ADVERTISEMENT

പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രം മാവുകളുടെ Gemplasm analysisന് വേണ്ടി തയ്യാറാക്കിയ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുമ്പ് മലബാർ മേഖലയിലെ നാടൻ മാവുകളെക്കുറിച്ച് അന്വേഷണമാരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി കണ്ണപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുമയുടെ സഹകരണം തേടിയിരുന്നു.

നാട്ടുമാവിനങ്ങളെ കണ്ടെത്തൽ, ഗവൺമെന്റ് ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തിയ ഇനങ്ങളുടെ കൺസർവേഷൻ, വിത്ത് തൈകളിലൂടെയും  ഗ്രാഫ്റ്റ് തൈകളിലൂടെയും അതിന്റെ വ്യാപനം, പ്രത്യേക സവിശേഷതയുള്ള ഇനങ്ങളുടെ രാസ പരിശോധന തുടങ്ങിയ നാലു ലക്ഷ്യങ്ങൾ മുൻനിർത്തി നാട്ടുമാവ് സംരക്ഷണവും ഗവേഷണാത്മക പഠനവും നടത്തുന്ന കൂട്ടായ്മയാണ് നാട്ടു മാഞ്ചോട്ടിൽ. ഇതിനകം ഇനങ്ങൾ നശിച്ചു പോകാത്ത വിധം കണ്ടെത്തിയ ഇരുനൂറോളം നടൻ മാവിനങ്ങളിൽ 156 ഇനങ്ങൾ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. കൂട്ടായ്മയുടെ അമരക്കാരനും നാട്ടുമാവ് സംരക്ഷകനുമായ ഷൈജു മാച്ചാത്തി കണ്ണപുരത്തും സമീപ പഞ്ചായത്തുകളിൽനിന്നുമായും കണ്ടെത്തിയ ഇരുപത്തിരണ്ടോളം കടുക്കാച്ചി ഇനത്തിൽപ്പെട്ട നാടൻ മാവുകളുടെ കെമിക്കൽ അനാലിസിസ് അടക്കമുള്ള ഗവേഷണാത്മക പഠനം നടത്തിവരികയായിരുന്നു. അതിനിടെയാണ് രണ്ട് പ്രവർത്തനവും സംയോജിപ്പിച്ച് പടന്നക്കാട് ഗവൺമെന്റ് കാർഷിക ഗവേഷണ കേന്ദ്രവുമായി ചേർന്നുകൊണ്ട് കണ്ണപുരത്തെ നടൻ മാവുകളുടെ  കെമിക്കൽ അനാലിസിസാണ് നടക്കാൻ പോകുന്നത്.

എല്ലാ ഹൈബ്രിഡ് ഇനങ്ങളും പുറത്തിറങ്ങുന്നതിന് മുമ്പ് ഇത്തരത്തിൽ മാങ്ങകളുടെ കെമിക്കൽ അനാലിസിസ് നടത്താറുണ്ട്. ഹൈബ്രിഡ് ഇനമായ മല്ലിക മാങ്ങയിൽ ബീറ്റ കരോട്ടിൻ ധാരാളമുണ്ടെന്ന കണ്ടെത്തൽ ഇങ്ങനെ വന്നതാണ്. എന്നാൽ നാടൻ മാവിനങ്ങളുടെ ഇത്തരം പരിശോധനകൾ അപൂർവ്വമായേ നടക്കാറുള്ളു.

കണ്ണപുരത്ത് ഇടക്കേപ്പുറം എന്ന സ്ഥലത്ത് മരുന്നു മാങ്ങാ എന്ന് പ്രാദേശികമായി വിളിപ്പേരുള്ള മാങ്ങയുണ്ട്. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് അത് ഏറെ പ്രയോജനകരമാണെന്ന് അനുഭവസ്ഥരായ പ്രദേശവാസികൾ പറയുന്നു. പുളി രസവും, നാരും, ചുനയും ഏറെയുള്ള ഈ മാങ്ങയെക്കുറിച്ചുള്ള ഈ നിരീക്ഷണത്തിന് ശാസ്ത്രീയമായ അടിത്തറയില്ല. എന്നാൽ കെമിക്കൽ അനാലിസിസിലൂടെ ഇത്തരം മാങ്ങകളുടെയെല്ലാം ഔഷധമൂല്യവും പോഷക ഘടകങ്ങളും കണ്ടെത്താനാകും. അത് വലിയ നേട്ടമാണ്. അത് നാടൻ മാവിനങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വർധിപ്പിക്കും.

തയ്യിൽ ചോപ്പൻ, നാനാടി മധുരം, ചെമ്പൻ മധുരം, മുട്ടി ചോപ്പൻ, നെടിയങ്ങ കൊക്കൻ, കോയക്ക മാങ്ങ, മഞ്ഞ പഞ്ചാര, കണ്ണപുരം റെഡ്, കണ്ണപുരം മാങ്ങ തുടങ്ങിയ പഴമാങ്ങ കളുടെയും ചേരു പുളിയൻ, ഉണ്ണിപ്പുളിയൻ, ഉണ്ട മാങ്ങ, വലിയ പുളിമധുരം തുടങ്ങിയ അച്ചാർ മാങ്ങകളുടെതുമടക്കം 25 ഇനം മാങ്ങകളുടെ സാമ്പിളുകൾ കഴിഞ്ഞ ദിവസം ശേഖരിച്ചു.

പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രം ഹോട്ടി കൾച്ചറൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രഫസർ ടി.ടി. തനൂജയും, ഷൈജു മാച്ചാത്തി, കണ്ണപുരം കൃഷി ഓഫീസർ എ.എൻ. അനഷയുമടങ്ങുന്ന ടീമാണ് കണ്ണപുരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി സാമ്പിളുകൾ ശേഖരിച്ചത് . പഠനത്തിന് വിധേയമാക്കുന്ന മാവുകളുടെ ജിയോളജിക്കൽ മാപ്പ് അടക്കം എല്ലാ വിവരങ്ങളും ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com