കര്‍ഷകന്റെ ഇരുപതോളം പന്നികളെ കുത്തിപ്പരിക്കേല്‍പ്പിച്ച് അയല്‍വാസി. ഇടുക്കി ചെറുതോണി മണിയാറന്‍കുടി ഞവരക്കാട് ജോബിയുടെ പന്നികളെയാണ് അയല്‍വാസി കുത്തിപ്പരിക്കേല്‍പ്പിച്ചത്. നീളമേറിയ ആയുധംകൊണ്ട് മുതുകില്‍ കുത്തുകയായിരുന്നുവെന്നാണ് നിഗമനം. കുത്തേറ്റ 4 പന്നികള്‍ ചാകുകയും അവശേഷിക്കുന്നവ രക്തം വാര്‍ന്ന് മരണാസന്നരായി കിടക്കുകയുമാണെന്ന് കേരള പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ കര്‍ഷകശ്രീയോടു പറഞ്ഞു. കുത്തേറ്റ പന്നികള്‍ എല്ലാംതന്നെ ഗര്‍ഭിണികളും പ്രസവം അടുത്തവയുമായിരുന്നു.

ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ജോബിയുടെ അയല്‍വാസി ഫാമില്‍ കടന്ന് പന്നികളെ ആക്രമിക്കുകയായിരുന്നു. പ്രസവത്തിനു മുന്നോടിയായി പ്രത്യേക കമ്പിക്കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന പന്നികളെയാണ് ആക്രമിച്ചത്. പന്നികളെ കൂടാതെ ജോബിയുടെ ജീപ്പിന്റെ ടയറുകള്‍ കുത്തിപ്പൊട്ടിച്ച് കൊക്കയിലേക്ക് തള്ളിയിടുകയും വീട്ടില്‍ കയറി ടിവി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ജനല്‍ ചില്ലകുകളും അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജോബിയുടെ ഗര്‍ഭിണിയായ ഭാര്യയെ ആക്രമിച്ചെന്നും പറയുന്നു.
പാട്ടത്തിനെടുത്ത സ്ഥലത്താണ് ജോബി പന്നിഫാം നടത്തുന്നത്. മറ്റു വരുമാനമാര്‍ഗങ്ങളില്ലാത്ത ജോബി നാല്‍പതോളം പന്നികളെ വളര്‍ത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നത്. വരുമാനമാര്‍ഗമായ പന്നികളെ നഷ്ടപ്പെട്ട വേദനയിലാണ് കര്‍ഷകനെന്ന് ഫാം സന്ദര്‍ശിച്ച കേരള പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ചെറുതോണി പൊലീസ് കേസ് എടുത്തു.