ADVERTISEMENT

കോവിഡ്–19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെത്തുർന്ന് നാളെ പാൽ സംഭരിക്കില്ലെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ അറിയിച്ചു. നാളെ (ഏപ്രിൽ 1) പാൽ സംഭരിക്കുന്നില്ലെന്നു മാത്രമല്ല വ്യാഴാഴ്ച മുതൽ പാൽ നൽകുന്നതിൽ 50 ശതമാനം കുറവ് വരുത്തണമെന്നും മിൽമ മലബാർ മേഖലാ യൂണിയൻ ക്ഷീരസംഘങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. 

പാൽ സംഭരണം വർധിക്കുകയും വിൽപന കുറയുകയും ചെയ്ത സാഹചര്യത്തിൽ ഇതു രണ്ടാം തവണയാണ് മിൽമ മലബാർ മേഖലാ യൂണിയൻ പാൽ സംഭരണം വേണ്ടെന്നു വയ്ക്കുന്നത്. മറ്റെന്നാൾ മുതലുള്ള നിയന്ത്രണവും ആദ്യമായിട്ടാണ്. 

നിലവിൽ മലബാർ മേഖലാ യൂണിയനിൽ പ്രതിദിന പാൽ സംഭരണം ആറു ലക്ഷം ലീറ്ററും വിൽപന മൂന്നു ലക്ഷണം ലീറ്ററുമാണ്. അതേസമയം പാലുൽപന്നങ്ങൾക്ക് കാര്യമായ വിൽപനയുമില്ലെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ കത്തിൽ പറയുന്നു. ശേഷിക്കുന്ന പാലിൽ ഒരു വിഹിതം തിരുവനന്തപുരം മേഖലാ യൂണിയനു നൽകുന്നുണ്ട്. ബാക്കിയുള്ള പാൽ അയൽ സംസ്ഥാനങ്ങളിൽ അയച്ച് പാൽപ്പൊടിയാക്കുകയാണ് ചെയ്യുന്നത്. തമിഴ്നാടിനെയായിരുന്നു ഇതിനായി ആശ്രയിച്ചിരുന്നത്. എന്നാൽ, അവിടുത്തെ പ്രാദേശിക പ്രശ്നങ്ങൾ കാരണം ടാങ്കർ ലോറികൾ ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.  മാത്രമല്ല ഇനി പാൽ കൊണ്ടുവരേണ്ട എന്ന് ഞായറാഴ്ച രാത്രി തമിഴ്നാട് മിൽക്ക് ഫെഡറേഷൻ അറിയിച്ചു. കേരള സംസ്ഥാന സർക്കാർ ഇടപെട്ടിട്ടും ഇതിൽ ആശ്വാസ്യമായ തീരുമാനമുണ്ടായില്ല. അതിനാലാണ് പാൽ സംഭരണത്തിൽ നിയന്ത്രണം വരുത്താൻ തീരുമാനിച്ചതെന്ന് കത്തിൽ പറയുന്നു. 

നാളെ പാൽ സംഭരിക്കാതെ വരികയും മറ്റെന്നാൾ മുതൽ സംഭരണം പകുതിയാക്കുകയും ചെയ്യുന്നതോടെ കർഷർക്ക് വലിയ തിരിച്ചടിയായേക്കും. തീറ്റ ക്ഷാമം രൂക്ഷമായതിനാൽ പലരും ബുദ്ധിമുട്ടിയാണ് കാലിത്തീറ്റ വാങ്ങുന്നത്. പാൽ വിൽപനയിലൂടെ വരുമാനം കണ്ടെത്തുന്ന കർഷകർക്ക് തീരുമാനം വലിയ തിരിച്ചടിയാകും. ഈ മാസം 24ന് മിൽമ മലബാർ മേഖലാ യൂണിയൻ പാൽ സംഭരിച്ചില്ല. ഇതേത്തുടർന്ന് പല കർഷകരും ആവശ്യക്കാർക്ക് വെറുതേ കൊടുക്കുകയും നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com