ADVERTISEMENT

രോഗം ബാധിച്ച് ആകെയുണ്ടായിരുന്ന താറാവ് കൃഷി നശിച്ചിട്ടും  ആരോടും പരാതിയോ, പരിഭവങ്ങളോ പറയാതെ ചൂണ്ടയിട്ട് ഉപജീവനം നടത്തുകയാണ് അറുപത്തഞ്ചുകാരനായ പരീത്. ഇരുപത്തഞ്ചാമത്തെ വയസ്സിലാണു പരീത് താറാവു വളർത്തൽ ആരംഭിച്ചത്. നാലഞ്ചു വർഷം പിന്നിട്ടപ്പോൾ, അതിൽനിന്നു ചെറിയ വരുമാനം കിട്ടിത്തുടങ്ങി. ജീവിതം അങ്ങനെ പച്ചപിടിച്ചു വരുമ്പോഴായിരുന്നു  ഇടിത്തീ പോലെ താറാവുകൾക്കു രോഗബാധയുണ്ടായത്. വളർത്തിയിരുന്ന 250 താറാവുകളിൽ ഭൂരിഭാഗവും ചത്തു. 

ഇതോടെ ആകെയുണ്ടായിരുന്ന ഉപജീവന മാർഗം ഇല്ലാതായി.  പിന്നീട് എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണു ചൂണ്ടയിട്ടു മീൻ പിടിച്ചു വിൽപന നടത്തിയാലോ എന്ന ആശയം മനസ്സിലുദിച്ചത്. കയ്യിലാണെങ്കിൽ നീക്കിയിരുപ്പ് ഒന്നുമില്ലാത്തതിനാൽ വേറെ വഴി ഉണ്ടായിരുന്നില്ല. ദിവസവും രാവിലെ എഴുന്നേറ്റു സമീപ പ്രദേശങ്ങളിലെ പുഴകളിലും വലിയ തോടുകളിലും ചൂണ്ടയിടാൻ പോകും. ഏകദേശം മൂന്നും നാലും മണിക്കൂർ‌ വരെ ചൂണ്ടയിടും. എന്നാലേ വിൽക്കാനുള്ളതു കിട്ടൂ. കിട്ടിയ മീനെല്ലാം ഈർക്കിൽ കൊണ്ടുള്ള കോർമ്പലിലാക്കി ആലുവ– പറവൂർ റോഡിൽ പാലയ്ക്കൽ പാടശേഖരത്തിനു സമീപമുള്ള തണൽമരത്തിന്റെ അടിയിൽ കാത്തു നിൽകും. 

ആ നിൽപിന് അധികം ആയുസ്സുണ്ടാവില്ല. അപ്പോഴേക്കും ആരെങ്കിലും വന്നു മീനെല്ലാം വാങ്ങിയിട്ടുണ്ടാകും. വാഹനയാത്രികരാണു കൂടുതലും വാങ്ങുന്നത്. ഏറിയാൽ അരമണിക്കൂർ. അതിൽ കൂടുതൽ റോഡരികിൽ കാത്തു നിൽക്കേണ്ടി വരാറില്ല. ഇടയ്ക്കു ചുണ്ടയിടാൻ പോകുമ്പോൾ മീൻ കിട്ടാറില്ല. എങ്കിലും പരീതിനു സങ്കടമില്ല. അന്നം മുട്ടാതെ കഴിയാനുള്ളതൊക്കെ ദൈവം തരുന്നില്ലേ, എന്നാണു പരീത് പറയുന്നത്. വിൽപനയുള്ള ദിവസങ്ങളിൽ 300–400 രൂപ ലാഭം കിട്ടാറുണ്ട്. ഭാര്യ സൈനബയോടൊപ്പം പാലയ്ക്കൽ കാരുകുന്നിനു സമീപമുള്ള കൊച്ചു വീട്ടിലാണു താമസം. രണ്ടു പെൺമക്കളെ കെട്ടിച്ചയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com