ADVERTISEMENT

തമിഴ്നാട് പൊള്ളാ‍ച്ചിയിലെ സ്വകാര്യ വ്യക്തികളുടെ തെങ്ങിൻതോട്ടങ്ങളിൽ നിന്നു വിത്തുതേങ്ങ ശേഖരിച്ച് കേരള കാർഷിക സർവകലാശാലയുടെ ലേബലിൽ കർഷകർക്കു വിൽക്കാനുള്ള പദ്ധതി തുടർച്ചയായി മൂന്നാം വർഷവും നടപ്പാക്കുന്നു. ഗുണ‍മേന്മ ഉറപ്പാക്കാ‍തെയാണ് ഏകദേശം 4 ലക്ഷം വിത്തുതേങ്ങ സർവകലാശാല വാങ്ങുന്ന‍തെന്നാണ് ആരോപണം. കൃഷി വകുപ്പിന്റെ ‘കേരഗ്രാമം’ പദ്ധതിയുടെ ഭാഗമായാണ് വിത്തുതേങ്ങ ശേഖരിക്കുന്നത്.

പൊള്ളാ‍ച്ചിയിലെ തോട്ടങ്ങളിൽ നിന്ന് ഉയരം കൂടിയ പശ്ചിമതീര നെടി‍യൻ (ഡബ്ല്യുസിടി) ഇനം തെങ്ങിന്റെ വിത്തുതേങ്ങ‍കളാണു ശേഖരിക്കുന്നത്. ഒരെണ്ണ‍‍ത്തിന് 32 രൂപയാണ് വില.

ഇതു വാങ്ങുന്നതിന് പൊള്ളാച്ചി രാമപട്ട‍ണത്തുള്ള വൻകിട കർഷകനെ ബന്ധപ്പെ‍ടാൻ സർവകലാശാലാ ഗവേഷണ വിഭാഗം മേധാവി, വിവിധ ഗവേഷണ കേന്ദ്രങ്ങ‍ളോടു നിർദേശിച്ചു. ഇതിനു പിന്നിൽ, തമിഴ്നാട് കാർഷിക സർവകലാശാലയിൽ പ്രഫസറായിരുന്ന ശേഷം നിലവിൽ കാർഷിക സർവകലാശാലയിലുള്ള ഒരു ഉന്നതന്റെ പ്രത്യേക താൽപര്യമുണ്ടെന്നാണു പരാതി.

കേരളത്തിൽ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ ഉയരം കുറഞ്ഞ സങ്കരയിനങ്ങൾ  വ്യാപിപ്പിക്ക‍ണമെന്നാണ് സർക്കാർ നയം. എന്നാൽ പൊള്ളാച്ചിയിൽനിന്ന് എത്തിക്കുന്ന ഉയരം കൂടിയ ഇനങ്ങൾക്ക് രുചിയും കാമ്പും കുറവാണ്. ഈ ഇനം നട്ടുപിടിപ്പി‍ച്ചാൽ ഗുണമേന്മയില്ലാത്ത തെങ്ങുകൾ കേരളത്തിൽ വ്യാപിക്കുമെന്നു കൃഷി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഉയരം കുറഞ്ഞ അനന്തഗംഗ, ലക്ഷ‍ഗംഗ, കേര‍ഗംഗ, കേരശ്രീ, കേരസൗഭാഗ്യ എന്നീ ഉൽപാദന ശേഷി കൂടിയ സങ്കര ഇനം തെങ്ങുകൾ കാർഷിക സർവകലാശാല പുറത്തിറക്കിയിട്ടുണ്ട്. ഈ തൈകൾ കൂടുതൽ ഉൽപാദിപ്പിച്ചു കർഷകർക്കു നൽകാതെ പൊള്ളാച്ചി തൈകൾ നൽകി കർഷകരെ കബളിപ്പി‍ക്കുകയും വൻ ലാഭമുണ്ടാ‍ക്കുകയുമാണ് സർവകലാശാല ചെയ്യുന്നതെന്നും ആരോപണമുണ്ട്. അതേസമയം, ഗുണ‍മേന്മ ഉറപ്പാക്കിയാണു വിത്തു തേങ്ങ‍ വാങ്ങുന്നതെന്നു സർവകലാശാല ഗവേഷണ വിഭാഗം അറിയിച്ചു.

മാനദണ്ഡങ്ങൾ പാലിക്കാതെ

വിത്തുതേങ്ങ നൽകാൻ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നാളികേര കർഷകരുടെ ക്ലസ്റ്റർ ഉണ്ട്. വടകര, കുറ്റ്യാടി മേഖലകളിൽനിന്നാണു കേരളത്തിൽ ഏറ്റവും നല്ല വിത്തുതേങ്ങ ലഭിക്കുന്നത്. വിത്തുതേങ്ങ ശേഖരിക്കുമ്പോൾ ലക്ഷണമൊത്ത മാതൃവൃക്ഷങ്ങൾ നേരിട്ടു വിലയിരുത്തണമെന്നും തേങ്ങ നിലത്തു വീഴാതെ കെട്ടി‍യിറക്കണമെന്നുമാണു നിർദേശം. ഇവ പാലിക്കാതെയാണ് പൊള്ളാച്ചിയിൽ നിന്നു വിത്തുതേങ്ങ ശേഖരിക്കുന്നത് എന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com