഷധ ചെടികളും വിവിധ തരത്തിലുള്ള നാട്ടു മാവുകളും, ഇലച്ചെടികളും, അലങ്കാര ചെടികളും പരിപാലിക്കുന്നുണ്ട്. നാടൻ പശുക്കളുടെയും  കോഴികളുടെയും  താറാവുകളുടെയും  നാടൻ മീനുകളുടെയും സംരക്ഷണവുമുണ്ട്. 2010ൽ സംസ്ഥാനത്തെ മികച്ച ജൈവ കർഷകയ്ക്കുള്ള പ്രോത്സാഹന സമ്മാനം വാണിക്കു ലഭിച്ചു. 2018ൽ സംസ്ഥാനത്തെ മികച്ച ജൈവ കർഷകനുള്ള അക്ഷയശ്രീ അവാർഡ് വിജിത്ത‍ിനു ലഭിച്ചു.

agri-award-sudhamani
എസ്. സുധാകുമാരി

മികച്ച മട്ടുപ്പാവ് കൃഷി മൂന്നാം സ്ഥാനം – എസ്. സുധാക‍ുമാരി

വള്ളികുന്നം കാരാഴ്മ പാവൂരേത്ത് കിഴക്കതിൽ റിട്ട.വെറ്ററിനറി ഉദ്യോഗസ്ഥ എസ്.സുധാകുമാരിയുടെ മട്ടുപ്പാവിൽ ജൈവപച്ചക്കറിക്കു പുറമെ ലമൺവൈൻ, ആഫ്രിക്കൻമല്ലി തുടങ്ങിയ വിദേശയിനം കൃഷികളും, ആകാശവെള്ളരി, മുള്ളില്ലാകൈതച്ചക്ക, അടതാപ്പ്(എയർപൊട്ടറ്റോ), വെളുത്തമഞ്ഞൾ കൃഷിയുമുണ്ട്. ഭർത്താവ്: ശശിധരൻപിള്ള, മകൻ: എസ്.ഹരി.

agri-award-muhamma-school
മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ പച്ചക്കറിത്തോട്ടം (ഫയൽ ചിത്രം)

മികച്ച വിദ്യാഭ്യാസ സ്ഥാപനം (മൂന്നാം സ്ഥാനം ) –മുഹമ്മ സിഎംഎസ് എൽപി സ്കൂൾ

സ്കൂളിനോടു ചേർന്നുള്ള 40 സെന്റിലാണു കൃഷി. വർഷങ്ങളായി പച്ചക്കറി കൃഷിയുണ്ടെങ്കിലും കഴിഞ്ഞ വർഷമാണു വിപുലമാക്കിയത്. പയർ, പാവൽ, വെണ്ട, ചീര, വഴുതന, പടവലം, പച്ചമുളക്, കാബേജ്, കോളിഫ്ലവർ തുടങ്ങിയവ  കൃഷി ചെയ്യുന്നു. കഞ്ഞിക്കുഴിയിലെ കർഷകരും സ്കൂളിലെ രക്ഷകർത്താക്കളുമായ കെ.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണു കൃഷി ചെയ്യുന്നത്. വിളവെടുക്കുന്ന പച്ചക്കറികളുടെ ഒരു പങ്ക് സ്‌കൂളിലെ ഉച്ചയൂണിന് എടുക്കാറുണ്ടെന്നു പ്രധാനാധ്യാപിക ജോളി തോമസും പിടിഎ പ്രസിഡന്റ് കെ.പി. സുധീറും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com