ADVERTISEMENT

ഏലത്തോട്ടത്തിൽ പണിക്കുപോയിരുന്ന ബിൻസി ജയിംസിൽനിന്ന് കേരളത്തിലെ മികച്ച കർഷക എന്ന ലേബലിലേക്ക് വളരാൻ ബിൻസിയും കുടുംബവും അധ്വാനിച്ചത് കുറച്ചൊന്നമല്ല. ഏലക്കാട്ടിൽ കൂലിപ്പണിക്കുപോയിരുന്ന ബിൻസിയും ഭർത്താവും തങ്ങൾ താമസിച്ചിരുന്ന 9.5 സെന്റ് സ്ഥലത്തു കൃഷി ചെയ്താണ് തുടക്കം. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ കർഷക തിലകം പുരസ്കാരം നേടിയ ബിൻസി ജയിംസ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാണ്. അവർക്കു നേരെ പലരും പറഞ്ഞ "ഇല്ല" എന്ന വാക്കായിരുന്നു ജീവിതത്തിൽ ഇതുവരെയെത്താൻ അവർക്കു പ്രചോദനമായത്. ബിൻസിയുടെ കുറിപ്പ് വായിക്കാം.

"ഇല്ല"

രാത്രി ഒരു രണ്ടു മണി സമയം നല്ല ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു...

പിന്നെ ജീവിതത്തിലെ കുറേ "ഇല്ല"കളെക്കുറിച്ചായി ചിന്ത...

പുറകോട്ട് ചിന്തിക്കുമ്പോൾ ഈ "ഇല്ല"കളാണ് എന്നെ ഇവിടെ വരെയെത്തിച്ചതും...

അങ്ങനെ എന്റെ കൃഷിജീവിതത്തിലെ ആദ്യത്തെ"ഇല്ല" യെക്കുറിച്ച് ഇവിടെ എഴുതാം (കഥയല്ലിത് ജീവിതം)...

2016ൽ ആണ് ഈ "ഇല്ല" സംഭവം നടക്കുന്നത് അന്ന് ഞാൻ ഏലക്കാട്ടിൽ കൂലിപ്പണിക്ക് പോകുന്നു. ചേട്ടായിയും കൂലിപ്പണി. മക്കൾ ചെറിയ ക്ലാസുകളിൽ പഠിക്കുന്നു. എനിക്കന്ന് facebook, whatsapp ഒന്നുമില്ല. ഒരു സാധാ ഫോണുണ്ട്. കട്ടപ്പന ഇരുപതേക്കർ എന്ന സ്ഥലത്ത് 9.5 സെന്റ് സ്ഥലത്ത് വീടു കഴിഞ്ഞുള്ള സ്ഥലത്ത് കൃഷി. ഇത്രയുമാണ് പശ്ചാത്തലം...

ഒരു ദിവസം പത്രത്തിലൊരു വാർത്ത കണ്ടു, സംസ്ഥാന തലത്തിൽ കുട്ടിക്കർഷകർക്ക് അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു, അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക...

അടുത്തദിവസത്തെ പണി വേണ്ടെന്നുവച്ച് ഞാൻ കൃഷിഭവനിലേക്ക് വച്ചുപിടിച്ചു...

അന്നത്തെ കൃഷിഓഫീസറോട്,

ഞാൻ: മേഡം പത്രത്തിലൊരു വാർത്ത കണ്ടു കുട്ടിക്കർഷകർക്കുള്ള അപേക്ഷ...

ഓഫീസർ: അപേക്ഷയോ അങ്ങനൊരു സംഭവം ഇവിടെ അറിഞ്ഞി"ട്ടില്ല"

അവിടുത്തെ കൃഷിഅസിസ്റ്റന്റ് സർ പറഞ്ഞു മേഡം നമുക്ക് കമ്പ്യൂട്ടറിൽ ഒന്നു നോക്കാം...

മേഡം: കമ്പ്യൂട്ടറിൽ നോക്കേണ്ട കാര്യമൊന്നു"മില്ല" അങ്ങനെയൊരു കാര്യം "ഇല്ല"...

(മേഡത്തെ പറഞ്ഞിട്ടു കാര്യമില്ലാട്ടോ ഞങ്ങളെ കണ്ടാലും തോന്നണ്ടേ ഇതിനെക്കെ യോഗ്യതയുണ്ടെന്ന്)

പക്ഷേ, എനിക്കതുവിടാൻ മനസു തോന്നിയില്ല ഞാനപ്പോൾത്തന്നെ ബ്ലോക്കോഫീസിൽ പോയി...

ഓഫീസിലേക്ക് കയറിച്ചെന്ന എന്നോട് സർ: എന്താ?

ഞാൻ: സർ പത്രത്തിലിങ്ങനെ ഒരു ന്യൂസ് കണ്ടു...

സർ: അതിവിടല്ല കൃഷി ഓഫീസിലാണ് പോകേണ്ടത്...

ഞാൻ: സർ ഞാൻ പോയിരുന്നു പക്ഷേ അങ്ങനൊരപേക്ഷ ഇല്ലെന്നാണ് പറഞ്ഞത്....

സർ സ്റ്റാഫിനോട് : ഇങ്ങനൊരപേക്ഷയുണ്ടോന്ന് കമ്പ്യൂട്ടറിൽ ഒന്നു നോക്കിക്കേ...

സ്റ്റാഫ്: നോക്കിയിട്ട് ഉണ്ടല്ലോ സർ

സർ: എന്നാലാ അപേക്ഷ എടുത്ത് കൊടുക്ക്...

എന്നു പറഞ്ഞിട്ട് തിരിഞ്ഞു നോക്കിയത് കൃഷി ഓഫീസറുടെ മുഖത്ത്. മേഡം എന്തോ ആവശ്യത്തിന് അവിടെ വന്നതാണ്...

പിന്നെ ആ സർ എന്തെക്കെ അവരോട് പറഞ്ഞിരിക്കാം എന്നുള്ളത് ചെറുതായി ഊഹിച്ചാൽ മതി...

എന്തായാലും ആ സാർ അപേക്ഷ എടുത്ത് തന്നിട്ട് അതിന്റെ കൂടെ എന്തെക്കെ വേണമെന്ന് വിശദമായി പറഞ്ഞു തന്നു. അപേക്ഷ റെഡിയാക്കി കൃഷി ഓഫീസിൽ കൊടുത്തേക്കാനും ഞാനെല്ലാം റെഡിയാക്കി ഓഫീസിൽ കൊടുത്തു...

ആദ്യപടിയായി കൃഷി ഓഫീസിൽനിന്നു രണ്ടു അസിസ്റ്റന്റുമാർ വന്നു. പ്രത്യേകം പറയാതിരിക്കാൻ പറ്റില്ല, അതിലൊരാൾ ഈ വർഷത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡ് വാങ്ങിയ അനീഷ് സർ...

കുറച്ചു കുഴിയിലേക്ക് നടന്നിറങ്ങി വരുന്ന ആ വീടിനോട് ചേർന്നുള്ള കൃഷി കണ്ടാൽ ആരും അന്തം വിട്ട് നിന്നു പോകുമായിരുന്നു...

അന്ന് അനീഷ് സർ ജെഫിന് പരിശോധിക്കാൻ മണ്ണെടുക്കേണ്ട രീതികൾ ഒക്കെ പറഞ്ഞു കൊടുത്തു. കൂടെ വന്ന ദേവസ്യ Sir കുറച്ചു ചോദ്യങ്ങളൊക്കെ ചോദിച്ചു...

അതു കഴിഞ്ഞ് ഒരു 4 മാസത്തിന് ശേഷം ജില്ലാതലത്തിൽനിന്ന് ഉദ്യേഗസ്ഥർ 8 പേരോളം എത്തി.

കൃഷി കണ്ടു ജെഫിനോട് കാര്യങ്ങളെക്കെ ചോദിച്ചു മനസിലാക്കി വളരെ സന്തോഷത്തോടെ യാത്ര പറഞ്ഞ് പോയി...

അതിനു ശേഷം വിളിച്ചത് ഒരു 7 മാസത്തോളം കഴിഞ്ഞിട്ടാണ്. ജില്ലാ തലത്തിൽനിന്നു സംസ്ഥാന തലത്തിലേക്ക് വിട്ടിട്ടുണ്ട് അവർ അടുത്ത ദിവസം കാണാനെത്തും...

ആ സമയത്ത് നമ്മൾ കൂടുതൽ കൃഷിയെ ലക്ഷ്യം വച്ച് അവിടെനിന്നു യാത്ര തിരിച്ചിരുന്നു...

അതു കൊണ്ട് അതവിടെ നിന്നു പോയി എങ്കിലും 2019 ൽ ഈ പാട്ടത്തിനെടുത്ത സ്ഥലത്ത് അത് സഫലമായി...

പറഞ്ഞു വന്നത്"ഇല്ല"കളെക്കുറിച്ചാണ് അല്ലേ അർഹതപ്പെട്ടിടത്തുനിന്ന് ഓരോ "ഇല്ല"കൾ കേൾക്കുമ്പോഴും അത് "ഇല്ലെ"ങ്കിൽ വേണ്ട അ"തില്ലാ"തെ എങ്ങനെ ഞങ്ങളുടെ ലക്ഷ്യം നേടാം എന്ന യാത്രയാണ് ഞങ്ങളെ ഇത്രത്തോളം എത്തിച്ചത്...

പാട്ടസ്ഥലമായതുകൊണ്ട് (സ്വന്തമായി"ഇല്ല") എന്നതും കൊണ്ടും ഒരു പാട് "ഇല്ല"കളെ മറികടക്കേണ്ടതുണ്ട് ശരിക്കും നല്ല ദുഷ്ക്കരമാണത്...

ഇന്നലത്തെ ഒ"രില്ല"യാണ് എന്നെ 2 മണിക്ക് ഞെട്ടിയുണർത്തിയതും പഴേ ഓർമ്മയിലേക്ക് കൊണ്ടു പോയതും...

ഇത് ജീവിതത്തിലെ ചെറിയൊരു "ഇല്ല"യാണ് ഇനിയും ഒരുപാട് "ഇല്ല"കൾ ബാക്കി അതെക്കെയിനി അടുത്ത ഞെട്ടിയുണരലിൽ...

ഇത്രയെക്കെ പറയുമ്പോഴും ഈ "ഇല്ല"യിൽ യിൽ നിന്നാണ് ഞങ്ങളെല്ലാം നേടിയത് ഒരു "ഇല്ല" കേൾക്കുമ്പോൾ അത് "ഇല്ലെ"ങ്കിൽ വേണ്ട ഇന്നല്ലെങ്കിൽ നാളെ ഞങ്ങളതു നേടും എന്ന വാശിയല്ല ദൃഢനിശ്ചയം...

ആ വർഷത്തെ സംസ്ഥാന അവാർഡ് കിട്ടിയില്ലെങ്കിലും കർഷക ദിനത്തിൽ ജെഫിനെ മികച്ച കുട്ടിക്കർഷകനായി ആദരിച്ചു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com