ADVERTISEMENT

പട്ടയഭൂമിയിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ ഉടമസ്ഥന് ഇനി വനംവകുപ്പിന്റെ അനുമതി വേണ്ട. പട്ടയ ഉടമ നട്ടുവളർത്തിയതോ പട്ടയ ഭൂമിയിൽ റിസർവ് ആയി നിലനിൽക്കുന്നതോ ആയ എല്ലാ മരങ്ങളും അനുമതി കൂടാതെ മുറിക്കാൻ ഉടമയ്ക്കു പൂർണ അധികാരം നൽകി റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഉത്തരവിറക്കി. മുറിച്ചതു കാട്ടുതടിയല്ലെന്ന് ഉറപ്പാക്കാൻ വാഹനത്തിനു വനം വകുപ്പിന്റെ പാസ് മാത്രമെടുത്താൽ മതി.

പട്ടയഭൂമിയിൽ കർഷകർ നട്ടുപിടിപ്പിച്ചതിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ അനുമതി കൂടാതെ വെട്ടാമെന്നു ചൂണ്ടിക്കാട്ടി 3 വർഷം മുമ്പ് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും കർഷകർക്കു ഗുണം ചെയ്തില്ല. 2017നു മുമ്പ് നൽകിയ പട്ടയങ്ങളിൽ റിസർവ് മരങ്ങളുടെ അവകാശം സർക്കാരിനാണെന്നു വ്യവസ്ഥ ചെയ്തിരുന്നതാണു തടസം സൃഷ്ടിച്ചത്. ഇതോടെ റിസർവ് മരങ്ങൾ കൂടാതെ കർഷകർ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ പോലും വനംവകുപ്പ് അനുമതി നൽകാതായി.

ഈ സ്ഥിതി ഒഴിവാക്കാനാണു പുതിയ ഉത്തരവ്. പഴയ പട്ടയ ഫോറത്തിൽ പറയുന്നതു പ്രകാരമുള്ള നിരോധനവും വിലക്കും ഇനി കണക്കിലെടുക്കേണ്ടതില്ലെന്നും ലാൻഡ് റവന്യു കമ്മീഷണർക്കും കലക്ടർമാർക്കും വനം വകുപ്പു മേധാവിക്കുമായി നൽകിയ ഉത്തരവിൽ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. തേക്ക്, ഈട്ടി, ഇരുമുള്ള്, കരിമരം തുടങ്ങിയ റിസർവ് മരങ്ങൾ പട്ടയ ഉടമയ്ക്ക് ആവശ്യമുള്ളപ്പോൾ മുറിക്കാം. 

അനുമതിയില്ലാതെ മരം മുറിച്ചാൽ വണ്ടിയും തടിയും ആളും അകത്ത്

വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമപ്രകാരം വനം വകുപ്പു വിതരണം ചെയ്ത തേക്ക്, ഈട്ടി എന്നിവയുടെ തൈകൾ വാങ്ങി നട്ട കർഷകർക്കു പോലും പിന്നീട് മരം മുറിക്കാൻ അനുമതി കിട്ടിയില്ല. ചില 'നീക്കുപോക്കിനു' തയാറായവർക്കു മാത്രം മരം മുറിക്കാനായി. അനുമതി തേടാതെ സ്വന്തം പട്ടയഭൂമിയിൽനിന്നു മരം മുറിച്ചവർക്കു നേരെയാണ് കർശന നടപടി. വെട്ടിയ മരം, കയറ്റിയ ലോറി, ആയുധം എന്നിവ വനംവകുപ്പു കണ്ടുകെട്ടി. 3 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഈ സാഹചര്യങ്ങളെല്ലാം പുതിയ ഉത്തരവോടെ ഒഴിവായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com