ADVERTISEMENT

വെറ്ററിനറി യൂണിവേഴ്സിറ്റിക്കെതിരേ വെറ്ററിനറി വിദ്യാർഥികൾ രംഗത്ത്. വെറ്ററിനറി ബിരുദത്തെ മറ്റു മെഡിക്കൽ അനുബന്ധ ഡെന്റൽ, ആയുർവേദം, ഹോമിയോപ്പതി കോഴ്സുകളുമായി പഠനത്തിലോ ജോലിയിലോ താരതമ്യം ചെയ്യാൻ സാധിക്കില്ല എന്ന യൂണിവേഴ്സിറ്റിയുടെ നിലപാട് വെറ്ററിനറി പ്രൊഫഷനെ അപമാനിക്കുന്നതും അതോടൊപ്പം വിദ്യാർഥികളെ വഞ്ചിക്കുന്നതുമാണെന്ന് വെറ്ററിനറി വിദ്യാർഥികൾ ആരോപിക്കുന്നു. വിദ്യാർഥികൾ നാളുകളായി ഉന്നയിച്ചുവരുന്ന വെറ്ററിനറി ബിരുദാനന്തര ബിരുദ, ഗവേഷണ അലവൻസ് വർധന വിഷയത്തിലാണ് യൂണിവേഴ്സിറ്റിയുടെ വിവാദ പരാമർശം.

വെറ്ററിനറി ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർഥികളുടെ അലവൻസ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. വെറ്ററിനറി കോഴ്സുകൾക്ക് തുല്യമായ മറ്റു മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പിജി, പിഎച്ച്ഡി അലവൻസായി പ്രതിമാസം മെഡിക്കൽ - 53000 രൂപ, ഡെന്റൽ - 53000 രൂപ, ആയുർവേദം - 45000 രൂപ, ഹോമിയോപ്പതി - 30,000 രൂപ എന്നിങ്ങനെയാണ് വിദ്യാർഥികൾ കൈപ്പറ്റുന്നത്. അതേസമയം, വെറ്ററിനറി ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 4000 രൂപയും ഗവേഷക വിദ്യാർഥികൾക്ക് 5000 രൂപയും മാത്രമാണ് അലവൻസായി ലഭിക്കുന്നത്. നിലവിൽ ബിരുദ വിദ്യാർഥികൾക്ക് പ്രതിമാസം ഇന്റേൺഷിപ് അലവെൻസ് വകയിൽ 20,000 രൂപ ലഭിക്കുന്ന സാഹചര്യത്തിലാണ് പിജി വിദ്യാർഥികളോടുള്ള ഈ അവഗണന.

ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഒരു സെമസ്റ്ററിൽ (6 മാസം) 53,000 രൂപയോളം ഫീസ്+മെസ് ഇനത്തിൽ അടയ്ക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ, മാസം 4000 രൂപ വച്ച് 24,000 രൂപ മാത്രമാണ് അലവൻസ് ആയി ലഭിക്കുക. അതും ഒരു വർഷം കൂടുമ്പോഴാണ് പലപ്പോഴും ലഭിക്കുന്നത്. അവശേഷിക്കുന്ന തുക വീടുകളിൽനിന്ന് വാങ്ങേണ്ട സ്ഥിതിയാണ് വിദ്യാർഥികൾക്കുള്ളത്. ഇതേത്തുടർന്ന് പലരും പിജി ആഗ്രഹം ഉപേക്ഷിക്കുകയും ചെയ്യുന്നു.

വെറ്ററിനറി വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതിനാൽ വിദ്യാർഥി സംഘടന വിഷയത്തിൽ ഇടപെട്ടു. ഇതേത്തുടർന്ന് അക്കാദമിക് കൗൺസിൽ അലവൻസ് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം ബോർഡ് ഓഫ് മാനേജ്മെന്റിനെ അറിയിച്ചു. മാനേജ്മെന്റ് അലവൻസ് വർധനയെക്കുറിച്ച് പഠിക്കാൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 

എന്നാൽ, ആ കമ്മിറ്റി ഒരു പ്രഹസനം ആയി മാറുകയാണ് ചെയ്തതെന്ന് വിദ്യാർഥികൾ പറയുന്നു.  പ്ലാനിങ് ഫണ്ടിൽ മതിയായ തുകയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ബിരുദാനന്തര ബിരുദ, ഗവേഷക വിദ്യാർഥികൾക്കുള്ള അലവൻസ് വർധിപ്പിക്കണമെന്ന നിർദ്ദേശം തള്ളി. ഇതേത്തുടർന്ന് യൂണിവേഴ്സിറ്റി എസ്എഫ്ഐ സബ് കമ്മിറ്റി ഈ വിഷയം മുഖ്യന്ത്രിയെ അറിയിക്കുകയും നിവേദനം സമർപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് യൂണിവേഴ്സിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടു. 

പിന്നാലെ, യൂണിവേഴ്സിറ്റിയുടെ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് അലവൻസ് വർധിപ്പിക്കാൻ സാധിക്കാത്തതെന്നും  അലവൻസ് തുക വർധിപ്പിച്ചുകൊണ്ട് സർക്കാരിൽനിന്ന് നേരിട്ട് വിദ്യാർഥികൾക് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് മുഖ്യമന്ത്രിക്ക് മറുപടി കൊടുകാം എന്ന് യൂണിവേഴ്സിറ്റി അധികാരികൾ വിദ്യാർഥികൾക് ഉറപ്പു കൊടുക്കുകയും ചെയ്തു.

എന്നാൽ, പിന്നീട് യൂണിവേഴ്സിറ്റി അധികാരികൾ മുഖ്യമന്ത്രിക്കു കൊടുത്ത മറുപടിയിൽ കേരളത്തിനു പുറത്തുള്ള വെറ്ററിനറി സർവകലാശാലകളിൽ കേരളത്തിലെ പോലെ ചെറിയ തുകയാണ് കൊടുക്കുന്നതെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. അതുപോലെ വെറ്ററിനറി കോഴ്സിന് മറ്റു മെഡിക്കൽ അനുബന്ധ കോഴ്സുകളുമായി പഠനത്തിലോ ജോലിയിലോ താരതമ്യം ചെയ്യാനുള്ള യോഗ്യത ഇല്ല എന്നും വിശദീകരണ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ മറുപടിയിലൂടെ കേരളത്തിലെ വെറ്ററിനറി സമൂഹത്തെ അടച്ചാക്ഷേപിക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്തിരിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. 

veterinary-1
വെറ്ററിനറി സർവകലാശാല വിദ്യാർഥികൾക്കു നൽകിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങൾ. 1, 2 പോയിന്റുകളാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയരാൻ കാരണം

കേരളത്തിനു പുറത്തെ വെറ്ററിനറി യൂണിവേഴ്സിറ്റികളിൽ കേരളത്തിലേതുപോലെ കുറഞ്ഞ അലവൻസ് ആണ് നൽകുന്നതെന്ന കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ വാദം തെറ്റാണെന്ന് വിദ്യാർഥികൾ പറയുന്നു. ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  8000 രൂപയും നാഷണൽ ഡെയറി ഇൻസ്റ്റിറ്റ്യൂട്ട് 7560 രൂപയും രാജസ്ഥാൻ വെറ്ററിനറി കോളജ് 10,000 രൂപയും തിരുപ്പതി ശ്രീ വെങ്കടേശ്വര വെറ്ററിനറി യൂണിവേഴ്സിറ്റി 10,000 രൂപയും, ഹൈദരാബാദ് വെറ്ററിനറി കോളജ് 10,500 രൂപയും പിജി വിദ്യാർഥികൾക്ക് അലവൻസ് ആയി നൽകുന്നുണ്ട്. മറ്റു മെഡിക്കൽ കോഴ്സുകളിലേതുപോലെ ഭീമമായ തുക തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും എന്നാൽ അർഹതപ്പെട്ട വിധത്തിലുള്ള പരിഗണന നൽകണമെന്നും വിദ്യാർഥികൾ പറയുന്നു.

English summary: Stop injustice towards veterinary PG PhD allowance 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com