ADVERTISEMENT

മൃഗസ്നേഹികൾക്കും മൃഗരക്ഷാ പ്രവർത്തനങ്ങൾക്ക് ആഗ്രഹമുള്ളവർക്കും പ്രത്യേക പരിശീലന പദ്ധതിയുമായി കേരള സിവിൽ ഡിഫെൻസ് ഫോഴ്സ് കോട്ടയം. ഒരു ജീവൻ ചേർത്തുപിടിക്കാൻ ഏകദിന പരിശീലനമാണ് കോട്ടയം ജില്ലാ സിവിൽ ഡിഫെൻസ് മൃഗസ്നേഹികൾക്കായി ഒരുക്കിയിരിക്കുന്നത്. നാളെ (ഫെബ്രുവരി 28) രാവിലെ 10.30 മുതൽ കോട്ടയം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽവച്ചാണ് പരിശീലനം. കോവിഡ് പ്രശ്നങ്ങളുള്ളതിനാൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയൂ എന്ന് സംഘാടകർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അടുത്ത തവണ അവസരം നൽകുന്നതായിരിക്കുമെന്നും കോട്ടയം ജില്ല സിവിൽ ഡിഫെൻസ് അറിയിച്ചു. ഇതിനോടകംതന്നെ മികച്ച പ്രതികരണമാണ് പരിശീലന പരിപാടിക്ക് ലഭിച്ചിട്ടുള്ളതെന്ന് കോട്ടയം ജില്ലാ സിവിൽ ഡിഫെൻസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ആനിമൽ റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് തൽപരരായിട്ടുള്ളവർക്ക് സഹായകരമായ പരിശീലനമാണ് സൗജന്യമായി നൽകുന്നത്. പരിക്കേറ്റ മൃഗങ്ങളെ റെസ്ക്യൂ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് നൽകേണ്ട പ്രഥമ ശുശ്രൂഷ എന്നിവയാണ് പരിശീലന വിഷയങ്ങളിലൊന്ന്. കൂടാതെ, കുഴികളിലോ കിണറ്റിലോ വീഴുന്ന മൃഗങ്ങളെ എങ്ങനെ രക്ഷപ്പെടുത്തണം, കിണറ്റിൽ ഇറങ്ങേണ്ടിവരുമ്പോൾ കയർ ഏതു വിധത്തിൽ കെട്ടണം, കിണറ്റിലെ ഓക്സിജന്റെ ലഭ്യത എങ്ങനെ പരിശോധിക്കാം, വെള്ളത്തിൽ കിടന്ന ജീവിക്ക് എങ്ങനെ പ്രഥമ ശുശ്രൂഷ നൽകാം, വന്യജീവികളിളുടെ ആക്രമണങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടാം എന്നിങ്ങനെയുള്ള വിഷയങ്ങളും പരിശീലനപരിപാടിയിലുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭമെന്ന് കോട്ടയം ജില്ലാ സിവിൽ ഡിഫെൻസ് ഡിസ്ട്രിക്ട് വാർഡൻ സ്മികേഷ് ഓലിക്കൻ കർഷകശ്രീയോടു പറഞ്ഞു. ഒരു ജില്ലയിൽ 100 ആനിമൽ റെസ്ക്യൂ പ്രവർത്തകരെ വളർത്തിയെടുക്കാനാണ് തങ്ങളുടെ ശ്രമം. വിവിധ ജില്ലകളിൽനിന്നായി 50ലധികം പേർ ഇതിനോടകം പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പങ്കെടുക്കുന്നവരുടെ എണ്ണം ക്രമീകരിക്കും. കൂടാതെ ഈ പരിശീലനം വിജയിച്ചാൽ മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: 8086087101 

English summary: Animal Rescue Training Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com