ADVERTISEMENT

കൃഷിയെയും കാർഷിക മേഖലയെയും ഇഷ്ടപ്പെടുന്നവർക്കും പുതിയ സാധ്യതകൾ തേടുന്നവർക്കുമായി സംഘടിപ്പിച്ച വിർച്വൽ അഗ്രി – ബിസിനസ് എക്സ്പോ 2020ന് തുടക്കം. കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോല്‍പ്പാദനം, ഭക്ഷ്യോല്‍പ്പന്ന സംസ്‌കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍നിന്നുമുള്ള 50-ലേറെ സ്ഥാപനങ്ങളും ബ്രാന്‍ഡുകളും അണിനിരക്കുന്നതാണ് എക്‌സ്പോ. www.agriexpo.coevento.in എന്ന വെബ്സൈറ്റിലൂടെ ആർക്കും വിർച്വൽ മേളയിൽ പങ്കെടുക്കാം. മേള ഒക്ടോബര്‍ 18ന് സമാപിക്കും. 

വിർച്വലായി ഒരുക്കിയിട്ടുള്ള സ്റ്റാളുകളാണ് എക്സ്പോയുടെ പ്രത്യേകത. മേളയുടെ പേജിൽ പ്രവേശിക്കുമ്പോള്‍ എത്തുന്ന ലാന്‍ഡിങ് പേജ് ഒരു എക്‌സ്‌പോ സെന്ററിന്റെ സ്വീകരണവേദി പോലെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവിടെനിന്ന് ഇടത്തും വലത്തും കാണാവുന്ന ഹാളുകളിലേക്ക് പ്രവേശിക്കാം. രണ്ടു ഹാളുകളിലുമായി സാധാരണ പ്രദര്‍ശനങ്ങളിലെ പവലിയനുകള്‍ പോലെയാണ് പ്രദര്‍ശകരുടെ വിര്‍ച്വല്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വിര്‍ച്വല്‍ ബൂത്തുകളിലും ഇടത്തു വശത്ത് ബ്രോഷറുകല്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും നടുവില്‍ വിഡിയോയുമുണ്ട്. ലൈവ് ചാറ്റിങ്ങിനും അവസരമുണ്ട്. 

നെല്‍ക്കൃഷിക്കാവശ്യമായ എല്ലാ ആധുനിക യന്ത്രസാമഗ്രികളും അവതരിപ്പിക്കുന്ന റെഡ്‌ലാന്‍ഡ്‌സ്, വിവിധ കാര്‍ഷിക മേഖലകള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന തൃശൂര്‍ മണ്ണുത്തിയിലെ കാവുങ്കല്‍ അഗ്രോടെക് തുടങ്ങിയ സ്ഥാപനങ്ങളുടെ ബൂത്തുകളാണ് അഗ്രോ-ബിസിനസ് എക്‌സ്‌പോയുടെ പ്രധാന സവിശേഷതകള്‍. മില്‍മയുടെ വിര്‍ച്വല്‍ ബൂത്തില്‍ രോഗപ്രതിരോധം ലക്ഷ്യമിട്ട് വിപണിയിലിറക്കിയ പുതിയ ഉല്‍പ്പന്നമായ ഗോള്‍ഡന്‍ മില്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. രണ്ടു ഹാളുകള്‍ക്കും നടുവിലുള്ള ഓഡിറ്റോറിയത്തിലാണ് ടെക്‌നിക്കല്‍ സെഷനുകള്‍ അരങ്ങേറുന്നത്.

ആദ്യദിനം തന്നെ ആയിരത്തോളം സന്ദര്‍ശകര്‍ എത്തിയെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് അറിയിച്ചു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ മേള ഉദ്ഘാടനം ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, ക്രൂസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിച്ചു. ബംഗ്ലാദേശ് കൃഷി വകുപ്പ് മുന്‍ സെക്രട്ടറി ഡോ. അന്‍വര്‍ ഫാറൂഖ്, അഗ്രി മെഷിനറി നിര്‍മാതാക്കളുടെ സംഘടനയായ അമ്മ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് രാജ്കുമാര്‍ അറുമുഖം, നേപ്പാള്‍ എഫ്എന്‍സിസിഐ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ പ്രധാന്‍, നാര്‍ക് കൗണ്‍സില്‍ അംഗം ഡോ. യമുന ഖാലെ, ശ്രീലങ്കയിലെ അഗ്രി മെഷീനറി നിര്‍മാതാക്കളുടെ സംഘടനയായ അഗ്മയുടെ പ്രസിഡന്റ് ലസന്ത തുടങ്ങിയവര്‍ വിവിധ ടെക്‌നിക്കല്‍ സെഷനുകളില്‍ പങ്കെടുത്തു. രണ്ടാം ദിവസമായ ഇന്ന് (ഒക്ടോ 16) കിന്‍ഫ്രാ എംഡി സന്തോഷ് കോശി തോമസ്, ഐസിഎആര്‍-സിഫ്റ്റ് സയന്റിസ്റ്റ് ഡോ. കെ. ശ്രീലക്ഷ്മി, ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ്, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കെ.പി. സുധീര്‍, ഐസിഎആര്‍-സിഫ്റ്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ജോര്‍ജ് നൈനാന്‍, റെപ്യൂട്ട് എ്ന്‍ജിനേയേഴ്‌സ് എംഡി ദിനേഷ് നമ്പ്യാര്‍ എന്നിവര്‍ വിവിധ ടെക്‌നിക്കല്‍ സെഷനുകളില്‍ സംസാരിക്കും.

ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, ബിസിനസ്സുകാര്‍, കാര്‍ഷികോല്‍പ്പന്ന വിതരണക്കാര്‍, സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങി വലിയൊരു വിഭാഗം ആളുകള്‍ മേള സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി കൊച്ചിയില്‍ ഫുഡ്‌ടെക് കേരള സംഘടിപ്പിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ക്രൂസ് എക്‌സ്‌പോയാണ് മേളയുടെ സംഘാടകര്‍. കൊച്ചിക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, വിയറ്റ്‌നാം, മാലി എന്നിവിടങ്ങളിലും എക്‌സ്‌പോകള്‍ സംഘടിപ്പിച്ചു വരുന്ന സ്ഥാപനമാണ് ക്രൂസ്. പ്രധാനമായും ഫുഡ്, ഫുഡ് പ്രോസസിങ്, പാക്കേജിങ്, അഗ്രോ ബിസിനസ്, ആതിഥേയ വ്യവസായം ഇന്‍ഡ്‌സ്ട്രിയല്‍ ടെക്‌നോളജി മേഖലകളില്‍ എന്നിവയിലാണ് ക്രൂസ് എക്‌സ്‌പോകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്. 

English summary: Agri-Business virtual expo 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com