ADVERTISEMENT

കാന്തല്ലൂർ അഞ്ചുനാട് മേഖലയിൽ കർഷകരുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹോർട്ടികോർപ് മേഖലയിലെ കർഷകർക്ക് വില്ലനാകുന്നു. ഹോർട്ടികോർപ് സംഭരിച്ച ഉൽപന്നങ്ങളുടെ തുക നൽകാത്തത് മൂലം പച്ചക്കറി വിപണന കേന്ദ്രമായ വിഎഫ്പിസികെയുടെ പ്രവർത്തനം തന്നെ നിലച്ചിരിക്കുകയാണ് പ്രദേശത്ത്. കഴിഞ്ഞ പത്ത് വർഷക്കാലമായി പ്രദേശത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന പഴം പച്ചക്കറികൾ വിഎഫ്പിസികെ ലേലത്തിലൂടെ വിറ്റഴിച്ച് മികച്ച വിലയാണ് നൽകി വന്നിരുന്നത്. 

വിഎഫ്പിസികെ ലേലകേന്ദ്രത്തിൽ ആഴ്ചതോറും ബുധനാഴ്ചയും വെള്ളിയാഴ്ചയും നടക്കുന്ന ലേലത്തിലൂടെ ടൺകണക്കിന് പച്ചക്കറികളാണ് വിറ്റഴിച്ചിരുന്നത്. ഒട്ടേറെ വ്യാപാരികളും കച്ചവടക്കാരും മേഖല സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളും പങ്കെടുക്കുന്ന ലേലത്തിലൂടെ മികച്ച വിലയും കർഷകർക്ക് ലഭിച്ചിരുന്നു. മുൻപ് ലഭിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടിവരെയാണ് വിളകൾക്ക് വിലയായി ലഭിച്ചിരുന്നത്. മാത്രമല്ല പ്രദേശത്ത് വിളയുന്ന എല്ലാത്തരം പഴവർഗങ്ങളും പച്ചക്കറികളും ഏതൊരളവിലും വിറ്റഴിക്കാനും സാധിച്ചിരുന്നതിനാൽ കർഷകനു മികച്ച സേവനമാണ് സ്ഥാപനം നൽകിയിരുന്നത്.

എന്നാൽ, കഴിഞ്ഞ രണ്ടുവർഷക്കാലമായി സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചു. ഇതിനാൽ കഴിഞ്ഞ സീസണുകളിൽ ടൺകണക്കിന് പച്ചക്കറികളാണ് വാങ്ങുവാൻ ആളില്ലാതെ പാടങ്ങളിൽ ചീഞ്ഞ് നശിച്ചത്. പ്രദേശത്തെ മറ്റു വ്യാപാരികൾ ഈ സാഹചര്യം മുതലാക്കി വില താഴ്ത്തിയാണ് പച്ചക്കറികൾ സംഭരിക്കുന്നത്. ഇവിടെ നിന്നു പച്ചക്കറികൾ സംഭരിച്ചിരുന്ന ഹോർട്ടികോർപ്പും പ്രദേശത്തെ ചില വ്യാപാരികളും ചേർന്ന് 18 ലക്ഷം രൂപയോളം കുടിശിക വരുത്തിയതോടെ കർഷകർക്ക് പണം നൽകാൻ കഴിയാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വിഎഫ്പിസികെ അധികൃതർ പറഞ്ഞു. 

അതേസമയം, ചില ജീവനക്കാരും കമ്മിറ്റി അംഗങ്ങളും സ്വകാര്യ വ്യാപാരികളെ സഹായിക്കാനായി പ്രവർത്തനം മന്ദിപ്പിച്ചതായും ആരോപണമുണ്ട്. ഇവിടെ ലക്ഷങ്ങൾ മുടക്കി വാങ്ങികൂട്ടിയ കാർഷിക യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. വരും സീസൺ മുതലെങ്കിലും വിഎഫ്പിസികെയെ വീണ്ടും പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 18ന് കാന്തല്ലൂരിലെത്തുന്ന കൃഷി വകുപ്പ് മന്ത്രിക്ക് അപേക്ഷ നൽകാനൊരുങ്ങുകയാണ് കർഷകർ.

English summary: Farmers problems in Vattavada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com