ADVERTISEMENT

വരും വർഷങ്ങളിൽ കേരളത്തിന്റെ തീരത്ത് കടൽക്ഷോഭം വർധിക്കുമെന്ന് വിദഗ്ധർ. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂടു വർധിക്കുന്നതു കാരണം അടിക്കടി ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് തീരദേശമേഖലകളിൽ കടൽ പ്രക്ഷബ്ധുധമാകുന്ന അവസ്ഥ വരും നാളുകളിൽ കൂടാനാണ് സാധ്യത. കടലിൽ ചൂട് വർധിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിഫലനമാണ്. കടലിനോട് ചേർന്നുകിടക്കുന്ന ജൈവ-ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽനിന്ന് തീരദേശമേഖലയെ സംരക്ഷിച്ചുനിർത്താമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച വെബിനാറിലാണ് ഈ അഭിപ്രായമുയർന്നത്. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടാകുന്ന സ്റ്റോം സർജ് എന്ന പ്രതിഭാസം തീരക്കടലുകളിൽ ഉയർന്ന തിരമാലകൾക്ക് കാരണമാകും. കടൽ കയറുന്നതിനും തീരമേഖലകളിൽ പ്രളയം സൃഷ്ടിക്കുന്നതിനും ഇതു കാരണമാകുന്നു. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ ഫലമായുണ്ടായ ഈ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളതീരത്ത് നാശം വിതച്ചതെന്ന് വെബിനാറിൽ സംസാരിച്ച വിദഗ്ധർ ചൂണ്ടിക്കാട്ടി. തീരദേശ നിർമാണ പ്രവർത്തനങ്ങളിലൂടെയും അല്ലാതെയും നഷ്ടപ്പെട്ട ജൈവവൈവിധ്യങ്ങളുടെ ശരിയായ പുനരുജ്ജീവനമാണ് ദീർഘകാലാടിസ്ഥാനത്തിൽ തീരദേശത്തെ സംരക്ഷിക്കാനുള്ള പ്രകൃതിദത്തമായ പോംവഴി. ഇതിന്റെ ഭാഗമായി കേരളത്തിന്റെ തീരങ്ങളിൽ കണ്ടൽകാടുകൾവച്ചുപിടിപ്പിക്കണമെന്ന് വെബിനാർ ആവശ്യപ്പെട്ടു.

മുംബൈയുമായി ചേർന്നു നിൽക്കുന്ന സ്ഥലങ്ങളിലെ കടൽക്ഷോഭങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ കണ്ടൽകാടുകൾ സഹായകരമായി എന്ന് ശാസ്ത്രീയ പഠനറിപ്പോർട്ടുണ്ട്. കണ്ടൽവനവൽകരണം നടത്തുന്നതിനും അതുവഴി കടൽതീരങ്ങളിലെ ജൈവ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും പൊതുജന പങ്കാളിത്തത്തോടെയുള്ള സോഷ്യൽ ഫോറസ്ട്രി മാതൃകയിലുള്ള പദ്ധതികളാണു വേണ്ടത്. കടലോരത്തെ എല്ലാ പ്രദേശങ്ങളും കണ്ടൽവനവൽകരണത്തിന് അനുയോജ്യമല്ല. അനുയോജ്യമായ പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നതിന് പഠനം ആവശ്യമാണ്. തീരദേശത്തെ ഹരിതകവചമാക്കി മാറ്റുന്നതിനും അവയുടെ പരിപാലനത്തിനും റിമോട്ട് സെൻസിങ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കാമെന്നും വെബിനാർ നിർദേശിച്ചു.

മഹാരാഷ്ട്ര വനവികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എൻ. വാസുദേവൻ മുഖ്യാതിഥിയായി. കിഴക്കൻ മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പി.പി. പ്രമോദ്, ചെന്നൈയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കോസ്റ്റൽ റിസർച്ച് പ്രോഗ്രാം ഡയറക്ടർ ഡോ. ആർ. രാമസുബ്രമണ്യൻ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. പി. കലാധരൻ, സാർക് സീനിയർ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ. ഗ്രിൻസൻ ജോർജ്, ഡോ. പി. വിനോദ്, ഡോ. രതീഷ്‌കുമാർ എന്ന വെബിനാറിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com