ADVERTISEMENT

ക്ഷീരകർഷകരിൽനിന്നു പാൽ സംഭരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും, മുഴുവൻ പാലും മിൽമ സ്വീകരിക്കുമെന്നും മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ വ്യക്തമാക്കി. കോവിഡ് -19 ലോക്‌ഡൗൺ മൂലം മേഖലാ യൂണിയനുകളിലൂടെ പാൽ വിൽപനയിൽ കാര്യമായ കുറവ് വരികയും, പാൽ സംഭരണം വർധിക്കുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ തമിഴ്നാട് ഫെഡറേഷന്റെ പാൽപ്പൊടി ഫാക്ടറികളിൽ കൊണ്ടുപോയി പാൽപ്പൊടി ആക്കുകയായിരുന്നു പതിവ്. എന്നാൽ, തമിഴ്നാട് ഫെഡറേഷൻ പാൽ സ്വീകരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് മിൽമ പാൽ സംഭരണത്തിൽ ചില നിയന്ത്രണങ്ങൾ സ്വീകരിച്ചത്.

തമിഴ്നാട് സംസ്ഥാന ഫെഡറേഷൻ പ്രതിദിനം 50,000 ലീറ്റർ പാൽ പാൽപ്പൊടി ആക്കാമെന്ന്‌ സമ്മതിച്ചതിനാലും, മിൽമയുടെ അഭ്യർഥന മാനിച്ച് ഡോഡ്‌ല ഡയറിയുടെ ആന്ധ്രാ പ്രദേശിലെ യൂണിറ്റിൽ പ്രതിദിനം 1 ലക്ഷം ലീറ്റർ പാലും, ഡിണ്ടിഗൽ ഡയറിയിൽ 30,000 ലീറ്റർ പാലും പാൽപ്പൊടിയാക്കാമെന്നു സമ്മതിച്ചതിനാലുമാണ് കർഷകരിൽനിന്നും മുഴുവൻ പാലും സംഭരിക്കാൻ സാധിക്കുന്നത്.

ആയതിനാൽ ഇന്ന് (3–4–2020) മുതൽ മലബാർ മേഖലാ യൂണിയനിലും, എറണാകുളം മേഖലാ യൂണിയനിലും കർഷകരിൽനിന്നു മുഴുവൻ പാലും സ്വീകരിക്കും. തിരുവനന്തപുരം മേഖലാ യൂണിയനിൽ വിൽപ്പനയെക്കാൾ സംഭരണം കുറവായതിൽ പ്രതിസന്ധിയില്ല.

കേരള സർക്കാരിന്റെ ഏപ്രിൽ 1ലെ ഉത്തരവ് പ്രകാരം അങ്കൻവാടികളിലും, അതിഥി തൊഴിലാളി ക്യാമ്പുകളിലും പാലും തൈരും നൽകുന്നതിന് ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവനുസരിച്ച് ജില്ലാ കലക്ടർമാരുമായി ബന്ധപ്പെട്ട് മിൽമയുടെ അതാത് ഡയറികളിൽനിന്നു പാലും തൈരും വിതരണം ചെയ്യുന്നതാണ്. ഉപഭോക്താക്കൾക്ക് പാൽ ലഭ്യതയെ സംബന്ധിച്ചും, ക്ഷീരകർഷകർക്ക് പാൽ വിൽപ്പനയെ സംബന്ധിച്ചും ആശങ്ക വേണ്ടെന്നും മിൽമ ചെയർമാൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com