ADVERTISEMENT

കുരുമുളക് പറിക്കുക, അത് മെതിച്ച് മണികളാക്കി വെയിലത്ത് ഉണങ്ങുക എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെയാണ് കുരുമുളക് വാണിജ്യാവശ്യത്തിനായി തയാറാക്കുന്നത്. വലിയ രീതിയിൽ കൃഷി ചെയ്യുന്നവർ കുരുമുളക് പറിച്ച് കാലുകൾകൊണ്ട് മെതിച്ചാണ് തിരിയിൽനിന്ന് കുരുമുളകുമണികൾ വേർതിരിച്ചെടുക്കുക. വലിയ അധ്വാനത്തിനൊപ്പം കാലുകളിൽ കുരുമുളകിന്റെ കറ പുരളും. അത് മാറണമെങ്കിൽ കുറച്ചു ദിവസം വേണ്ടിവരും.

ഇത്തരം പ്രശ്നങ്ങളിൽനിന്നൊരു മാറ്റം വേണമെന്ന ചിന്തയിൽനിന്നാണ് കുരുമുളക് മെതിയന്ത്രം എന്ന ആശയം കൂത്താട്ടുകുളം പാലക്കുഴ സ്വദേശി അനി പുന്നത്താനത്തിന് തോന്നിയത്. ഏറെ ശ്രമഫലമായി കഴിഞ്ഞ വർഷം യന്ത്രം നിർമിച്ചെങ്കിലും കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടിവന്നതിനാൽ ഈ വർഷമാണ് പൂർണമായും വിജയിച്ച യന്ത്രം പുറത്തിറക്കിയത്. അരയിഞ്ചിന്റെ കമ്പിവലയും ചതുരത്തിലുള്ള ജിഐ പൈപ്പുമാണ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ. 

രണ്ടടി നീളവും ഒരടി ഉയരവുമുള്ള യന്ത്രത്തിൽ കുരുമുളക് നിക്ഷേപിച്ച് ഒരു വശത്തു ഘടിപ്പിച്ചിരിക്കുന്ന ലിവർ തിരിച്ചാണ് തിരിയും മണികളും വേർതിരിക്കുന്നത്. താഴെ വച്ചിട്ടുള്ള ട്രേയിലേക്ക് കുരുമുളകു മണികൾ വീഴുമ്പോൾ തിരികൾ മെഷീനിന്റെ ഒരു വശത്ത് ശേഖരിക്കപ്പെടും. തിരിയിൽ ഒന്നുപോലും അവശേഷിക്കാതെ മണികൾ ശേഖരിക്കാമെന്ന് അനി അവകാശപ്പെട്ടു.

black-pepper-machine
കുരുമുളകുമെതിയന്ത്രം

നിലവിൽ ഈ യന്ത്രം നിർമിക്കാൻ രണ്ടായിരം രൂപയോളം ചെലവു വന്നു. യന്ത്രം പലവട്ടം പരിഷ്കരിക്കേണ്ടിവന്നതിനാലാണ് 2000 രൂപയോളം മുതൽമുടക്ക് വന്നത്. ഇനി നിർമിക്കാൻ ഇത്ര ചെലവ് ഉണ്ടാവില്ലെന്നും അനി പറയുന്നു. 

കാർഷികമേഖലയിലേക്ക് നിരവധി ചെറു യന്ത്രങ്ങൾ നിർമിച്ച വ്യക്തിയാണ് അനി. കുരുമുളക് പറിക്കാനുള്ള ഒരു ഉപകരണത്തിന്റെ അവസാനവട്ട പണികളിലാണ് അനി.

കൂടുതൽ വിവരങ്ങൾക്ക്: 9605087608

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com