ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രസർക്കാർ കർഷകർക്കായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കർഷക സമ്മാൻ പദ്ധതി (പിഎം കിസാൻ) പദ്ധതിയിൽ 6000 രൂപ വീതം വാങ്ങിയവരെ കണ്ടുപിടിക്കുന്ന തീവ്രയജ്ഞ പരിപാടിയിലാണ് കേരളം. സംസ്ഥാനത്ത് 29.96 ലക്ഷം പേരാണ് പണം വാങ്ങിയത്. പക്ഷേ, രാജ്യത്തെ മുഴുവൻ കർഷകരിലേക്കും നേരിട്ട് സഹായമെത്തിക്കാൻ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതിയിൽ എല്ലാ കർഷകരെയും ചേർക്കണമെന്ന് കേന്ദ്രം നിർദേശിച്ചപ്പോൾ ചേർന്നത് 14 ലക്ഷം മാത്രം. ബാക്കി 15.96 ലക്ഷം ‘കർഷകരെ’ കണ്ടുപിടിക്കാനാണ് ഇപ്പോൾ നെട്ടോട്ടം. 

എല്ലാ കലക്ടർമാർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകി. ബാങ്കുകളും കൃഷിവകുപ്പുമെല്ലാം വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരും. 24ന് മുൻപ് കർഷകരെയെല്ലാം കെസിസിയിൽ ഉൾപ്പെടുത്തണമെന്നാണു നിർദേശം. 4% പലിശ നിരക്കിലുള്ള സ്വർപ്പണയ കൃഷിവായ്പ ബാങ്കുകൾ നിർത്തലാക്കി കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുള്ളവർക്കു മാത്രം നൽകിയാൽ മതിയെന്ന കേന്ദ്ര തീരുമാനവും കെസിസിയിൽ കൂടുതൽ കർഷകരെ ആകർഷിക്കുന്നതിനാണ്.

തിരഞ്ഞെടുപ്പായതിനാൽ പ്രത്യേകിച്ച് മാനദണ്ഡമൊന്നും ‘സമ്മാൻ’ പദ്ധതിയിൽ ഏർപ്പെടുത്തിയിരുന്നില്ല. സ്വന്തമായി കൃഷിയുള്ള എല്ലാവർക്കും സ്വന്തംവസ്തുവിന്റെ കരം അടച്ച രസീതുണ്ടെങ്കിൽ ആ പണം ലഭിക്കുമായിരുന്നു. അങ്ങനെ അന്ന് കർഷകരായവരുടെ എണ്ണമാണ് 29.96 ലക്ഷം. രാഷ്ട്രീയപാർട്ടികളെല്ലാം പരമാവധിപേരെ കൃഷി ഭവനിലെത്തിച്ച് റജിസ്റ്റർ ചെയ്യിച്ചു. ബാങ്കിൽ പണവുമെത്തി. പണം കേന്ദ്രത്തിന്റെയാണെങ്കിലും സംസ്ഥാനങ്ങളാണ് അർഹരായ കർഷകരെ കണ്ടെത്തിനൽകിയത്. അതുകൊണ്ട് ഈ കർഷകരുടെയെല്ലാം വിവരങ്ങൾ ബാങ്കുകൾക്കും കൃഷി വകുപ്പിനുമറിയാം അവരെയെല്ലാം കെസിസിയിലും ചേർക്കണമെന്നാണ് കർശന നിർദേശം. രാജ്യത്താകെ 14.5 കോടി ‘കർഷകരാണ്’ സമ്മാൻ പദ്ധതിയിൽ 6000 രൂപ വീതം വാങ്ങിയത്. എന്നാൽ 6.76 കോടി കർഷകർമാത്രമാണ് കെസിസി അക്കൗണ്ടുള്ളവർ.

കർഷകർക്ക് ഗുണം കെസിസി

കാർഡ് എന്ന് പറയുന്നുവെങ്കിലും കർഷകർക്ക് വായ്പാ പരിധി നിശ്ചയിക്കുന്ന പദ്ധതിയാണിത്. അക്കൗണ്ട് എടുത്താൽ കർഷകർക്ക് റുപേ കാർഡാണ് ലഭിക്കുന്നത്. കർഷകർ അമിത പലിശയ്ക്ക് കൃഷിക്കാവശ്യമായ പണം കടമെടുക്കുന്നത് തടയുകയാണു ലക്ഷ്യം. കൃഷിക്ക് വേണ്ട സമയത്ത് പണം ബാങ്കിൽനിന്നു ലഭിക്കും. 9 % പലിശയ്ക്കാണ് വായ്പയെങ്കിലും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു 5% പലിശ കേന്ദ്രസർക്കാർ സബ്‌സിഡി നൽകും. ഫലത്തിൽ 4% പലിശയ്ക്കു വായ്പ. ഈടില്ലാതെ 1.6 ലക്ഷം വരെ വായ്പ ലഭിക്കും. കൃഷിസ്ഥലം ഈടുവച്ച്  എത്ര ലക്ഷം വരെയും വായ്പ ലഭിക്കും. 3 ലക്ഷംവരെയുള്ള തുകയ്ക്കാണ് സബ്‌സിഡി ലഭിക്കുക. ഇനി മുതൽ മൽസ്യകൃഷിക്കാക്കും കന്നുകാലി കർഷകർക്കും കെസിസി വഴി പണം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com