ADVERTISEMENT

നാട്ടിലെങ്ങും പച്ചക്കറി കൃഷി വ്യാപകമായപ്പോൾ ഓമല്ലൂർ–മഞ്ഞനിക്കര വെളിയത്തുമുറി കോയിക്കൽ അംബാനിലയത്തിൽ രവീന്ദ്രവർമയ്ക്ക് ഒരാഗ്രഹം ഇത്തവണ ഓണത്തിന് പുന്നല്ലരിയുടെ ചോറുണ്ണണം. അങ്ങനെ ആഗ്രഹസഫലീകരണത്തിനായി സ്വന്തം പറമ്പിൽ നെൽ വിത്ത് വിതച്ചു. റബർ കർഷകനായിരുന്ന രവീന്ദ്രവർമയുടെ വീടിനോട് ചേർന്ന ഒന്നര ഏക്കർ പറമ്പിലിപ്പോൾ പച്ചപരവതാനി വിരിച്ചപോലെ പുന്നല്ല് കിളർത്തു നിൽക്കുകയാണ്. 90 ദിവസം കൊണ്ട് പാകമാകുന്ന 50 കിലോ ഐആർ 50/16 വിത്ത് വിതച്ചിട്ട് ഇപ്പോൾ ഒരു മാസം പിന്നിടുന്നു. ഓണത്തിന് വിളവെടുക്കാൻ പാകത്തിനാണ് കൃഷി ചെയ്തിരിക്കുന്നത്. നിലം ഒരുക്കാനും കള നീക്കം ചെയ്യാനും നാട്ടിലെ കർഷകനായ 80 വയസ്സുള്ള പങ്കജാക്ഷനെയും ഒപ്പം കൂട്ടി. 

ഓമല്ലൂർ കൃഷി ഓഫിസർ ജാനറ്റ് ഡാനിയലിന്റെ മേൽനോട്ടത്തിലാണ് പറമ്പിൽ നെല്ല് വിതച്ചത്. ട്രാക്ടർ എത്തിച്ച് പറമ്പ് മുഴുവൻ ഉഴുതു മറിച്ചതിനു ശേഷം മുളപ്പിച്ച വിത്തും ചാരവും പ്രത്യേക അനുപാതത്തിൽ ചേർത്ത് മണ്ണിൽ വിതച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ പ്രതീക്ഷിച്ച വിളവ് ലഭിക്കുമെന്ന് രവീന്ദ്രവർമ പറഞ്ഞു. നെല്ലും കച്ചിയും ബന്ധുക്കളും നാട്ടുകാരും ഇപ്പഴേ ബുക്ക് ചെയ്തു കഴിഞ്ഞു. പുതുതലമുറയ്ക്കും കുട്ടികൾക്കും പരമ്പരാഗത കൃഷി രീതികൾ പരിചയപ്പെടുത്താനായി ചിങ്ങ മാസത്തിലെ വിളവെടുപ്പുത്സവം നടത്താനുള്ള ക്രമീകരണങ്ങളും നടക്കുന്നു. നെൽകൃഷി കൂടാതെ വീട്ടിൽ, പയർ, പാവൽ, വെള്ളരി എന്നിവയും നട്ടു വളർത്തുന്നു. ബാലഗോകുലം ജില്ലാ പ്രസിഡന്റും ഓമല്ലൂർ ഗ്രാമ സംരക്ഷണ സമിതി പ്രസിഡന്റുമാണ് രവീന്ദ്രവർമ. അടൂർ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപികയായ ഭാര്യ ജയശ്രീ വർമയും മക്കളായ നീരജ വർമ, ലിഖിത വർമ എന്നിവരും കൃഷിക്ക് പിന്തുണ നൽകുന്നു.

English summary: Paddy Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com