ADVERTISEMENT

മാലിന്യ സംസ്കരണത്തിനായി റെൻഡറിങ് പ്ലാന്റിന് സർക്കാർ അനുമതി കൊടുത്തതോടെ പന്നിക്കർഷകർ ആശങ്കയിൽ. ഇതേത്തുടർന്ന് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ (എൽഎസ്എഫ്എ) വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തി. കർഷകരുടെ ആശങ്കയിൽ പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ച് പന്നിക്കർഷരുടെ സംഘടനയായ പിഗ് ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച കലക്ട്രേറ്റ് ധർണ നടത്തുമെന്ന് കർഷകർ അറിയിച്ചു.

ചിക്കൻ വേസ്റ്റ്, മിച്ചഭക്ഷണം (ഹോട്ടലുകൾ, റസിഡൻസുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ) എന്നിവ ഉൾപ്പെടെ ഏറ്റെടുത്ത് വയനാട് ജില്ലയിലെ 90 ശതമാനവും മാലിന്യം നീക്കം ചെയ്യുന്നത് പന്നിക്കർഷകരാണെന്ന് എൽഎസ്എഫ്എ പറയുന്നു. വയനാട്ടിൽ ചെറുതും വലുതുമായ 500ൽപ്പരം പന്നി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ഫാമുകളിൽ പ്രതിദിനം 100 ടണ്ണോളം മിച്ചഭക്ഷണം പ്രകൃതിദത്തമായി സംസ്കരിച്ച് ഭക്ഷ്യയോഗ്യമായ മാംസമാക്കി മാറ്റുന്നു. ഈ ഫാമുകളെ മാത്രം ആശ്രയിച്ച് അയ്യായിരത്തോളം പേർ ജീവിക്കുന്നു. ഇവരുടെ ജീവിതമാർഗവും നിലനിൽപ്പും ചോദ്യംചെയ്തുകൊണ്ടാണ് റെൻഡറിങ് പ്ലാന്റുകൾ വരുന്നതെന്നാണ് കർഷകരുടെ ആരോപണം. കോഴിക്കടകളും ഹോട്ടലുകളും പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ മാലിന്യം റെൻഡറിങ് പ്ലാന്റുകൾക്ക് നൽകേണ്ടിവരും. ഇത്രയും നാൾ മാലിന്യനീക്കത്തിന് ഇത്തരം സ്ഥാപനങ്ങൾ പന്നിക്കർഷകരുമായുള്ള കരാറായിരുന്നു സമർപ്പിച്ചിരുന്നതെന്ന് എൽഎസ്എഫ്എ വയനാട് ജില്ലാ പ്രസിഡന്റ് എം.വി. വിൽസൻ കർഷകശ്രീയോടു പറഞ്ഞു. ഇത്തരം റെൻഡറിങ് പ്ലാന്റുകൾ വയനാട്ടിൽത്തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ എതിർപ്പുയർന്നിട്ടുണ്ട്. ‌

ഇക്കാലമത്രയും പന്നിക്കർഷകർ ചെയ്തുവന്നിരുന്ന സേവനങ്ങൾക്ക് ഒരു വിലയും നൽകാതെ സ്വകാര്യമേഖലയ്ക്ക് അവസരം നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും വിൽസൻ പറഞ്ഞു. കർഷകർക്ക് പ്രതിസന്ധിയുണ്ടാകുന്ന നീക്കത്തിനെതിരേ കേരളത്തിലെ മൃഗസംരക്ഷണമേഖലയിലെ മുഴുവൻ കർഷകരെയും അണിനിരത്തി ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് എൽഎസ്എഫ്എയുടെ തീരുമാനം. 

മാലിന്യമുക്ത കേരളം സ്വപ്നം കാണുന്ന സർക്കാരും ബന്ധപ്പെട്ട അധികാരികളും കേരളത്തിലെ റെൻഡറിങ് പ്ലാന്റുകൾക്ക് കൊടുക്കുന്ന സഹായങ്ങളുടെയും സന്നാഹങ്ങളുടെയും ഒരംശം പന്നിക്കർഷകർക്ക് നൽകുകയാണെങ്കിൽ പന്നിഫാമുകളെല്ലാം ഹൈടെക് ആയി പ്രവർത്തിപ്പിച്ച് യാതൊരു മലിനീകരണപ്രശ്നങ്ങളുമില്ലാതെ മാലിന്യസംസ്കരണം നടത്തി മാലിന്യമുക്ത കേരളം കെട്ടിപ്പടുക്കാർ പന്നിക്കർഷകർക്ക് സാധിക്കുമെന്ന് എൽഎസ്എഫ്എ അവകാശപ്പെട്ടു. 

പ്രധാനമായും 6 ആവശ്യങ്ങളാണ് കർഷകർക്കുള്ളത്

  1. ലൈസൻസ് ഇല്ലാതെ 50 പന്നികളെ വരെ വളർത്താൻ അനുവദിക്കുക.
  2. പന്നിഫാമുകൾ ഹൈടെക് ആക്കുന്നതിന് ആവശ്യമായ ധനസഹായവും പരിശീലന ക്ലാസുകളും നൽകുക.
  3. മിച്ചഭക്ഷണവും കോഴിവേസ്റ്റും നീക്കുന്നതിന് പന്നിക്കർഷകരെ അധികാരപ്പെടുത്തുക.
  4. കോഴിക്കടകൾക്കും ഹോട്ടലുകൾക്കും മറ്റും ലൈസൻസ് നൽകുമ്പോൾ മാലിന്യസംസ്കരണത്തിന് പന്നിഫാമുകളുടെ അനുമതിപത്രം ഉൾപ്പെടുത്തുക.
  5. ഫാമുകളുടെ ലൈസൻസ് ചട്ടങ്ങൾ ലഘൂകരിക്കുക.
  6. മിച്ചഭക്ഷണവും, കോഴിവേസ്റ്റും പന്നിഫാമുകളുടെ ആവശ്യം കഴിഞ്ഞതിനുശേഷം മാത്രം റെൻഡറിങ് പ്ലാന്റുകൾക്ക് നൽകുക. 

English summary: Live Stock Farmers  Association Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com