sections
MORE

കർഷകരോട് ഇനിയും കടം പറയരുതേ

HIGHLIGHTS
 • പുഞ്ചക്കൊയ്ത്ത് ഈ മാസം അവസാനത്തോടെ
 • കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചയിച്ചു
farmer
SHARE

പുഞ്ചക്കൊയ്ത്ത് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബാങ്കുകൾ പണം നൽകുന്നത് സംബന്ധിച്ച് കർഷകരിൽ ആശങ്ക. രണ്ടാം കൃഷിയുടെ നെല്ലിന്റെ വില സർക്കാർ ഇതുവരെ ബാങ്കുകൾക്കു കൊടുത്തു തീർത്തിട്ടില്ല. ഈ സാഹചര്യത്തിൽ പുഞ്ചവിളവ് സംഭരിച്ചാൽ വില എങ്ങനെ ലഭിക്കുമെന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ സീസണിലെ പുഞ്ചക്കൃഷിക്കു ബാങ്കുകൾ കർഷകർക്കു നൽകിയ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല.

പലിശ സഹിതം തുക തിരിച്ചടയ്ക്കാൻ ബാങ്കുകൾ കർഷകർക്കു നോട്ടിസ് നൽകിത്തുടങ്ങി. പലിശ മാത്രം അടച്ച് വായ്പ കാലാവധി ഒരു വർഷം കൂടി നീട്ടാനാണു സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ബാങ്കുകൾ വായ്പ നൽകിയില്ലെങ്കിൽ തടസ്സം കൂടാതെ കർഷകർക്കു നെല്ലുവില നൽകുമെന്നാണു കൃഷിവകുപ്പിന്റെ ഉറപ്പ്. കഴിഞ്ഞ പുഞ്ചക്കൃഷിക്ക് 32000 ഹെക്ടറിലായി 45000 കർഷകരാണ് കൃഷി ഇറക്കിയിരുന്നത്.

പുഞ്ചക്കൊയ്ത്ത് ഈ മാസം അവസാനത്തോടെ

ആലപ്പുഴയിലെ പുഞ്ചപ്പാടങ്ങളിൽ ഈ മാസം അവസാനത്തോടുകൂടി കൊയ്ത്ത് നടക്കും. 68,833 ഏക്കറിലാണ് (27533 ഹെക്ടർ) 20 മുതൽ കൊയ്ത്ത് നടക്കുക. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, രാമങ്കരി, ചെങ്ങന്നൂർ തുടങ്ങിയ അസിസ്റ്റൻറ് ഡയറക്ടറുടെ കീഴിൽ വരുന്ന ചില പാടശേഖരങ്ങളിലാണ് ആദ്യം കൊയ്ത്തു നടക്കുന്നത്.  കൊയ്ത്തിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം നടന്നു. 

ഇക്കുറിയും കൊയ്ത്തിന് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന യന്ത്രങ്ങളാണ് ആശ്രയം. ജില്ലയിൽ സർക്കാർ വക 8 യന്ത്രവും, പാടശേഖര സമിതിയുടെ 2 യന്ത്രവും, സ്വകാര്യ കർഷകന്റെ 5 യന്ത്രവും മാത്രമാണുള്ളത്. 450 മുതൽ 500 യന്ത്രങ്ങൾ എങ്കിലും ഉണ്ടെങ്കിൽ മാത്രമേ കൊയ്ത്ത് പ്രശ്നങ്ങൾ ഇല്ലാതെ നടക്കുകയുള്ളൂ. മണിക്കൂറിന് 1800 രൂപയും വള്ളത്തിൽ എത്തി കൊയ്ത്ത് നടത്തുന്നതിന് 1900 രൂപയുമാണ് കൊയ്ത്തുകൂലിയായി നിശ്ചയിച്ചിരിക്കുന്നത്. 

കഴിഞ്ഞ സീസണിൽ 32000 ഹെക്ടറിൽ ആണ് കൃഷി ഇറക്കിയിരുന്നത്. ഇക്കുറി 4500 ഹെക്ടറോളം കുറവാണ് കൃഷി നടത്തിയിരിക്കുന്നത്. സമയബന്ധിതമായി വില ലഭിക്കില്ലെന്ന ആശങ്കയാണ് പലരെയും കൃഷിയിൽ നിന്ന് അകറ്റുന്നത്. സംഭരിച്ചാൽ എന്നു വില ലഭിക്കും എന്ന് സപ്ലൈകോ അധികൃതർക്കു പോലും കൃത്യമായ മറുപടി നൽകാൻ സാധിക്കുന്നില്ല. നെല്ലു സംഭരണത്തിനുള്ള റജിസ്ട്രേഷൻ 15 അവസാനിക്കും. 

പുഞ്ചക്കൃഷി ബ്ലോക്ക് തിരിച്ച് ( ഹെക്ടറിൽ)

 • രാമങ്കരി 10119.24
 • ചമ്പക്കുളം 7910 
 • ഹരിപ്പാട് 2681.59 
 • അമ്പലപ്പുഴ 2216.20 
 • മാവേലിക്കര 1477 
 • ആലപ്പുഴ 1279.94
 • ചെങ്ങന്നൂർ 1155.5
 • ചാരുംമൂട് 489.36 
 • കായംകുളം 180 
 • ചേർത്തല 25.8

കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചയിച്ചു

പുഞ്ചക്കൊയ്ത്തിനു മുന്നോടിയായി കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചയിച്ചു. യന്ത്രം ജങ്കാറിൽ എത്തിക്കേണ്ട സ്ഥലങ്ങളിൽ രണ്ടായിരം രൂപയും അല്ലാത്ത സ്ഥലങ്ങളിൽ 1900 രൂപയും ഈടാക്കാൻ കലക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തു.

ഹരിപ്പാട്, ചെറുതന, വീയപുരം മേഖലകളിൽ ഓരുമുട്ട് സ്ഥാപിക്കാനെടുത്ത കാലതാമസം മൂലം കൃഷി സ്ഥലങ്ങളിലുണ്ടായ ഉപ്പിന്റെ സാന്ദ്രത കുറയ്ക്കാൻ നടപടിയെടുക്കാൻ ഇറിഗേഷൻ വകുപ്പിനെയും കർഷകരെയും ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപീകരിച്ചു. ഒരുജല പ്രശ്നം പരിഹരിക്കാന‍് പമ്പാ ഡാമിൽ നിന്നോ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ഡാമുകളിൽ നിന്നോ നിയന്ത്രിതമായ രീതിയിൽ വെള്ളം തുറന്നു വിടാൻ അപേക്ഷ നൽകാനും യോഗം തീരുമാനിച്ചു. 

യോഗത്തിൽ  പ്രിൻസിപ്പൽ കൃഷി ഓഫിസർ ലത ജി.പണിക്കർ, കൃഷി ഡപ്യൂട്ടി ഡയറക്ടർ ആന്റണി കെ.ജോർജ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കെയ്കോ പ്രതിനിധികൾ, നെല്ല് സംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA