ADVERTISEMENT

എറണാകുളം ജില്ലയിലെ കാർഷിക ഗ്രാമമായ കരുമാലൂരിന്റെ ആകാശത്ത് ഇന്നലെ വൈകിട്ടു പ്രത്യക്ഷപ്പെട്ട ഡ്രോൺ കണ്ടു ഗ്രാമവാസികൾ വിസ്മയിച്ചു. അന്വേഷിച്ചിറങ്ങിയ അവർ എത്തിയത് കെ.എം. ലൈജുവെന്ന യുവ കർഷകന്റെ പാടശേഖരത്തിൽ. കണ്ടതാകട്ടെ പച്ചപ്പരവതാനി വിരിച്ച പാടശേഖരത്തിനു മുകളിലൂടെ പറന്നുയർന്നു വളപ്രയോഗം നടത്തുന്ന അഗ്രോ ഡ്രോണിനെ. കർഷകനായ കെ.എം. ലൈജുവാണ്  8 ഏക്കർ പാടശേഖരത്തു നെല്ലിന്റെ പരിപാലനത്തിനും മരുന്നും വളവും തളിക്കാനും അഗ്രോ ഡ്രോൺ ഉപയോഗിച്ചത്.

ഇന്ത്യൻ ഫാർമർ ഫെർട്ടിലൈസർ സഹകരണ ഓർഗനൈസേഷനാണു മരുന്നു സൗജന്യമായി നൽകിയത്. എറണാകുളത്തെ സ്വകാര്യ സ്റ്റാർട്ടപ് കമ്പനിയാണ് ഇതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വളപ്രയോഗം നടത്തുന്നത്.

ഒരു ഏക്കറിൽ ഡ്രോൺ ഉപയോഗിച്ചു തളിക്കുന്നതിന് 800 രൂപയാണു ചെലവ്. മരുന്നു തളിക്കാൻ 10 മിനിറ്റ് സമയം മതി. 

പാടശേഖരത്ത് എല്ലായിടത്തും ഒരുപോലെ തളിക്കാം എന്നതും സ്‌പ്രേ ഉപയോഗിച്ചു തളിക്കുന്നതിനേക്കാൾ ചെലവു കുറവാണെന്നതുമാണ് ഈ സാങ്കേതിക വിദ്യയിലേക്കു ശ്രദ്ധതിരിയാൻ കാരണമായത്. തൊഴിലാളികളുടെ ലഭ്യതക്കുറവു മറികടക്കാനും കർഷകരുടെ ചെലവു ചുരുക്കാനും ഇതിലൂടെ കഴിയും. 

35 ദിവസം പ്രായമായ കൃഷിയിടത്തിലാണു ഡ്രോൺ ഉപയോഗിച്ചു വളപ്രയോഗം നടത്തിയത്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവ തുല്യ അളവിൽ വെള്ളത്തിൽ കലക്കിയാണു വളപ്രയോഗം. ആധുനിക വിദ്യ കണ്ടു മനസിലാക്കുന്നതിനു കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഗവേഷകരും എത്തിയിരുന്നു.

കൃഷി അസി. ഡയറക്ടർ വി. അനിതകുമാരി, വൈറ്റില നെല്ലു ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞ വീണ, കരുമാലൂർ കൃഷി ഓഫിസർ ബി.എം. അതുൽ, പാടശേഖരസമിതി പ്രസിഡന്റ് ബിജു തച്ചേറ, സെക്രട്ടറി ജീസൻ പഞ്ഞിക്കാരൻ, ആലങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബീനാ ബാബു, കെ.കെ. സുബ്രഹ്മണ്യൻ, ടി.എൻ. നിഷിൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com