ADVERTISEMENT

ബീഫ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ് കേരളത്തിലുള്ളത്. മലയാളിയുടെ ഭക്ഷണത്തില്‍ അത്ര ചെറുതല്ലാത്ത സ്ഥാനമാണ് ബീഫിനുള്ളത്. എന്നാല്‍, പോത്തിറച്ചിയുടെ വില പെട്രോള്‍ വിലപോലെ കുതിച്ചു കയറുകയാണ്. സംസ്ഥാനത്തെ ഓരോ ജില്ലയിലും പോത്തിറച്ചിയുടെ വില വ്യത്യസ്തമാണ്. പലേടത്തും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന വിധത്തിലല്ല വില കയറിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ അമിത വിലയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് കോട്ടയം മുളക്കുളം സ്വദേശി കെ.വി. ജോര്‍ജ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് പോത്തിറച്ചിക്ക് സംസ്ഥാനവ്യാപകമായി ഏകീകൃത വില നിശ്ചയിക്കണമെന്നാണ് അപേക്ഷകന്റെ ആവശ്യം. വ്യത്യസ്തവും സാധാരണക്കാരുടെ ആവശ്യവുമായ ഈ അപേക്ഷ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അപേക്ഷയുടെ പൂര്‍ണരൂപം വായിക്കാം...

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവര്‍കള്‍ മുമ്പാകെ, കോട്ടയം ജില്ലയില്‍, മുളക്കുളം പഞ്ചായത്തില്‍ 2 വാര്‍ഡില്‍ താമസിക്കുന്ന കെ.വി. ജോര്‍ജ്, കളരിക്കല്‍, മുളക്കുളം സൗത്ത് പി.ഒ എന്ന റിട്ട. അധ്യാപകന്‍ നല്‍കുന്ന അപേക്ഷ.

കോട്ടയം ജില്ലയില്‍ നുറുക്കാത്ത പോത്തിറച്ചിക്ക് 380 രൂപ കൊടുക്കണം.

എന്നാല്‍, ഇതേ ഇറച്ചിക്ക് അടിമാലിയില്‍ 300/320 രൂപ, പെരുമ്പാവൂരില്‍ 320 രൂപ, വരാപ്പുഴയില്‍ 280 രൂപ, എറണാകുളത്തും പരിസരപ്രദേശങ്ങളിലും 300 രൂപ, ചാലക്കുടിയില്‍ 280 രൂപ, തൃശൂരും പരിസരപ്രദേശങ്ങളിലും 280/300 രൂപ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ 280/ 300 രൂപ.

പോത്തിറച്ചി മറ്റുജില്ലകളില്‍ വില്‍ക്കുന്ന വില ഇങ്ങനെയൊക്കെ ആയിരിക്കെ, കോട്ടയം ജില്ലയില്‍ മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380 രൂപ!!

പോത്തിറച്ചിയുടെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണ് എന്റെ അറിവ്. അതിനാല്‍ തന്നെ, ജില്ലാപഞ്ചായത്ത് തങ്ങളുടെ അധികാരം ഉപയോഗിച്ച് കോട്ടയം ജില്ലയില്‍ വില്‍ക്കുന്ന പോത്തിറച്ചിക്ക്, മാംസവ്യാപാരികള്‍ ഈടാക്കിവരുന്ന അമിതവില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

കോവിഡ് മഹാമാരി മൂലം സാമ്പത്തികഞെരുക്കം നേരിടുന്ന സാധാരണ ജനത്തിന് പോത്തിറച്ചിയുടെ അമിതവില കുറയ്ക്കുന്നത് വളരെ ആശ്വാസകരമാകും... 

കൂടാതെ, കോട്ടയം ജില്ലാപഞ്ചായത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത്, സംസ്ഥാനമൊട്ടാകെ  പോത്തിറച്ചിക്ക് ഏകീകൃത വില നിശ്ചയിച്ചാല്‍ വളരെ നന്നായിരിക്കും..

വളരെ പ്രതീക്ഷയോടെ നിര്‍ത്തുന്നു.. 

സ്‌നേഹപൂര്‍വ്വം..

കെ.വി. ജോര്‍ജ്

English summary: Letter to district panchayat president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com