ADVERTISEMENT

സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷി നാശം സംഭവിച്ച കർഷകർക്ക് സാധ്യമായ രീതിയിലുള്ള എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നും നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൂട്ടിക്കൽ ഉൾപ്പെടെ ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സന്ദർശിച്ചു. കൊക്കയാർ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു. എംഎൽഎമാരായ വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവരും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കോട്ടയം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിലെ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി സൂചിപ്പിച്ചു. കൃഷിഭൂമി തന്നെ നഷ്ടപ്പെട്ടുപോയ സംഭവങ്ങൾ പലയിടങ്ങളിലും ഉണ്ട്. കൃഷിനാശത്തിന്റെ  കൃത്യ മായ കണക്കെടുപ്പ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. കൃഷി നാശനഷ്ടങ്ങൾ കർഷകർക്ക് ഓൺലൈനായോ, അക്ഷയകേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവ മുഖേനയോ  രേഖപ്പെടുത്തുന്നതിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്.

കൃഷിനാശമുണ്ടായി 10 ദിവസത്തിനകം തന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ബന്ധപ്പെട്ട അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് 30  ദിവസത്തിനകം തന്നെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി അർഹമായ ആനുകൂല്യത്തിനുള്ള ശുപാർശ സർക്കാരിലേക്ക് കൈമാറുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കൃഷിവകുപ്പിന് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കൃഷി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

agri-minister
ചിത്രം: ഫാം ഇൻഫർമേഷൻ ബ്യൂറോ

മണ്ണിടിച്ചിലിലും, ഉരുൾപൊട്ടലിലും കൃഷി ഭൂമിക്കുണ്ടായ കേടുപാടുകൾ തീർത്ത് അവയെ പൂർവനിലയിൽ ആക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കും. മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുവേണ്ട പ്രവർത്തനങ്ങൾ ആലോചിച്ചു തീരുമാനിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള  സാധ്യത സർക്കാർതലത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ  സോമൻ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രാഥമിക കണക്ക് പ്രകാരം ഇടുക്കി ജില്ലയിൽ 281 ഹെക്ടർ കൃഷി ഭൂമിയാണ് നശിച്ചിട്ടുള്ളത്. 9.20 കോടിരൂപയുടെ നാശനഷ്ടവും കണക്കാക്കപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിൽ 5742 ഹെക്ടർ സ്ഥലത്തായി 59.3 കോടി രൂപയുടെ  നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, ഇടയാർ, ഇളംകാട് എന്നിവയും ഇടുക്കിജില്ലയിലെ അമലഗിരി, നിർമലഗിരി, നാരകം പുഴ, പൂപഞ്ചി,  കൊടികുത്തി എന്നീ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു.

English summary:  Kerala Agriculture Minister Visits Flood-Affected Areas in Idukki, Kottayam Districts

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com